സന്തോഷ് ട്രോഫി:  കേരളം മരണ ഗ്രൂപ്പില്‍ 

ന്യൂദല്‍ഹി - എഴുപത്തേഴാമത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം മരണ ഗ്രൂപ്പില്‍. മുന്‍ ചാമ്പ്യന്മാരായ കേരളവും ഗോവയും സര്‍വീസസുമടങ്ങുന്നതാണ് ഗ്രൂപ്പ് എ. കൂടെ ആതിഥേയരായ അരുണാചല്‍പ്രദേശും കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച മേഘാലയയും അസമും. നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക, മഹാരാഷ്ട്ര, ദല്‍ഹി, മണിപ്പൂര്‍, മിസോറം, റെയില്‍വേസ് ടീമുകളാണ് ഗ്രൂപ്പ് ബി-യില്‍. അടുത്ത വര്‍ഷം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 9 വരെയായിരിക്കും ഫൈനല്‍ റൗണ്ട്. 
പ്രാഥമിക റൗണ്ടില്‍ നിന്ന് 12 ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. ഗോവയും ദല്‍ഹിയും മണിപ്പൂരും അസമും സര്‍വീസസും മഹാരാഷ്ട്രയും പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും മിസോറമും റെയില്‍വേസും ഫൈനല്‍ റൗണ്ടിലെത്തിയത്. ആതിഥേയരെന്ന നിലയില്‍ അരുണാചല്‍പ്രദേശും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളെന്ന നിലയില്‍ കര്‍ണാടക, മേഘാലയ ടീമുകള്‍ക്കും നേരിട്ട് പ്രവേശനം നല്‍കി.
1941 നു ശേഷം ആദ്യമായാണ് അരുണാചല്‍പ്രദേശില്‍ സന്തോഷ് ട്രോഫി നടക്കുക. രണ്ട് ഗ്രൂപ്പില്‍ നിന്നും നാല് വീതം ടീമുകള്‍  ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. 

Latest News