ബംഗളൂരു - അഞ്ച് രാജ്യങ്ങളിലെ ആറ് ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് വോളിബോള്‍ ലോകകപ്പ് ബുധനാഴ്ച ബംഗളൂരുവില്‍ തുടങ്ങും. ഇന്റര്‍നാഷനല്‍ വോളിബോളിലെ ഈ സീസണിലെ അവസാന ടൂര്‍ണമെന്റാണ് ഇത്. പത്തിനാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയിലെ സിര്‍സികോമ പെറൂജിയയുള്‍പ്പെടെ ടീമുകള്‍ മത്സരിക്കും. ആദ്യമായി ഇന്ത്യയില്‍ നിന്നൊരു ടീമും ലോകകപ്പില്‍ കളിക്കും. പ്രൈംവോളി ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്റേഴ്‌സ്. തുര്‍ക്കിയിലെ ഹള്‍ക്ബാങ്ക്‌സ്‌പോര്‍ കുലൂബു, ബ്രസീലിലെ സദാ ക്രുസേരിയൊ വോളി, ഇറ്റാംബെ മിനാസ്, ജപ്പാനിലെ സുന്റ്റോറി സണ്‍ബേഡ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍.
ഇറ്റാലിയന്‍ സെറ്റര്‍ സിമോണി ജിയാനെല്ലി, പോളിഷ് ഹിറ്റര്‍മാരായ വില്‍ഫ്രഡൊ ലിയോണ്‍, കാമില്‍ സെമെനിയൂക് തുടങ്ങിയ പ്രമുഖ കളിക്കാരുമായാണ് പെറൂജിയയുടെ വരവ്. തുര്‍ക്കി ടീം കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു. ഒളിംപിക്‌സിലെ മികച്ച കളിക്കാരനായിരുന്ന ഫ്രഞ്ച് താരം ഈര്‍വിന്‍ എന്‍ഗാപേത്, ഡച്ച് താരം നിമിര്‍ അബ്ദുല്‍അസീസ് എന്നിവര്‍ അവരുടെ നിരയിലുണ്ട്. ക്രുസേരിയൊ പതിനൊന്നാം തവണയാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. നാലു തവണ ചാമ്പ്യന്മാരായി. നിരവധി ബ്രസീല്‍ ദേശീയ താരങ്ങള്‍ അവരുടെ നിരയിലുണ്ട്. ബ്രസീലിന്റെ ഒളിംപിക് ചാമ്പ്യന്മാരായ വലാസ് ഡിസൂസ, ലുക്കാസ് സാറ്റ്കാംപ്, ക്യൂബന്‍ ഹിറ്റര്‍ മിഗ്വേല്‍ ആഞ്ചല്‍ ലോപസ് എന്നിവരാണ് പ്രമുഖര്‍. ബ്രസീല്‍ ദേശീയ ടീമംഗം മൈഖ് നാസിമെന്റൊ, നാലു തവണ ലോക ചാമ്പ്യനായ ഐസക് സാന്റോസ് എന്നിവര്‍ അവരുടെ നിരയിലുണ്ട്. സണ്‍ബേഡ്‌സ് ഏഷ്യന്‍ ചാമ്പ്യന്മാരാണ്. ഒളിംപിക് ചാമ്പ്യന്‍ ദിമിത്രി മുസേര്‍സ്‌കി നയിക്കുന്ന ടീമില്‍ ജപ്പാന്റെ യുവപ്രതിഭകളായ തായിഷി ഒനോദേര, മസാകി ഓയ, കെനിയ ഫുജിനാക്ക എന്നിവരുണ്ട്.
അംഗമുത്തു രാമസ്വാമിയിലും സന്തോഷ് ആന്റണി രാജുവിലുമാണ് അഹമ്മദാബാദിന്റെ പ്രതീക്ഷ. മുത്തുസ്വാമി അപ്പാവുവാണ് ക്യാപ്റ്റന്‍. തമിള്‍വണ്ണന്‍ ശ്രീകാന്ത്, രാമനാഥന്‍ രാമമൂര്‍ത്തി, ഓസ്‌ട്രേലിയന്‍ താരം മാക്‌സ് സെനിക്ക, അമിത് ഗൂലിയ, അസ്മതുല്ല, നന്ദഗോപാല്‍ സുബ്രമണ്യം, മലയാളി താരം ഷമീമുദ്ദീന്‍ എ, അശ്വല്‍ റായ്, ശ്രാജന്‍ യു ഷെട്ടി, മനോജ് മഞ്ജുനാഥ, മോഹന്‍ ഉക്രപാണ്ഡ്യന്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ദക്ഷിണമൂര്‍ത്തി സുന്ദരേശന്‍ ടീമിനെ പരിശീലിപ്പിക്കും.
മൂന്ന് ടീമുകള്‍ വീതമുള്ള പൂളില്‍ നിന്ന് രണ്ട് ടീമുകള്‍ വീതം സെമിഫൈനലിലേക്ക് മുന്നേറും. പെറൂജിയ, മിനാസ് ടീമുകളാണ് അഹമ്മദാബാദിന്റെ പൂളില്‍. മിനാസിനെതിരെയാണ് ആദ്യ മത്സരം.






