Sorry, you need to enable JavaScript to visit this website.

മൈ ലോഡ്(സ്), എന്തൊരു തോൽവി

മാൻ ഓഫ് ദ മാച്ച് ക്രിസ് വോക്‌സ് ഇംഗ്ലണ്ടിന്റെ വിജയാഘോഷത്തിന് നേതൃത്വം നൽകുന്നു.
  • വീണ്ടും തകർന്നു, ഇന്നിംഗ്‌സിനും 159 റൺസിനും തോറ്റു

ലണ്ടൻ - ആദ്യ ദിനം പൂർണമായും രണ്ടും നാലും ദിനങ്ങളിൽ ഭാഗികമായും മഴ തടസ്സപ്പെടുത്തിയിട്ടും ലോഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്‌സിന്റെയും 159 റൺസിന്റെയും കനത്ത തോൽവി. ഒരു ദിവസത്തിലേറെ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് തകർപ്പൻ വിജയം സ്വന്തമാക്കിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഇംഗ്ലണ്ടിന്റെ ടോപ്ക്ലാസ് ബൗളിംഗിനു മുന്നിൽ ഒന്നാം റാങ്ക് ടീമിന് പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ട് പെയ്‌സ്ബൗളർമാർ അരങ്ങുവാണ മത്സരത്തിൽ അവരുടെ സ്പിന്നർ ആദിൽ റഷീദ് ഒരു പന്ത് പോലുമെറിഞ്ഞില്ല. ആദ്യ ഇന്നിംഗ്‌സിൽ 107 ന് പുറത്തായ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സിൽ കൂടുതലൊന്നും മെച്ചപ്പെടാനായില്ല. 130 ന് പുറത്തായി. ഇംഗ്ലണ്ട് അഞ്ചു മത്സര പരമ്പരയിൽ 2-0 ന് മുന്നിലെത്തി.
ആറിന് 357 ൽ 250 റൺസ് ലീഡോടെ ഇന്നലെ ആദ്യ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് തലേ ദിനം ക്രീസിലുണ്ടായിരുന്ന സാം കറൺ (40) പുറത്തായതോടെ ഏഴിന് 396 ൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ക്രിസ് വോക്‌സ് 137 റൺസുമായി പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റ് ചെയ്യിക്കാൻ ഇന്ത്യ 291 റൺസ് നേടണമായിരുന്നു. എന്നാൽ ഇന്ത്യയുടെ തുടക്കം വീണ്ടും പാളി. മത്സരത്തിൽ രണ്ടാം തവണ സ്‌കോർ ബോർഡിൽ അക്കം തെളിയും മുമ്പെ മുരളി വിജയ്‌യെ (0) ഇന്ത്യക്ക് നഷ്ടമായി. പിന്നീടങ്ങോട്ട് മനോഹരമായി പന്തെറിഞ്ഞ ജെയിംസ് ആൻഡേഴ്‌സനും സ്റ്റുവാർട് ബ്രോഡും ഇന്ത്യയെ മുൾമുനയിൽ നിർത്തി. ഇരുവരും നാലു വീതം വിക്കറ്റെടുത്തു. രണ്ടു വിക്കറ്റോടെ വോക്‌സും വാലറ്റത്തെ നിരപ്പാക്കി. ഇശാന്ത് ശർമയെ ലെഗ്സ്ലിപ്പിൽ അരങ്ങേറ്റക്കാരൻ ഓലി പോപ്പിന്റെ കൈയിലെത്തിച്ച് വോക്‌സ് കളിയവസാനിപ്പിച്ചത് എന്തുകൊണ്ടും മത്സരത്തിന് പറ്റിയ പര്യവസാനമായി. ബെൻ സ്റ്റോക്‌സിന് കോടതിയിൽ ഹാജരാവേണ്ടി വന്നതിനാൽ മാത്രം അവസരം കിട്ടിയ വോക്‌സാണ് മാൻ ഓഫ് ദ മാച്ച്. ജോണി ബെയര്‍‌സ്റ്റോയുമൊത്തുള്ള വോക്‌സിന്റെ 189 റൺസാണ് കളിയിൽ വഴിത്തിരിവായത്. 
