സ്വദേശത്ത് മാത്രമല്ല വിദേശത്തും ജയിക്കാന്‍ കഴിയുന്ന ടീമാണെന്ന അവകാശവാദവുമായാണ് രവിശാസ്ത്രിയുടെയും വിരാട് കോഹ്‌ലിയുടെയും കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. രണ്ടാം ടെസ്റ്റിലെ വന്‍ പരാജയം ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ പൂര്‍ണമായും തുറന്നു കാട്ടി. ബാറ്റിംഗ് പിച്ചിലെ പുലികള്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ഭൂരിഭാഗവുമെന്ന ധാരണ ശക്തിപ്പെടുത്തുന്നതായി ഈ പരാജയങ്ങള്‍.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന രണ്ട് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം വലിയ ശുഭപ്രതീക്ഷക്ക് വക നല്‍കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ വീണ്ടും പഴയപടിയായി. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് പൊരുതിനില്‍ക്കാന്‍ സാധിച്ചത് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ കരുത്തില്‍ മാത്രമായിരുന്നു. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയും കാലിടറിയതോടെ പരാജയം സമ്പൂര്‍ണമായി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം പലരും ചൂണ്ടിക്കാട്ടിയത് സന്നാഹ മത്സരങ്ങളുടെ അഭാവത്തെക്കുറിച്ചാണ്. മൂന്നാം ടെസ്റ്റായപ്പോഴേക്കും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നു. എന്നിട്ടും അതേ പിഴവ് ഇംഗ്ലണ്ടില്‍ ആവര്‍ത്തിച്ചു. എസക്‌സിനെതിരെ ഒരു സന്നാഹ മത്സരമായിരുന്നു പദ്ധതിയിട്ടിരുന്നത്. ചതുര്‍ദിനം. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യം കാരണം അത് ത്രിദിനമാക്കി ചുരുക്കി. ആതിഥേയര്‍ നാലാം ദിനത്തിലെ ടിക്കറ്റുകള്‍ വിറ്റഴിച്ച ശേഷമായിരുന്നു ഈ നടപടി. പരമ്പരയില്‍ ഇതുവരെ കോഹ്‌ലിക്കും അശ്വിനും മാത്രമാണ് മുപ്പതിലേറെ സ്‌കോര്‍ ചെയ്യാനായത്. ഇംഗ്ലണ്ടിലെ അവസാന പത്ത് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ മാത്രമാണ് ടീം 200 കടന്നത്. രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ ഏക അര്‍ധ ശതക കൂട്ടുകെട്ട് അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലായിരുന്നു. ചേതേശ്വര്‍ പൂജാര പുറത്താവുന്ന രീതി ആശങ്കക്ക് വകനല്‍കുന്നതാണ്. ബൗള്‍ഡും റണ്ണൗട്ടും. മുരളി വിജയ്, കെ. എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ രണ്ടക്കത്തിലെത്താന്‍ പാടുപെടുകയാണ്.