ജിദ്ദ നെക്‌സ്റ്റ് ജെന്‍ ടെന്നിസ്: ഫില്‍സ്, ഹമദ് ഫൈനല്‍

ജിദ്ദ - ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സും സെര്‍ബിയയുടെ ഹമദ് മെദിയദോവിച്ചും അണ്ടര്‍-21 നെക്‌സ്റ്റ് ജെന്‍ എ.ടി.പി ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടും. പ്രതാപകാലത്തിലേക്ക് തിരിച്ചുപോവാന്‍ ഫ്രഞ്ച് ടെന്നിസ് പ്രതീക്ഷയര്‍പ്പിക്കുന്ന കളിക്കാരനാണ് ഫില്‍സ്. നോവക് ജോകോവിച്ചിനു ശേഷം സെര്‍ബിയന്‍ ടെന്നിസിന്റെ പതാകയേന്തുമെന്ന് കരുതുന്ന കളിക്കാരനാണ് ഹമദ്. 
ടോപ് സീഡായ പത്തൊമ്പതുകാരന്‍ ഫില്‍സ് സെമിയില്‍ രണ്ടാം സീഡായ സ്വന്തം നാട്ടുകാരന്‍ ലൂക് വാന്‍ ആഷെയെ 2-4, 4-1, 4-3 (7-1), 4-3 (7-6) ന് തോല്‍പിച്ചു. ആറാം സീഡ് ഹമദ് മെദിയദോവിച്ചിനെതിരായ സെമിയില്‍ അമേരിക്കയുടെ ഡൊമിനിക് സ്ട്രിക്കര്‍ പാതിവഴിയില്‍ പിന്മാറി. ഇരുപതുകാരന്‍ ഹമദ് 4-3 (7-5), 2-1 ന് ലീഡ് ചെയ്യുകയായിരുന്നു. ഹമദും ഫില്‍സും തുടര്‍ച്ചയായി നാലാമത്തെ കളിയാണ് ജയിക്കുന്നത്. ഫില്‍സ് ലോക റാങ്കിംഗില്‍ 36ാം ്സ്ഥാനത്താണ്, ഹമദ് 110ാം സ്ഥാനത്തും. രണ്ട് പതിറ്റാണ്ടിനിടയില്‍ ഒരു എ.ടി.പി കിരീടം നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ചുകാരനാണ് ഫില്‍സ്, ഈ വര്‍ഷമാദ്യം ലിയോണ്‍ ടൂര്‍ണമെന്റിലാണ് നേട്ടം. 

Latest News