Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവിസ്മരണീയ കലാ വിരുന്നൊരുക്കി ജിദ്ദയിൽ കെ.ഡി.പി.എ ഒമ്പതാം വാർഷികാഘോഷം

സംഗീത-നൃത്ത-ഹാസ്യ വിരുന്നൊരുക്കി കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ ജിദ്ദയുടെ (കെ.ഡി.പി.എ) ഒമ്പതാം വാർഷികാഘോഷം 'വസന്തോത്സവം' അവിസ്മരണീയമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന കലാ വിരുന്നിൽ നാട്ടിൽനിന്നെത്തിയ ഗായകരായ സുമി അരവിന്ദ്, സുമേഷ് അയിരൂർ ഹാസ്യ കലാകാരന്മാരായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, അൻസു കോന്നി എന്നിവർക്കൊപ്പം ജിദ്ദയിലേയും നിരവധി കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. 

സൗദി - ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. കെ.ഡി.പി.എ പ്രസിഡന്റ് അനിൽ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനീസ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ചെയർമാൻ നിസാർ യൂസുഫ് എരുമേലി ആശംസാ പ്രസംഗം നടത്തി. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും അകാലത്തിൽ പൊലിഞ്ഞ കെ.ഡി.പി.എ മുൻ പ്രസിഡന്റ് ദാസ്‌മോൻ തോമസിന്റെ മകൾ ഡോണ ദാസ്‌മോനും ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. 
കെ.ഡി.പി.എയുടെ ചരിത്രവും വഴിയടയാളങ്ങളും രേഖപ്പെടുത്തുന്ന വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ പത്ത്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കെ.ഡി.പി.എ കുടുംബാംഗങ്ങളുടെ മക്കൾക്കും 
കെ.ഡി.പി.എയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ച കെ.എസ്.എ. റസാഖ്, പ്രഥമ പ്രസിഡന്റും നിലവിലെ ചെയർമാനുമായ നിസാർ യൂസുഫ്, വസന്തോത്സവം പരിപാടി വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അനിൽ നായർ എന്നിവർക്കും  കോൺസൽ മുഹമ്മദ് ഹാഷിം മെമന്റോ നൽകി ആദരിച്ചു. 

 

നിരവധി ഹിറ്റ് ഗാനങ്ങളുമായി സുമിയും സുമേഷും നിറഞ്ഞാടിയപ്പോൾ വ്യത്യസ്തങ്ങളായ ഹാസ്യ വിരുന്നുമായി അഖിൽ കവലയൂരും തങ്കച്ചൻ വിതുരയും സദസ്സിനെ കൈയിലെടുത്തു. 
കുറഞ്ഞ സമയത്തിനിടയിൽ സ്റ്റേജിൽവെച്ചു തന്നെ വേഷംമാറി നിരവധി പ്രമുഖരുടെ വേഷവും ശബ്ദവും അനുകരിച്ച് അൻസു കോന്നി നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 


മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നതിനെതിരായി, കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത, സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത ലഘു നാടകത്തിൽ പ്രിയ സഞ്ജയൻ, അബ്ദുൽ റസാഖ്, സിറിയക് കുര്യൻ, സുഹൈൽ, ആശിഷ് ടി. രാജു, മനീഷ് കുടവെച്ചൂർ, റഫീഖ് യൂസുഫ് എന്നിവർ അഭിനേതാക്കളായി. 


കെ.ഡി.പി.എയുടേയും മറ്റ് മലയാളി സമൂഹത്തിലേയും അംഗങ്ങളും കുട്ടികളും അണിനിരന്ന സ്വാഗത ഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, തീം ഡാൻസ്, അറബിക് ഡാൻസ് തുടങ്ങി വിവിധ പരിപാടികൾ കലാ സന്ധ്യക്ക് കൊഴുപ്പേകി. 
മിർസാ ശരീഫ്, വിവേക് ജി. പിള്ള, അഭിലാഷ് സെബാസ്റ്റ്യൻ, മഞ്ജുഷ എന്നിവരും ഗാനങ്ങൾ ആലപിച്ചു.


മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ കോൺസലിന് ചെയർമാൻ നിസാർ യൂസുഫ് ആറന്മുളക്കണ്ണാടി ഉപഹാരമായി സമ്മാനിച്ചു. മറ്റ് വിശിഷ്ടാതിഥികൾക്കും പരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഉപഹാരങ്ങൾ കെ.ഡി.പി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ വിതരണം ചെയ്തു. 
ജുവി നൗഷിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, വിജയ് സാഗ്‌ന അമൽ, സജു രാജൻ, അൻഷിഫ് അബൂബക്കർ, നജീബ് വെഞ്ഞാറമൂട്,  അഞ്ജു ആശിഷ്, ജിനിൽ ജേക്കബ് എന്നിവരാണ് വിവിധ പരിപാടികൾ അണിയിച്ചൊരുക്കിയത്. 


ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായ സ്വർണ നാണയത്തിന് ഷമീൽ അർഹനായി. സജി കുര്യാക്കോസ്, നീനു എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്ക് അർഹമായി. കൂടാതെ അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. 
സദസ്സ്യർക്കായി അൻസു കോന്നി നടത്തിയ ഗെയിം ഷോയിൽ സലീന മുസാഫിർ, സോഫിയ സുനിൽ, ബഷീർ അലി പരുത്തിക്കുന്നൻ, എബി ചെറിയാൻ, അജോ ജോൺ എന്നിവർ ജേതാക്കളായി. 
വാർഷികാഘോഷത്തിന് വസന്തോത്സവം എന്ന പേര് നിർദേശിച്ച് വിജയിയായ റഫീഖ് യൂസുഫ് ലബ്ബയെ ആദരിച്ചു. 


വിജയ് സാഗ്‌ന അമൽ, നജീബ് വെഞ്ഞാറമൂട്, അഞ്ജു ആശിഷ് എന്നിവർ അവതാരകരായിരുന്നു. ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ മേഖലകളിലെ പ്രമുഖരുൾപ്പെടെ 1500 ഓളം പേർ പരിപാടികൾ വീക്ഷിക്കാനെത്തിയിരുന്നു. 


ട്രഷറർ പ്രസൂൺ ദിവാകരൻ വിവിധ വകുപ്പ് കൺവീനർമാരായ കെ.എസ്.എ. റസാഖ്, ദർശൻ മാത്യു, പ്രശാന്ത് തമ്പി എന്നിവരുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സിറിയക് കുര്യൻ, സാബു കുര്യാക്കോസ്, ആശിഷ്, റഫീഖ് യൂസുഫ്, അനന്തു എം. നായർ, മനീഷ് കുടവെച്ചൂർ, തൻസിൽ എം.എ, ജിജോ എം. ചാക്കോ, സിദ്ദീഖ് റഹീം, ഫസിലി ഹംസ, സാജിദ് ഈരാറ്റുപേട്ട, ആഷ അനിൽ, നിഷ നിസാർ, ആഷ്‌ന അനീസ്, ആഷ്‌ന തൻസിൽ, സുരേഖ പ്രസൂൺ, ഷാന്റി ജിജോ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. 


 

Latest News