ഹാര്‍ദിക്കിനെ വാങ്ങാന്‍ മുംബൈ ഒഴിവാക്കിയത് 11 കളിക്കാരെ 

മുംബൈ - ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ചതു പോലെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതോടെ ഐ.പി.എല്‍ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകനായി ശുഭ്മന്‍ ഗില്ലിനെ നിയമിച്ചു. 2022 ലെ ആദ്യ സീസണില്‍ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. രണ്ട് സീസണിലും ടൈറ്റന്‍സായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാര്‍. ഗില്‍ ആദ്യമായാണ് ഐ.പി.എല്ലില്‍ ഒരു ടീമിനെ നയിക്കുക. നേരത്തെ ദുലീപ് ട്രോഫിയിലും ദേവ്ധര്‍ ട്രോഫിയിലും ടീമുകളെ നയിച്ചിട്ടുണ്ട്. 
ഗില്‍ 2018 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലാണ് ഐ.പി.എല്‍ ആരംഭിച്ചത്. 2022 ലെ ലേലത്തിന് മുമ്പ് അവര്‍ റിലീസ് ചെയ്തു. ടൈറ്റന്‍സ് ആദ്യ സീസണിലെ ലേലത്തിന് മുന്നോടിയായി ടീമിലുള്‍പ്പെടുത്തിയ മൂന്നു പേരിലൊരാളായിരുന്നു. ഹാര്‍ദിക്കിനെയും റാഷിദ് ഖാനെയും 15 കോടി രൂപ വീതം നല്‍കിയപ്പോള്‍ ഗില്ലിന് ഏഴ് കോടി രൂപയാണ് ലഭിച്ചത്. 2022 ലെ ഫൈനലില്‍ ടോപ്‌സ്‌കോററായിരുന്നു. 2023 സീസണില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്തു. മൂന്നു സെഞ്ചുറിയുള്‍പ്പെടെ 17 ഇന്നിംഗ്‌സില്‍ 890 റണ്‍സടിച്ചു. 
ഹാര്‍ദിക്കിന് 15 കോടി രൂപയാണ് മുംബൈ ഇന്ത്യന്‍സ് നല്‍കുക. കൂടാതെ ഗുജറാത്തിന് ലഭിക്കുന്ന ട്രാന്‍സ്ഫര്‍ തുകയുടെ പകുതിയും കളിക്കാരന് ലഭിക്കും. മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ യുവപ്രതിഭയായ ഹാര്‍ദിക് ടീം ഇന്ത്യ സ്റ്റാറായി വളര്‍ന്നുവെന്നും താരത്തെ മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന് തിരികെ ലഭിച്ചതില്‍ ആഹ്ലാദമുണ്ടെന്നും ടീം ഉടമ നിത അംബാനി പറഞ്ഞു. ഹാര്‍ദിക്കിനായി പണം കണ്ടെത്താന്‍ മലയാളി താരം സന്ദീപ് വാര്യരും ഇംഗ്ലണ്ട് പെയ്‌സര്‍ ജോഫ്ര ആര്‍ച്ചറുമുള്‍പ്പെടെ 11 കളിക്കാരെ റിലീസ് ചെയ്തു. ഇതുവഴി 15.25 കോടി രൂപ ലഭിച്ചു. കഴിഞ്ഞ ലേലത്തില്‍ പതിനേഴരക്കോടി രൂപക്ക് ടീമിലെടുത്ത ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ് കൈമാറിയാണ് ലേലത്തില്‍ ചെലവഴിക്കാനുള്ള തുക അവര്‍ കണ്ടെത്തിയത്. ലേലം ഡിസംബര്‍ 19 ന് യു.എ.ഇയിലാണ്. 

Latest News