ദേവദത്തും അവേഷും ടീമുകള്‍ വെച്ചുമാറി

മുംബൈ - കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കലും പെയ്‌സ്ബൗളര്‍ അവേഷ് ഖാനും ഐ.പി.എല്‍ ടീമുകള്‍ പരസ്പരം മാറി. സഞ്ജു സാംസണിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിംഗ്‌സ് ഓപണ്‍ ചെയ്തിരുന്ന ദേവദത്ത് അടുത്ത സീസണില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിന് കളിക്കും. പകരം അവേഷ് രാജസ്ഥാനു വേണ്ടി പന്തെറിയും. 
അവേഷിനെ 2022 ല്‍ 10 കോടി രൂപക്കാണ് ലഖ്‌നൗ ലേലത്തിലെടുത്തത്. ഓസ്‌ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന പരമ്പരയില്‍ അവേഷ് ഇന്ത്യക്കു കളിക്കുന്നുണ്ട്. ദേവദത്തിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് ഏഴേ മുക്കാല്‍ കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. ആര്‍.സി.ബിയിലെ ഉജ്വല ഫോം രാജസ്ഥാനില്‍ ആവര്‍ത്തിക്കാന്‍ ദേവദത്തിന് സാധിച്ചിട്ടില്ല. 
2021 ല്‍ ദല്‍ഹി കാപിറ്റല്‍സിലാണ് അവേഷിന്റെ തുടക്കം. ആ സീസണില്‍ വിക്കറ്റ്‌കൊയ്ത്തില്‍ രണ്ടാമതെത്തി. തുടര്‍ന്നാണ് ആവേശകരമായ ലേലത്തില്‍ ലഖ്‌നൗ താരത്തെ പിടിച്ചെടുത്തത്. 2022 ലെ സീസണില്‍ ലഖ്‌നൗക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റെടുത്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി. മലയാളി താരം കെ.എം ആസിഫുള്‍പ്പെടെ പെയ്‌സര്‍മാര്‍ രാജസ്ഥാന്‍ നിരയിലുണ്ട്. 
2024 ലെ സീസണിന് മുന്നോടിയായുള്ള ലേലം ഡിസംബര്‍ 19 ന് ദുബായില്‍ അരങ്ങേറും. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും മാന്‍ ഓഫ് ദ മാച്ചായ ട്രാവിസ് ഹെഡ് ലേലത്തില്‍ പങ്കെടുക്കും. ഹെഡ് നേരത്തെ ദല്‍ഹി കാപിറ്റല്‍സ്, ആര്‍.സി.ബി ടീമുകളിലുണ്ടായിരുന്നു. 2016 ലും 2017 ലും ആര്‍.സി.ബിക്കു വേണ്ടി 10 മത്സരങ്ങള്‍ കളിച്ചു. 

Latest News