മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം പോരാട്ടം പ്രതീക്ഷക്കൊത്തുയര്‍ന്നു. ലീഡുകള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടം 3-3 സമനിലയില്‍ അവസാനിച്ചു. എന്നാല്‍ വിവാദം കത്തിപ്പടര്‍ന്നത് കളിയിലെ ഏറ്റവും അവസാനത്തെ വിധി സംബന്ധിച്ചാണ്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജാക്ക് ഗ്രീലിഷ് ടോട്ടനം ഗോള്‍മുഖത്തേക്ക് പായവെ സിറ്റിക്കനുകൂലമായ ഫൗള്‍ കിക്കിനായി റഫറി വിസില്‍ മുഴക്കി. ഫൗള്‍ കിക്കെടുത്തയുടന്‍ ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. സാധാരണ ഇത്തരം അവസ്ഥയില്‍ ഫൗള്‍ ചെയ്യപ്പെട്ട ടീമിന് അനുകൂലമായി നില്‍ക്കേണ്ടതായിരുന്നു റഫറി.
ഇഞ്ചുറി ടൈമില്‍ എര്‍ലിംഗ് ഹാളന്റിനെ ടോട്ടനം ഡിഫന്റര്‍ എമേഴ്‌സന്‍ റോയല്‍ ഫൗള്‍ ചെയ്ത് വീഴ്ത്താന്‍ ശ്രമിച്ചതായിരുന്നു. നിയന്ത്രണം വിട്ടെങ്കിലും പന്ത് മധ്യവരക്കപ്പുറത്തുള്ള ഗ്രീലിഷിന് പാസ് ചെയ്യാന്‍ ഹാളന്റിന് സാധിച്ചു. പ്രതിരോധം പിളര്‍ത്തിക്കിട്ടിയ പാസുമായി കുതിക്കാന്‍ ഗ്രീലിഷ് ഒരുങ്ങവെ റഫറി സൈമണ്‍ ഹാര്‍പര്‍ വിസില്‍ വിളിച്ചു. പ്രതിഷേധിച്ച ഹാളന്റിനെ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. റഫറി മാഞ്ചസ്റ്റര്‍ സിറ്റി കളിക്കാരനായിരുന്നുവെങ്കില്‍ അദ്ദേഹവും നിരാശനായേനേ എന്നാണ് കോച്ച് പെപ് ഗാഡിയോള പറഞ്ഞത്.
ആവേശകരമായിരുന്നു മത്സരം. ആറാം മിനിറ്റില്‍ സോന്‍ ഹ്യുംഗ് മിന്നിലൂടെ ആദ്യ ആക്രമണത്തില്‍ ടോട്ടനം ലീഡ് നേടി. എന്നാല്‍ ഒമ്പതാം ഫ്രീകിക്കിനിടെ അലക്ഷ്യമായി സോന്‍ സ്വന്തം വലയിലേക്ക് പന്ത് തിരിച്ചുവിട്ടു. പിന്നീട് പലതവണ സിറ്റിയുടെ ആക്രമണങ്ങള്‍ ടോട്ടനം പോസ്റ്റില്‍ തട്ടിത്തെറിച്ചു. 31ാം മിനിറ്റില്‍ യൂലിയന്‍ അല്‍വരേസ് നല്‍കിയ സമര്‍ഥമായ പാസില്‍ ഫില്‍ ഫോദന്‍ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. ഇടവേളക്കു ശേഷം ജിയോവാനി ലോസെല്‍സോയിലൂടെ ടോട്ടനം ഒപ്പമെത്തി. 81ാം മിനിറ്റില്‍ ഗ്രീലിഷ് സിറ്റിയുടെ ലീഡ് വീണ്ടെടുത്തെങ്കിലും 90ാം മിനിറ്റില്‍ ദേയാന്‍ കുലുസേവ്‌സ്‌കി തിരിച്ചടിച്ചു.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സിറ്റി സമനില വഴങ്ങുന്നത്. ആഴ്‌സനലിന് മൂന്നു പോയന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് സിറ്റി. ഫുള്‍ഹമിനെ 4-3 ന് തോല്‍പിച്ച് ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്കു കയറി. 80ാം മിനിറ്റ് വരെ ലിവര്‍പൂള്‍ 2-3 ന് പിന്നിലായിരുന്നു.
സിറ്റി കഴിഞ്ഞ മൂന്നു കളിയില്‍ എട്ട് ഗോള്‍ വഴങ്ങി. ചെല്‍സിയുമായി 4-4 സമനിലയും ലിവര്‍പൂളുമായി 1-1 സമനിലയും സമ്മതിച്ചിരുന്നു അവര്‍. ടോട്ടനം അജയ്യരായി മുന്നേറിയ ശേഷം കഴിഞ്ഞ മൂന്നു കളികള്‍ തോറ്റിരുന്നു.






