ന്യൂകാസില്‍ - നിരവധി പ്രമുഖ കളിക്കാര്‍ പരിക്കേറ്റ് വിട്ടുനില്‍ക്കുന്നതിന്റെ പ്രതിസന്ധിയിലും ആവേശം ചോരാതെ പൊരുതിയ ന്യൂകാസില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ 1-0 ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തി. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ഒരേ പ്ലേയിംഗ് ഇലവനെ കളിപ്പിക്കേണ്ടി വന്നുവെങ്കിലും ആധികാരികമായ പ്രകടനമാണ് ന്യൂകാസില്‍ കാഴ്ചവെച്ചത്. ഒരേസമയം ന്യൂകാസിലിന്റെ പോരാട്ടവീര്യവും യുനൈറ്റഡിന്റെ തളര്‍ച്ചയും വ്യക്തമാക്കുന്നതായിരുന്നു മത്സരം. നേരിയ, കഷ്ടിച്ച് നേടിയ വിജയങ്ങളിലൂടെ കഴിഞ്ഞ മത്സരങ്ങളില്‍ പിടിച്ചുനിന്ന യുനൈറ്റഡിന് ചുറുചുറുക്കുള്ള ന്യൂകാസിലിന്റെ പടയോട്ടത്തില്‍ കാലിടറി. അമ്പത്തഞ്ചാം മിനിറ്റില്‍ ആന്റണി ഗോര്‍ഡനാണ് ഗോളടിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ വിവാദത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട വിവാദ ഇഞ്ചുറി ടൈം പെനാല്‍ട്ടി ഗോളില്‍ പാരിസില്‍ പി.എസ്.ജിയോട് സമനില വഴങ്ങിയ ന്യൂകാസില്‍ അതിന് മുമ്പിലും പിമ്പിലുമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെയും യുനൈറ്റഡിനെയും തോല്‍പിച്ചിരിക്കുകയാണ്. അമ്പരപ്പിക്കുന്നതാണ് ഈ നേട്ടം. ഒരേ പ്ലേയിംഗ് ഇലവനാണ് മൂന്നു കളിയിലും ഇറങ്ങിയത്.
ഈ കളിയില്‍ ഒരാള്‍ക്കു കൂടി പരിക്കേറ്റു, ചുമല്‍ തെറ്റി 86ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ നിക് പോപ്പ് കളം വിട്ടു. രണ്ടക്കത്തിലാണ് പരിക്കേറ്റവരുടെ സംഖ്യ. അഞ്ചാം സ്ഥാനത്താണ് ന്യൂകാസില്‍. ആഴ്‌സനലിനെക്കാള്‍ ഏഴ് പോയന്റ് പിന്നില്‍. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച യുനൈറ്റഡ് ഏഴാം സ്ഥാനത്തു നില്‍ക്കുന്നു. ഒരു ഷോട്ട് മാത്രമാണ് അവര്‍ ഗോളിലേക്കു പായിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഗലതസറായിക്കെതിരെ കഴിഞ്ഞ കളിയില്‍ 3-3 സമനില നേടിയിരുന്നു യുനൈറ്റഡ്.






