ഗോകുലം x ചര്‍ച്ചില്‍
ഞായര്‍, വൈകു: 4.30
കോഴിക്കോട് - കഴിഞ്ഞ കളിയില്‍ ഷില്ലോംഗ് ലജോംഗിനോട് അപ്രതീക്ഷിത തോല്‍വി വാങ്ങിയ ഗോകുലം കേരള എഫ്.സി ഐ-ലീഗ് ഫുട്ബോളില്‍ സ്വന്തം തട്ടകത്തിന്റെ സുരക്ഷിതത്വത്തില്‍ തിരിച്ചെത്തുന്നു. ഞായറാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ് ഗോകുലത്തിന്റെ ഹോം മത്സരം. ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചുവരാന്‍ ഗോകുലത്തിന് വഴിയൊരുങ്ങും. തോറ്റാല്‍ ഏറെ പിന്നിലേക്ക് പോവും.
മുന്‍നിര സ്ഥാനങ്ങള്‍ക്കു വേണ്ടി കനത്ത പോരാട്ടമാണ് നടക്കുന്നത്. ആറു കളികളില്‍ അഞ്ചും ജയിച്ച മുഹമ്മദന്‍ സ്പോര്ടിംഗാണ് (16 പോയന്റ്) ഒന്നാം സ്ഥാനത്ത്. നാലു കളികള്‍ ജയിച്ച ശ്രീനിധി (13) ഡെക്കാന്‍ രണ്ടാം സ്ഥാനത്തുണ്ട്. നാലു ഗോളിനെങ്കിലും ജയിച്ചാലേ ഗോകുലത്തിന് (5 കളികളില്‍ 10) രണ്ടാം സ്ഥാനത്തേക്കുയരാനാവൂ. മൂന്ന് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങള്‍ തമ്മില്‍ മൂന്ന് പോയന്റിന്റെ വ്യത്യാസമേയുള്ളൂ. ചര്‍ച്ചില്‍ (5 കളികളില്‍ 7) ഒമ്പതാം സ്ഥാനത്താണ്.
ആദ്യ നാലു കളികളില്‍ അജയ്യരായിരുന്നു ഗോകുലം. ആദ്യ കളിയില്‍ കന്നിക്കാരായ ഇന്റര്‍ കാശിയുമായി സമനില വഴങ്ങിയ ശേഷം തുടര്‍ച്ചയായി മൂന്നു കളികള്‍ ഗോകുലം ജയിച്ചു.
ലജോംഗിനെതിരായ തോല്‍വിയില്‍ സസ്പെന്ഷന് കാരണം വിട്ടുനിന്ന ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ദബാസ് ചര്‍ച്ചിലിനെതിരെ തിരിച്ചെത്തും. കഴിഞ്ഞ കളിയില്‍ ട്രാവുവിനെ 4-0 ന് തകര്‍ത്ത ചര്‍ച്ചില്‍ ആ കുതിപ്പ് നിലനിര്‍ത്താനായിരിക്കും ശ്രമിക്കുക. ഗോകുലത്തിന്റെ അലക്സ് സാഞ്ചസാണ് ടോപ്സ്കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് (അഞ്ച് കളിയില്‍ എട്ട് ഗോള്‍).






