ഗുവാഹത്തി - ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ വെടിക്കെട്ട് തുടരുന്നു. ഓപണര്‍ യശസ്വി ജയ്‌സ്വാളും (6) ഇശാന്‍ കിഷനും (0) തുടക്കത്തിലെ പുറത്തായതോടെ പരുങ്ങിയ ഇന്ത്യയെ വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 200 കടത്തി. അവസാന മൂന്ന് പന്തുകള്‍ ഋതുരാജ് (57 പന്തില്‍ 123 നോട്ടൗട്ട്) ഇരട്ട സിക്‌സറിനും ബൗണ്ടറിക്കും പായിച്ചതോടെ മൂന്ന് വിക്കറ്റിന് ഇന്ത്യ 222 റണ്‍സെടുത്തു.
ഒമ്പതോവര്‍ പിന്നിടുമ്പോള്‍ 19 പന്തില്‍ 20 റണ്‍സ് മാത്രമായി മുന്നേറുകയായിരുന്ന ഋതുരാജ് പിന്നീട് ഓസീസ് ബൗളിംഗിനെ പിച്ചിച്ചീന്തി. അവസാന 38 പന്തില്‍ നേടിയത് 103 റണ്‍സായിരുന്നു. ആരണ്‍ ഹാര്‍ഡി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 25 റണ്‍സടിച്ചതോടെ 52 പന്തില്‍ അഞ്ച് സിക്‌സറും 11 ബൗണ്ടറിയുമായി സെഞ്ചുറി തികച്ചു. അഞ്ചാം സിക്‌സറിലൂടെ സെഞ്ചുറി പിന്നിട്ട ഋതുരാജ് ബൗണ്ടറിയോടെയാണ് അത് ആഘോഷിച്ചത്. നാലാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടില്‍ തിലക് വര്‍മയുടെ (24 പന്തില്‍ 31 നോട്ടൗട്ട്) സംഭാവന വെറും 21 റണ്‍സായിരുന്നു.
നേരത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമൊത്താണ് (29 പന്തില്‍ 39) ഋതുരാജ് ടീമിനെ കരയറ്റിയത്. സൂര്യകുമാറിനെ ഹാര്‍ഡി പുറത്താക്കി.
വിജയം അനിവാര്യമായ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ബൗണ്ടറിയോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനെ (6) ഇന്ത്യക്ക് രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടു. ജെയ്‌സന്‍ ബെഹറന്‍ഡോഫിനാണ് വിക്കറ്റ്. മൂന്ന് വൈഡുകള്‍ കണ്ട ആദ്യ ഓവറില്‍ ഇന്ത്യ 14 റണ്‍സെടുത്തിരുന്നു. ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡിനെ പ്ലേയിംഗ് ഇലവനിലുള്‍പെടുത്തി.
ആദ്യ രണ്ടു കളികളിലും മികച്ച പ്രകടനം കാഴ്ചവെച്ച പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാര്‍ മൂന്നാം മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനില്‍ ഇല്ല. പകരം അവേഷ് ഖാനെ ഉള്‍പെടുത്തി. മുകേഷ് ജീവിതത്തിലെ ഏറ്റവും പ്രധാന മാച്ചിന് പോയിരിക്കുകയാണെന്ന് ടോസ് വേളയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വെളിപ്പെടുത്തി. മുകേഷ്‌കുമാറിന് കല്യാണാവധിയാണ്. മുകേഷ്‌കുമാറിനു പകരം ദീപക് ചഹറിനെ പതിനഞ്ചംഗ ടീമിലുള്‍പെടുത്തി. മുകേഷ് ഗുവാഹത്തിയിലേക്ക് വന്നിട്ടില്ല.
രണ്ട് കളിയില്‍ ഒരു വിക്കറ്റേ എടുത്തിട്ടുള്ളൂ എങ്കിലും കൃത്യമായ യോര്‍ക്കറുകളിലൂടെ അവസാന ഓവറുകളില്‍ മുകേഷ് റണ്‍ നിയന്ത്രിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ മുകേഷ് 2019-20 രഞ്ജി സീസണില്‍ പത്തു കളികളില്‍ 32 വിക്കറ്റെടുത്താണ് ദേശീയ ശ്രദ്ധയിലേക്ക് വന്നത്.






