കർണാടകയിലെ കരുണാനിധിയും രാജാജി ഹാളിലെ എ.ഡി.എം.കെ പ്രവർത്തകരും

ഇന്ത്യയിൽ ഏറ്റവും വ്യൂവർഷിപ്പുള്ള ഇംഗ്ലീഷ് വാർത്താ ചാനലെന്ന സ്ഥാനം ടൈംസ് നൗ കരസ്ഥമാക്കി. റിപ്പബ്ലിക്ക് ടിവിയെ പിന്തള്ളിയാണ് ടൈംസ് ഈ സ്ഥാനത്തെത്തിയത്. ബാർക് റേറ്റിംഗ് പ്രകാരം മുപ്പത്തി ഒന്നാം വാരത്തിലെ കണക്കുകളിലാണ് ടൈംസ് നൗ മുന്നേറിയത്. അർണാബിന്റെ അട്ടഹാസത്തിന് മുമ്പത്തെ പോലെ സ്വീകാര്യത ഇല്ലെന്നർഥം. 2016 നവംബറിലാണ് അർണാബ് ടൈംസ് ഗ്രൂപ്പ് വിട്ട് റിപ്പബ്ലിക് ചാനൽ തുടങ്ങിയത്. ഏതാനും വാരങ്ങളായി റിപ്പബ്ലിക് പുലർത്തി വന്നിരുന്ന ആധിപത്യമാണ് ടൈംസ് നൗ തകർത്തത്.  തുടക്കം മുതലേ ഇരു ചാനലുകളും തമ്മിൽ ശക്തമായ മത്സരമാണ് നിലനിന്നിരുന്നത്. ടൈംസ് നൗ 734 ഇംപ്രഷൻസ് നേടിയപ്പോൾ റിപ്പബ്ലികിന് 705ഉം, ഇന്ത്യാ 
ടുഡേ ടിവിക്ക് 246, സിഎൻഎൻ ന്യൂസ് 18 ചാനലിന് 236, എൻഡിടിവി 174 എന്നിങ്ങനെയാണ് ദേശീയ തലത്തിലെ കണക്കുകൾ. ഹിന്ദിയിൽ ആജ് തക് ടിവിയാണ് ഏറ്റവും മുന്നിൽ. ഈ കണക്കുകളുടെ ആധികാരികതയും കണക്കെടുപ്പ് രീതിയേയും സംശയിക്കുന്നവരുണ്ട്. കേരളത്തിന്റെ കാര്യം തന്നെയെടുക്കാം. സാമ്പിൾ സർവേകളുടെ ആധികാരികത എത്രത്തോളം വിശ്വസനീയമാണെന്നതാണ് ചോദ്യം. 
മൂന്ന് കോടി നാൽപ്പത്തി എട്ട് ലക്ഷമാണ് ഏറ്റവും ഒടുവിലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ. ഇന്ത്യൻ റീഡർഷിപ് സർവേ (ഐ.ആർ.എസ്)യുടെ 2017ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ടെലിവിഷൻ സെറ്റുകൾ ഉള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. 90 ശതമാനം പേരും ടിവി ഉടമകളും കാഴ്ചക്കാരുമാണ്. തമിഴ്‌നാടാണ് ഒന്നാമത്. അവിടെ 93 ശതമാനമെന്നാണ്  കണക്ക്.  കാഴ്ചക്കാരുടെ അഭിരുചിയും തെരഞ്ഞെടുപ്പും സംബന്ധിച്ച ലഭ്യമായ ഏക ഡാറ്റ ബാർക് റിപ്പോർട് ആണ്. ശാസ്ത്രീയമായ സാമ്പഌങ്ങിനും വിശകലനത്തിനും ശേഷം ബാർക് വീക്കിലി ഡാറ്റ തയ്യാറാക്കുന്നു എന്നാണ്  അവകാശപ്പെടുന്നത്. 
