ജിദ്ദ നെക്‌സ്റ്റ് ജെന്‍ ടെന്നിസ്: ഫില്‍സ്, ഹമദ് മുന്നോട്ട്

ജിദ്ദ - ഫ്രഞ്ച് താരം ആര്‍തര്‍ ഫില്‍സും സെര്‍ബിയയുടെ ഹമദ് മെദിയദോവിച്ചും അണ്ടര്‍-21 നെക്‌സ്റ്റ് ജെന്‍ എ.ടി.പി ടെന്നിസ് ടൂര്‍ണമെന്റില്‍ വിജയം തുടരുന്നു. ടോപ് സീഡായ പത്തൊമ്പതുകാരന്‍ ഫില്‍സ് 4-1, 4-2, 4-2 ന് ഇറ്റലിയുടെ ഫ്‌ലാവിയൊ കോബോലിയെയും മെദിയദോവിച് ആവേശകരമായ നാ ല് സെറ്റില്‍ 4-2, 2-4, 4-3 (7-5), 4-1 ന് ഫ്രഞ്ച് താരം ലൂക്ക വാന്‍ ആഷെയെയും തോല്‍പിച്ചു. 
ഗ്രീന്‍ ഗ്രൂപ്പില്‍ ഫില്‍സാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡോമിനിക് സ്റ്റിക്കര്‍ 4-1, 4-1, 4-2 ന് ലൂക്ക നാര്‍ദിയെ കീഴടക്കി. 
റെഡ് ഗ്രൂപ്പില്‍ മെദിയദോവിച്ചാണ് ഒന്നാം സ്ഥാനത്ത്. ജോര്‍ദാന്‍ താരം അബ്ദുല്ല ശില്‍ബായ അമേരിക്കന്‍ താരം അലക്‌സ് മിക്കിള്‍സനെ 4-2, 1-4, 4-0, 4-0 ന് തകര്‍ത്തു. 
നെക്സ്റ്റ് ജെന്‍ ടൂര്‍ണമെന്റിന് മാത്രമല്ല ഒരു എ.ടി.പി ടൂര്‍ണമെന്റിന് തന്നെ ആദ്യമായാണ് സൗദി അറേബ്യ വേദിയാവുന്നത്. ആദ്യ അമ്പത് റാങ്കിലുള്ള ഒരു കളിക്കാരനേ ടൂര്‍ണമെന്റിനുള്ളൂ, ഫില്‍സ്. ആദ്യ പത്തിലുള്ള കാര്‍ലോസ് അല്‍കാരസിനും ഹോള്‍ഗര്‍ റൂണെക്കും കളിക്കാമെങ്കിലും അവര്‍ പങ്കെടുക്കുന്നില്ല. ഇരുവരും വര്‍ഷാന്ത എ.ടി.പി ഫൈനല്‍സിന് യോഗ്യത നേടിയതിനാലാണ് ഇത്. ആദ്യ എട്ട് റാങ്കിലുള്ള കളിക്കാരാണ് എ.ടി.പി ഫൈനല്‍സില്‍ കളിക്കുക. ബെന്‍ ഷെല്‍റ്റന്‍, ലോറന്‍സൊ മസേറ്റി എന്നിവരും വിട്ടുനില്‍ക്കുകയാണ്.
 

Latest News