പി.എസ്.ജിയെ രക്ഷിച്ച് 98ാം മിനിറ്റിലെ പെനാല്‍ട്ടി

പാരിസ് - ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ കീലിയന്‍ എംബാപ്പെ നേടിയ പെനാല്‍ട്ടി ഗോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ന്യൂകാസില്‍ യുനൈറ്റഡിന് നിര്‍ണായക വിജയം നിഷേധിച്ചു. പി.എസ്.ജിയുമായി അവര്‍ 1-1 സമനില വഴങ്ങി. സമനില പി.എസ്.ജിയുടെ നോക്കൗട്ട് പ്രതീക്ഷ വര്‍ധിപ്പിക്കുകയും ന്യൂകാസിലിന്റെ സാധ്യതക്ക് മങ്ങലേല്‍പിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ പാദം 4-1 ന് ജയിച്ച ന്യൂകാസില്‍ മറ്റൊരു വിജയത്തിനരികെ വരെ എത്തിയതായിരുന്നു. അലക്‌സാണ്ടര്‍ ഐസകിന്റെ ഗോളില്‍ ഇരുപത്തഞ്ചാം മിനിറ്റ് മുതല്‍ അവര്‍ ലീഡ് ചെയ്യുകയായിരുന്നു. 
മറുപടി ഗോളിനായുള്ള പി.എസ്.ജിയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട അവസരത്തിലാണ് ഭാഗ്യമായി ടിനൊ ലിവ്‌റമെന്റോയുടെ ഹാന്റ്‌ബോള്‍ വന്നു വീഴുന്നത്. വീഡിയൊ പരിശോധിച്ച് റഫറി പെനാല്‍ട്ടിക്ക് വിസിലൂതി. എംബാപ്പെ അവസരം മുതലെടുത്തു. 
എ.സി മിലാനെ 3-1 ന് തകര്‍ത്ത ബൊറൂസിയ ഡോര്‍ട്മുണ്ടാണ് മരണ ഗ്രൂപ്പായ എഫില്‍ ഒന്നാം സ്ഥാനത്ത്. അവര്‍ നോക്കൗട്ടിലെത്തി. പി.എസ്.ജി രണ്ടാം സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡോര്‍ട്മുണ്ടില്‍ ബൊറൂസിയയെയാണ് പി.എസ്.ജി നേരിടേണ്ടത്. മിലാനെതിരെ ന്യൂകാസിലിന് ഹോം മത്സരമാണ്. പി.എസ്.ജി തോല്‍ക്കുകയാണെങ്കില്‍ മിലാനെ തോല്‍പിച്ച് ന്യൂകാസിലിന് മുന്നേറാം. 
 

Latest News