ക്രിസ്റ്റിയാനൊ ലോംഗ്‌റെയ്ഞ്ചര്‍, അന്നസ്‌റിന് മിന്നും ജയം

റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ അന്നസ്ര്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് അല്‍അഖദൂദിനെ തകര്‍ത്തു. പതിമൂന്നാം മിനിറ്റില്‍ സാമി അല്‍നാജിയുടെ ഗോളില്‍ മുന്നിലെത്തിയ അന്നസ്ര്‍ അവസാന വേളയിലാണ് റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ കളി സുരക്ഷിതമാക്കിയത്. എഴുപത്തേഴാം മിനിറ്റില്‍ റൊണാള്‍ഡൊ രണ്ടാം ഗോളടിച്ചു. മൂന്നു മിനിറ്റിനു ശേഷം തകര്‍പ്പന്‍ ലോംഗ്‌റെയ്ഞ്ചറിലൂടെ റൊണാള്‍ഡൊ തന്നെ വീണ്ടും വല കുലുക്കി. റീബൗണ്ട് തന്റെ കാലില്‍ വീണത് സമര്‍ഥമായി നിയന്ത്രിക്കുകയും ഓടിവരുന്ന ഗോളിയുടെ തലക്കു മുകളിലൂടെ വലയിലേക്കുയര്‍ത്തുകയും ചെയ്തു. ലീഗില്‍ റൊണാള്‍ഡോക്ക് 15 ഗോളായി. അല്‍ഹിലാലിന് ഒരു പോയന്റ് പിന്നിലെത്തി അന്നസ്ര്‍.
നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് എവേ മത്സരത്തില്‍ ദമാമില്‍ അല്‍ഇത്തിഫാഖുമായി 1-1 സമനില വഴങ്ങി. ജോര്‍ജീനിയൊ വൈനാല്‍ഡത്തിലൂടെ 41ാം മിനിറ്റില്‍ ഇത്തിഫാഖ് ലീഡ് നേടിയെങ്കിലും ഇടവേള കഴിഞ്ഞയുടനെ അബ്ദുറസാഖ് ഹംദല്ല ഗോള്‍ മടക്കി. തുടര്‍ച്ചയായ അഞ്ചാമത്തെ കളിയിലും അത്തആവുന് വിജയം നേടാനായില്ല. ഹോം മത്സരത്തില്‍ അവര്‍ അല്‍റിയാദിനോട് 1-2 ന് തോറ്റു. അല്‍താഇ 4-3 ന് അല്‍റഅദിനെ തോല്‍പിച്ചു.
 

Latest News