ഇന്ത്യ x ഓസ്‌ട്രേലിയ
നാലാം ട്വന്റി20
റായ്പൂര്‍, നാളെ വൈകു: 4.30
റായ്പൂര്‍ - ഇന്ത്യക്കെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ അടിമുടി മാറി ഓസ്‌ട്രേലിയ. കഴിഞ്ഞ കളിയില്‍ അദ്ഭുത സെഞ്ചുറിയിലൂടെ ടീമിന് അവിശ്വസനീയ വിജയം നേടിക്കൊടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ഉള്‍പ്പെടെ പ്രമുഖ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങി. ലോകകപ്പ് കളിച്ച ടീമില്‍ നിന്ന് ട്രാവിസ് ഹെഡിനെ മാത്രമാണ് ഓസ്‌ട്രേലിയ നിലനിര്‍ത്തിയത്. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യക്ക് പരമ്പര നേടാനുള്ള രണ്ടാം അവസരമാണ് ഇത്. 2024 ലെ ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നിരവധി യുവ താരങ്ങളെ പരീക്ഷിക്കുകയാണ് ഇരു ടീമുകളും.
ആദ്യ മൂന്നു കളികളിലെന്ന പോലെ റായ്പൂരിലും ബാറ്റിംഗ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. 123 ബൗണ്ടറിയും 65 സിക്‌സറുകളും ഇതുവരെ പരമ്പരയില്‍ ഒഴുകിക്കഴിഞ്ഞു.
കഴിഞ്ഞ കളിയില്‍ മാക്‌സ്‌വെലില്‍ നിന്ന് കനത്ത പ്രഹരമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചത്. പ്രത്യേകിച്ചും പ്രസിദ്ധ് കൃഷ്ണക്കും അര്‍ഷദീപ് സിംഗിനും. രവി ബിഷ്‌ണോയിയും അക്ഷര്‍ പട്ടേലും നന്നായി തുടങ്ങിയെങ്കിലും മഞ്ഞുവീഴ്ചയാരംഭിച്ചതോടെ അവര്‍ക്കും കണക്കിന് കിട്ടി. ടീമിനൊപ്പം ചേര്‍ന്ന പെയ്‌സ്ബൗളര്‍മാരായ ദീപക് ചഹറിനും മുകേഷ്‌കുമാറിനും അവസരം നല്‍കിയേക്കും. മുകേഷ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയതാണ്.
ഇന്റര്‍നാഷനല്‍ ക്രിക്കറ്റിന് വേദിയൊരുക്കുന്ന ഇന്ത്യയുടെ അമ്പതാമത്തെ വേദിയാണ് റായ്പൂര്‍. ഈ വര്‍ഷമാദ്യമാണ് അവിടെ ആദ്യ കളി അരങ്ങേറിയത്. ഏകദിനത്തില്‍ ന്യൂസിലാന്റിനെ ഇന്ത്യ തോല്‍പിച്ചു ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഇത്. 65,000 പേര്‍ക്ക് കളി കാണാം.