കരാക്കാസ് - ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ കൈയാങ്കളികള്‍ നയതന്ത്രപ്രശ്‌നമായി വളരുന്നു. റിയോഡിജനീറോയില്‍ ബ്രസീലിനെതിരായ കളി അര്‍ജന്റീന ടീം ബഹിഷ്‌കരിക്കാനൊരുങ്ങിയതിനു പിന്നാലെ വെനിസ്വേല ടീമിന് പെറുവിലും കാണികളില്‍ നിന്ന് പ്രയാസങ്ങള്‍ നേരിട്ടു. ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഗാലറിക്കു മുന്നിലെത്തിയപ്പോള്‍ വെനിസ്വേല കളിക്കാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് വെനിസ്വേല സര്‍ക്കാര്‍ ആരോപിച്ചു. മത്സരം 1-1 സമനിലയിലാണ് അവസാനിച്ചത്.
കളിക്കാരുമായി വെനിസ്വേലയിലേക്ക് മടങ്ങുന്ന വിമാനം നാലു മണിക്കൂറോളം വൈകിയിരുന്നു. വിമാനത്തിന് ഇന്ധനം നല്‍കാതെ കളിക്കാരെ പെറു റാഞ്ചുകയായിരുന്നുവെന്ന് വെനിസ്വേല ആരോപിച്ചു. പെറുവിലെ വംശീയ സര്‍ക്കാര്‍ തീവ്രദേശീയവാദികളാണെന്ന് വെനിസ്വേല പ്രസിഡന്റ് നിക്കൊളാസ് മദൂരൊ കുറ്റപ്പെടുത്തി. 2022 ല്‍ പെറുവിലെ ഇടതുപക്ഷ പ്രസിഡന്റ് പെഡ്രൊ കാസ്റ്റിയൊ പുറത്തായ ശേഷം ഇരു രാജ്യങ്ങളും സ്വരച്ചേര്‍ച്ചയിലല്ല.
പെറു കളിക്കാര്‍ക്കു നേരെ പെറു പോലീസ് ലാത്തി വീശുന്ന വീഡിയൊ പ്രചരിക്കുന്നുണ്ട്. ഫിഫക്ക് വെനിസ്വേല പരാതി നല്‍കി. യോഗ്യതാ റൗണ്ടില്‍ പെറു അവസാന സ്ഥാനത്താണ്. ഇതുവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത ഏക ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേല ഇത്തവണ ഉജ്വല ഫോമിലാണ്, നാലാം സ്ഥാനത്താണ് അവര്‍.






