VIDEO - കിട്ടിയ പെനാല്‍ട്ടി വേണ്ടെന്ന് റൊണാള്‍ഡൊ, 10 പേരുമായി അന്നസ്ര്‍ നോക്കൗട്ടില്‍

റിയാദ് - മൂന്നാം മിനിറ്റില്‍ തനിക്കനുകൂലമായി റഫറി വിധിച്ച പെനാല്‍ട്ടി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ വേണ്ടെന്നു വെച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സപോളിസിനെതിരായ ലീഗ് മത്സരത്തിലാണ് പെനാല്‍ട്ടി ബോക്‌സില്‍ റൊണാള്‍ഡൊ വീണത്. റഫറി പെനാല്‍ട്ടി വിധിച്ചതോടെ പെര്‍സപോളിസ് കളിക്കാര്‍ എതിര്‍ത്തു. റൊണാള്‍ഡോയും അവര്‍ക്കനുകൂലമായി നിന്നു. റഫറി മാ നിംഗ് വീഡിയൊ പരിശോധിക്കുകയും തീരുമാനം തിരുത്തുകയും ചെയ്തു. പത്തു പേരുമായി കളിച്ച ഗോള്‍രഹിത സമനില നേടിയ അന്നസ്ര്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും നോക്കൗട്ടിലെത്തി 

പതിനേഴാം മിനിറ്റില്‍ മിലാദ് സര്‍ലാക്കിനെതിരെ ഡിഫന്റര്‍ അലി ലജ്മി അപകടകരമായ ടാക്ലിംഗിന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ അന്നസര്‍ പ്രതിരോധത്തിലായി. അവസാന മിനിറ്റുകളില്‍ കഴുത്തിന് പരിക്കേറ്റ് റൊണാള്‍ഡൊ പിന്മാറിയതും അന്നസ്‌റിന് ആശങ്ക സമ്മാനിച്ചു. ഇഞ്ചുറി ടൈം ആരംഭിക്കാന്‍ 13 മിനിറ്റ് ശേഷിക്കെ പെര്‍സപോളിസ് ഗോളി അലിരിസ ബെയരന്‍വന്തുമായി കൂട്ടിയിടിച്ചാണ് റൊണാള്‍ഡോക്ക് പരിക്കേറ്റത്. ഗ്രൂപ്പ് ഇ-യില്‍ അപരാജിതരായി അന്നസര്‍ ഒന്നാം സ്ഥാനത്തെത്തി. എല്ലാ മത്സരങ്ങളിലുമായി അവസാന 20 കളികളില്‍ പതിനെട്ടും അന്നസര്‍ ജയിച്ചിട്ടുണ്ട്. അന്നസ്‌റിന് സൗദി ലീഗില്‍ വെള്ളിയാഴ്ച ബദ്ധവൈരികളായ അല്‍ഹിലാലുമായി മത്സരമുണ്ട്. 
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഖത്തറിലെ അല്‍ദുഹൈല്‍ 2-0 ന് താജിക്കിസ്ഥാനിലെ ഇസ്തിഖ്‌ലോലിനെ തോല്‍പിച്ചു കെനിയന്‍ സ്‌ട്രൈക്കര്‍ മിഷേല്‍ ഒലുംഗയാണ് രണ്ടു ഗോളുമടിച്ചത്. 
ഗ്രൂപ്പ് സി-യില്‍ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് 2-1 ന് ഉസ്‌ബെക്കിസ്ഥാനിലെ എ.ജി.എം.കെയെ കീഴടക്കി. പുതിയ കോച്ച് മാഴ്‌സെലൊ ഗലാഡോയുടെ കീഴില്‍ ഇത്തിഹാദിന്റെ ആദ്യ വിജയമാണ് ഇത്. ഇത്തിഹാദും നോക്കൗട്ടിലേക്ക് മുന്നേറി. കരീം ബെന്‍സീമ നിരവധി അവസരങ്ങള്‍ പാഴാക്കിയെങ്കിലും നാലു മിനിറ്റിനിടെ അബ്ദുറസാഖ് ഹംദല്ല രണ്ടു തവണ എതിര്‍ വല കുലുക്കി. അവസാന മിനിറ്റുകളില്‍ മാര്‍ടിന്‍ ബോക്കിയെയാണ് ഉസ്‌ബെക് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്. 
 

Latest News