ഒരിക്കൽ കൂടി ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നുവെങ്കിലും ഇത്ര ഭീകരമായ തോൽവിക്ക് അത് ന്യായീകരണമായില്ല. മത്സരത്തിൽ മൊത്തം 170 ഓവർ മാത്രമാണ് ഇന്ത്യ ബാറ്റ് ചെയ്തത്. ലഞ്ചിനു ശേഷം ബ്രോഡിന്റെ ഉജ്വലമായ ബൗളിംഗാണ് ഇന്ത്യക്ക് കണ്ണടച്ച പ്രഹരമായത്. തുടർച്ചയായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും (17) ദിനേശ് കാർത്തികിനെയും (0) പുറത്താക്കിയ ബ്രോഡ് ആ സ്‌പെല്ലിൽ നാലു വിക്കറ്റെടുത്തു. ആർ. അശ്വിനായിരുന്നു (33) ഒരിക്കൽകൂടി ഇന്ത്യയുടെ ടോപ്‌സ്‌കോറർ. മൂന്നാം ടെസ്റ്റ് ട്രെന്റ്ബ്രിഡ്ജിൽ ശനിയാഴ്ച ആരംഭിക്കും. 
മഴ കാരണം ലഞ്ചിന് നേരത്തെ പിരിയുമ്പോഴേക്കും ഇന്ത്യ രണ്ടിന് 17 ലേക്ക് തകർന്നിരുന്നു. മുരളി വിജയ്‌യെ (0) ബൗൾഡാക്കിയ ആൻഡേഴ്‌സൻ സഹ ഓപണർ കെ.എൽ രാഹുലിനെ (10) വിക്കറ്റിനു മുന്നിൽ കുടുക്കി. ലഞ്ചിനു ശേഷം ചേതേശ്വർ പൂജാരയും (17) അജിൻക്യ രഹാനെയും (13) ചെറുത്തുനിൽപിന്റെ സൂചന നൽകി. എന്നാൽ ബ്രോഡിന്റെ പന്തിൽ രഹാനെയെ കീറ്റൻ ജെന്നിംഗ്‌സ് സുന്ദരമായി പിടിച്ചു. ബ്രോഡിന്റെ ഉജ്വലമായ ഇൻസ്വിംഗർ പൂജാരയുടെ ഓഫ്സ്റ്റമ്പുമായി പറക്കുന്നതാണ് പുറം വേദന കാരണം വൈകി ക്രീസിലെത്തിയ കോഹ്‌ലിക്ക് കാണാൻ കഴിഞ്ഞത്. ദീർഘമായ ചികിത്സ ഗ്രൗണ്ടിലും വേണ്ടി വന്ന കോഹ്‌ലിയെ ബ്രോഡിന്റെ തന്നെ ബൗളിംഗിൽ ഷോട്‌ലെഗിൽ ഓലി പോപ് കൈയിലൊതുക്കിയതോടെ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു.
അടുത്ത പന്തിൽ ദിനേശ് കാർത്തികിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ബ്രോഡ് ഇംഗ്ലണ്ടിന്റെ ജയം അധികം വൈകില്ലെന്ന് ഉറപ്പാക്കി. ഹാട്രിക് പന്ത് അശ്വിൻ അതിജീവിച്ചു. ലെഗ്‌സൈഡിലേക്ക് നീങ്ങിയ പന്ത് നാല് ബൈ റൺസിന് വഴിയൊരുക്കി. ചായക്കു പിരിയുമ്പോഴേക്കും ആറിന് 66 ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ എത്ര സമയം പിടിച്ചുനിൽക്കുമെന്നതു മാത്രമായിരുന്നു ചോദ്യം. ഹാർദിക് പാണ്ഡ്യയും (26) അശ്വിനുമാണ് ഇന്നിംഗ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ടിലൂടെ പരാജയ ഭാരം അൽപം കുറച്ചത്. തിരിച്ചുവന്ന ആൻഡേഴ്‌സൻ ചെറിയ ഇടവേളയിൽ കുൽദീപ് യാദവിനെയും മുഹമ്മദ് ഷാമിയെയും അക്കൗണ്ട് തുറക്കാനനുവദിക്കാതെ പറഞ്ഞുവിട്ടു. 

Latest News