വീണ്ടും അതു തന്നെ ചെയ്യും, കുറ്റബോധമില്ലാതെ മിച്ചല്‍ മാര്‍ഷ്

സിഡ്‌നി - ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയില്‍ കാലെടുത്തു വെച്ചത് വലിയ അപരാധമായി ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയെങ്കിലും തരിമ്പും കുലുക്കമില്ലാതെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്. ലോകകപ്പ് വിജയത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് മിച്ചലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയക്കാര്‍ ട്രോഫിയെ പുണ്യവസ്തുവായി കണക്കാക്കിയില്ലെങ്കിലും ഇന്ത്യയില്‍ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. 
കാലെടുത്തു വെച്ചത് ട്രോഫിയെ അനാദരിക്കലായി കരുതുന്നില്ലെന്ന് മിച്ചല്‍ പറഞ്ഞു. അങ്ങനെയൊന്നും ചിന്തിച്ചിട്ടു പോലുമില്ല. സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാനും പോയിട്ടില്ല. എങ്കിലും അത് വല്ലാതെ പ്രചരിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു. അതില്‍ വലിയ കാര്യമൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇനി അങ്ങനെ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍, സത്യം പറഞ്ഞാല്‍ അങ്ങനെ ചെയ്‌തേക്കാമെന്നായിരുന്നു മറുപടി. 
മിച്ചലിന്റെ ചിത്രം കണ്ട് വല്ലാതെ മുറിവേറ്റുവെന്നാണ് ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ മുഹമ്മദ് ഷമി പ്രതികരിച്ചത്. എല്ലാവരും തലയിലേറ്റാനാഗ്രഹിക്കുന്ന കപ്പിനു മേല്‍ കാലെടുത്തുവെച്ചത് സന്തോഷം പകരുന്ന കാഴ്ചയല്ലെന്നും ഷമി പറഞ്ഞിരുന്നു. 
ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര പോലെ വലിയ മത്സരങ്ങള്‍ സംഘടിപ്പിച്ചത് ഉചിതമായില്ലെന്നും മിച്ചല്‍ തുറന്നടിച്ചു. കിരീടം നേടിയ കളിക്കാര്‍ക്ക് ആഘോഷിക്കാന്‍ അവസരം നല്‍കണമെന്നും കുടുംബം അവരെ കാത്തിരിക്കുകയാണെന്നും ഓള്‍റൗണ്ടര്‍ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കുന്നത് വലിയ അംഗീകാരമാണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് വലിയ പ്രാധാന്യവുമുണ്ട്. പക്ഷെ കളിക്കാരും മനുഷ്യരാണ് -മിച്ചല്‍ അഭിപ്രായപ്പെട്ടു.
 

Latest News