ക്യാപ്റ്റന് സെഞ്ചുറി, ബംഗ്ലാദേശിന് മേല്‍ക്കൈ

സില്‍ഹേറ്റ് - നാല് ഇന്നിംഗ്‌സില്‍ മൂന്നാം തവണ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡൊ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് മേല്‍ക്കൈ. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് വഴങ്ങിയ ആതിഥേയര്‍ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 212 ലെത്തി. ഏഴു വിക്കറ്റ് ശേഷിക്കെ സുരക്ഷിതമായ 205 റണ്‍സ് ലീഡ്. മൂന്നാം ദിനം അവസാന ഓവറില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഷാന്‍ഡൊ 104 റണ്‍സുമായി ക്രീസിലുണ്ട്. 
26 റണ്‍സെടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ബംഗ്ലാദേശ് പരുങ്ങുകയായിരുന്നു. അഭേദ്യമായ നാലാം വിക്കറ്റില്‍ മുന്‍ നായകന്‍ മുശ്ഫിഖുറഹീമുമൊത്ത് (43 നോട്ടൗട്ട്) ഇതുവരെ ഷാന്‍ഡൊ 96 റണ്‍സ് ചേര്‍ത്തു. മുഅ്മിനുല്‍ ഹഖുമായി (40) മൂന്നാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എങ്കിലും രണ്ട് റണ്ണൗട്ടുകള്‍ക്ക് കാരണക്കാരനായി. ഓപണര്‍ മഹമൂദുല്‍ ഹസന്‍ ജോയിയുടെയും (8), മുഅ്മിനുല്‍ ഹഖിന്റെയും. 
ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ഷാന്‍ഡൊ സെഞ്ചുറിയടിച്ചിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന മത്സരത്തില്‍ ആദ്യമായാണ് ഒരു ബംഗ്ലാദേശ് താരം സെഞ്ചുറി നേടുന്നത്.  
നേരത്തെ അവശേഷിച്ച രണ്ടു വിക്കറ്റില്‍ ന്യൂസിലാന്റ് 53 റണ്‍സ് ചേര്‍ത്തു. രാവിലെ എട്ടിന് 266 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ടിം സൗതിയും കയ്ല്‍ ജാമിസനും ഒരു മണിക്കൂറിലേറെ പിടിച്ചുനിന്നു. രണ്ടു പേരെയും ഒരോവറില്‍ മുഅ്മിനുല്‍ ഹഖാണ് പുറത്താക്കിയത്. ഹഖ് നാല് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 

Latest News