*** *** *** 
മാധ്യമ പ്രവർത്തകർ അധികാര സ്ഥാനങ്ങളിലെത്തുന്നത് എന്ത് കൊണ്ടും ആഹ്ലാദകരമാണ്. രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം എൻഡിഎ സ്ഥാനാർഥിയും ജെഡിയും എംപിയുമായ ഹരിവൻശ് നാരായൺ സിംഗ് നേടി. വോട്ടെടുപ്പിന് ശേഷം ഹരിവൻശിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും  മറ്റു കക്ഷി നേതാക്കളും അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതിയിൽ ഊന്നി നാലു വർഷക്കാലം പത്രപ്രവർത്തകനായിരുന്ന വ്യക്തിയാണ് ഹരിവൻശ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. 500 രൂപ മാസ ശമ്പളത്തിൽ 1977ൽ ടൈംസ് ഓഫ് ഇന്ത്യയിൽ ട്രെയിനി ജേർണലിസ്റ്റായാണ് ഹരിവൻശിന്റെ മാധ്യമപ്രവർത്തന ജീവിതത്തിന്റെ തുടക്കം. പിന്നീട് ധർമയുഗ് മാസികയിൽ ജോലിയുമായി 1981 വരെ മുംബൈയിലേക്കു മാറി. ജാർഖണ്ഡ് ആസ്ഥാനമായുള്ള പ്രഭാത് ഖബർ എന്ന ദിനപത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു 62കാരനായ ഹരിവൻശ്. 1989ൽ ഹരിവൻശ് ചുമതലയേറ്റെടുത്ത ശേഷമാണ് പ്രഭാത് ഖബർ മുൻനിര പത്രമായി മാറുന്നത്. 1992 മുതൽ മുൻ ബീഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉൾപ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസ് കാര്യമായി റിപ്പോർട്ട് ചെയ്ത പത്രമാണ് പ്രഭാത് ഖബർ. 40 വർഷക്കാലം പത്രപ്രവർത്തനം നടത്തിയ ഹരിവൻശ് പല മാധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബല്ലിയയിൽ ജനിച്ച ഹരിവൻശ് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. അവിടെ നിന്നു തന്നെ പത്രപ്രവർത്തനത്തിലും മാസ്റ്റർ ബിരുദം നേടി. കോളജ് പഠനകാലത്ത് ജയപ്രകാശ് നാരായൺന്റെ ജെപി മൂവ്‌മെന്റിൽ ആകൃഷ്ടനായി 1974ൽ അതിനോടു ചേർന്ന്  പ്രവർത്തിക്കുകയും ചെയ്തു. 
*** *** *** 
പെരിയാറിന്റെ മനം കവർന്ന ഇടുക്കിയെ പറ്റിയും അവിടത്തെ കാറ്റിന്റെ മഹത്വവുമൊന്നും ഇപ്പോൾ ഓർക്കാനേ വയ്യ. കേരളം ഇത് വരെ നേരിട്ടില്ലാത്ത ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടറിയാൻ വ്യോമ നിരീക്ഷണം നടത്തുകയുണ്ടായി. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് വരുന്നതിന് മുമ്പേ ഇത്തരമൊരു യാത്ര നടത്തിയത് ഉചിതമായി. മുഖ്യമന്ത്രിയുമായി സഹകരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടും പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതനാവാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ആലുവ മണപ്പുറത്ത് നിന്ന് മാതൃഭൂമി ന്യൂസിൽ ഒരു പെൺകുട്ടി ഓം നമ ശിവായ ബോർഡ് കാണുന്ന സ്ഥലത്തേക്ക്  വൈകാതെ ജലനിരപ്പ് ഉയരുമെന്ന് റിപ്പോർട്ട് ചെയ്തത് ആശങ്കയോടെയാണ് മലയാളികൾ കണ്ടത്. എങ്കിലും പൊതുവേ ദൃശ്യ മാധ്യമങ്ങൾ പക്വതയോടെയാണ് ഇത്തവണ വിഷയത്തെ സമീപിച്ചത്. ദുരന്തമുഖത്ത് നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റുള്ളവർ മാറുമ്പോൾ തത്സമയ റിപ്പോർട്ടിങ് നടത്തുന്ന റിപ്പോർമാരും  ക്യാമറാമാന്മാരും അപകട മേഖലയിലാണ് നിൽക്കുന്നത്.  വാഹനങ്ങൾ എത്താത്ത സ്ഥലങ്ങളിലേക്ക് ക്യാമറാമാനും ട്രൈപ്പോഡും തൂക്കി നടക്കുന്ന റിപ്പോർട്ടറുമെല്ലാം പതിവ് കാഴ്ചകളായി. 
*** *** *** 
ടിവി സ്റ്റേഷനിലെ പീഡനത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് യു.എസിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. ഫോക്‌സ് ന്യൂസ് ചാനൽ കോ പ്രസിഡന്റ് ബിൽഷൈൻ വൈറ്റ് ഹൗസിലെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഡെപ്യൂട്ടി ചീഫായി ജോലിയിൽ പ്രവേശിക്കുമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 
ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചു. ലൈംഗിക അപവാദവുമായി ബന്ധപ്പെട്ടു മാധ്യമ രാജാവ് റുപ്പർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഫോക്‌സ് ന്യൂസ് ചാനൽ തലപ്പത്തുനിന്നാണ് ചാനൽ കോപ്രസിഡന്റ് ബിൽ ഷൈൻ രാജിവച്ചത്. ചെയർമാൻ റോജർ എയ്ൽസും പ്രശസ്ത അവതാരകൻ ബിൽ ഒറെയ്‌ലി, അവതാരക മെഗിൻ കെല്ലി എന്നിവരുമാണ് ഇതേ ആരോപണത്തെ തുടർന്ന്  നേരത്തേ രാജിവച്ചത്. ഫോക്‌സിനെതിരായ കേസുകളിൽ പലതിലും ലൈംഗികമായ പെരുമാറ്റ ദൂഷ്യത്തിനും അതു തടയാൻ നടപടിയെടുക്കാതിരുന്നതിനും ഷൈൻ പ്രതിസ്ഥാനത്തുണ്ടായിരുന്നു. 
ഇരുപതു വർഷം മുൻപ് ഫോക്‌സ് ന്യൂസ് ആരംഭിച്ച നാൾമുതൽ ചാനലിൽ പ്രവർത്തിക്കുന്നയാളാണ്  ബിൽ ഷൈൻ. ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതികളെത്തുടർന്നാണ്  ചെയർമാൻ റോജർ എയ്ൽസ് രാജിവച്ചത്. കമ്പനിയും ബിൽ ഒറെയ്‌ലിയും 1.3 കോടി ഡോളർ നൽകി അഞ്ചു സ്ത്രീകളുടെ പരാതി തീർത്തെന്ന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നായിരുന്നു റോജർ എയ്ൽസിന്റെ രാജി. എയ്ൽസിനെതിരെ പരാതി ഉന്നയിച്ച മെഗിൻ കെല്ലി ജനുവരിയിലാണ്  സ്ഥാപനം വിട്ടുപോയത്.
*** *** *** 
കലൈഞ്ജർ കരുണാനിധി വിട വാങ്ങിയത് ഇന്ത്യയിലെ ദേശീയ, പ്രാദേശിക ഭാഷാ ചാനലുകൾ ഭംഗിയായി കവർ ചെയ്തു. എബിപി ചാനലിന്റെ പ്രവർത്തനത്തിൽ ഭരണകക്ഷി ഇടപെടുന്നുവെന്ന് കുറച്ചു കാലമായി ആക്ഷേപമുണ്ട്. സമ്മർദം സഹിക്കവയ്യാതെ മുതിർന്ന രണ്ട് മാധ്യമ പ്രവർത്തകർ രാജിവെച്ചുവെന്നും വാർത്തയുണ്ടായിരുന്നു. 
എബിപിയെ ഒരു പാഠം പഠിപ്പിച്ചിട്ട് ബാക്കി കാര്യമെന്ന് അമിത് ഷാജി പറഞ്ഞതായും ശ്രുതിയുണ്ട്. കരുണാനിധി മരിച്ച ദിവസം ഈ ചാനലിൽ വെണ്ടക്ക അക്ഷരത്തിൽ ഹിന്ദിയിൽ എഴുതി വെച്ചത് അഞ്ച് തവണ കർണാടക മുഖ്യമന്ത്രിയായിരുന്ന കരുണാനിധി മരിച്ചുവെന്നാണ്. പ്രമുഖ മലയാളം ചാനലിന്റെ അയൽ സംസ്ഥാനത്ത് നിന്നെത്തിയ ലേഖിക ചെന്നൈ രാജാജി ഹാളിന് മുന്നിൽ വെച്ച് നോൺ സ്റ്റോപ്പ് ലൈവ് നൽകുന്നുണ്ടായിരുന്നു. 
അതിലിങ്ങനെയും കേട്ടു. മികച്ച സുരക്ഷാ ക്രമീകരണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയത്. എ.ഡി.എം.കെ പ്രവർത്തകരുടെ പ്രവാഹമാണ് മറീനാ ബീച്ചിലേക്കെന്നും തട്ടി വിടുന്നത് കേട്ടു. സരമില്ല, കുറേ കാലം ഗൾഫിൽ കഴിഞ്ഞ പ്രവാസി മീൻ മാർക്കറ്റിൽ ചെന്ന് ഇതിന് എത്ര റിയാലാണെന്ന് ചോദിക്കുന്നത് പോലെ കൂട്ടിയാൽ മതി.   
 

Latest News