കുട്ടിക്കാലത്തേ കേട്ടു പരിചയിച്ച നഗരമാണ് മദിരാശി. ബ്രണ്ണനിലും സാമറിൻസിലും ബിരുദ പഠനം കഴിഞ്ഞ് നിയമ പഠനത്തിന് ബ്രിട്ടീഷുകാരുടെ മദ്രാസ് പ്രോവിൻസിന്റെ തലസ്ഥാന നഗരിയിൽ എത്തിച്ചേർന്ന പൂർവീകരുടെ കഥകളിലെ അതിശയ പട്ടണം. ഹിന്ദി വിരുദ്ധ പ്രക്ഷോഭ കാലത്തെ സംഭവങ്ങൾ പത്രത്തിലൂടെ വായിച്ചറിഞ്ഞതിലും കൂടുതലറിഞ്ഞത് പോയ് മറഞ്ഞ തലമുറയുടെ വിവരണങ്ങളിൽ നിന്ന്. മദിരാശിയിൽ നിന്ന് ബ്രിട്ടീഷ് മലബാറിലേക്ക് വന്നിരുന്ന തീവണ്ടിയുടെ നമ്പർ സവിശേഷമാണ്. നമ്പർ വൺ മദ്രാസ് മെയിൽ. മദ്രാസിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഈ ട്രെയിനിന് പ്രത്യേക ഭംഗിയാണ്. എല്ലാ തീവണ്ടികളും ആവി തുപ്പുന്ന കറുത്ത എൻജിനുകളുമായി മുന്നേറുമ്പോൾ മദിരാശി മെയിലിന്റെ മനോഹരമായ എൻജിന്റെ കൂർത്ത മുൻ ഭാഗത്ത് നക്ഷത്രവും കാണാം. അന്നത്തെ സമയക്രമമനുസരിച്ച് മംഗലാപുരത്തേക്കും തിരിച്ചുമുള്ള മെയിൽ വണ്ടികൾ കടന്നു പോകുന്നത് ഉച്ച നേരത്തായതിനാൽ സ്‌കൂൾ കുട്ടികൾക്കെല്ലാം ഇതിനെ കൺകുളിർക്കെ കാണാം. റെയിൽവേ സംവിധാനം കംപ്യൂട്ടർവൽക്കരിച്ചപ്പോൾ ട്രെയിൻ നമ്പറുകൾക്ക് മുമ്പിൽ 60, 66 എന്നീ അക്കങ്ങൾ കൂടിച്ചേർന്നപ്പോൾ മദ്രാസ് മെയിലും എല്ലാ ട്രെയിനുകളെയും പോലെയായി. ചെന്നൈയ്ക്കും മംഗലാപുരത്തിനുമിടയിൽ അര ഡസൻ ട്രെയിനുകളുള്ള ഇക്കാലത്ത് മെയിലിനെ ആര് ശ്രദ്ധിയ്ക്കാൻ. മാത്രവുമല്ല, ദുരന്തോവും ഗരീബ് രഥവുമൊക്കെയാണല്ലോ ഇപ്പോഴത്തെ താരങ്ങൾ.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് വെറുതെ ഇരിക്കുന്ന കാലത്താണ് ആദ്യമായി മദ്രാസ് കാണാൻ ഭാഗ്യം സിദ്ധിച്ചത്. കേരളത്തിന് പുറത്തേക്കുള്ള ആദ്യ യാത്ര. ധാരാളം വടകരക്കാരുള്ള നഗരം. വടകരയിൽ നിന്ന് ആളെത്തിയില്ലെങ്കിൽ മദ്രാസിൽ ടീ കട നടക്കില്ലെന്ന് തോന്നും. മഹാനഗരത്തിന്റെ ഏത് ഭാഗത്തും കാണും കടത്തനാടൻ സുഗന്ധമുള്ള ചായക്കടകൾ. നമ്മുടെ ആതിഥേയൻ വില്യാപ്പള്ളിക്കാരൻ സത്യന്റെ കുടുംബത്തിനുമുണ്ട് ഇത്തരം രണ്ട് മൂന്ന് സ്റ്റാളുകൾ. അതിരാവിലെ മദ്രാസ് സെൻട്രലിൽ ഞങ്ങളുടെ ട്രെയിനെത്തുമ്പോൾ സത്യൻ കാത്തു നിൽപ്പുണ്ടായിരുന്നു. ഏറെ ദൂരെയല്ലാത്ത ക്വാർടേഴ്‌സ് പോലുള്ള രണ്ട് മുറി വീട്ടിലാണ് സത്യനും കുടുംബവും താമസിച്ചിരുന്നത്. ജിദ്ദയിലെ ബാച്ച്‌ലർ മുറികളിൽ വ്യാഴാഴ്ച രാത്രി ജനസംഖ്യ കൂടുന്നത് പോലെ വടകരയിൽ നിന്നെത്തിയ മണിയും ജമാലും ഞാനും കോലായയിൽ അന്തിയുറങ്ങി.

ചെറിയ മുറിയിൽ ഇത്രയും പേർക്ക് സന്തോഷകരമായി കഴിഞ്ഞു കൂടാമെന്ന് തിരിച്ചറിഞ്ഞ ദിനം. മദിരാശിയിലെ പല ഫഌറ്റുകളിലേയും ജീവിതം ഏതാണ്ട് ഇത് പോലെയായിരുന്നു. വൈകിട്ട് നഗരം കാണാനിറങ്ങി. മറീന ബീച്ചിലാണ് ഏറെ സമയം ചെലവഴിച്ചത്. സത്യന്റെ വിവരണം ആവേശം പകർന്നു. രുചികരമായ ഭക്ഷണവും വാങ്ങി. കടൽ വെള്ളമെടുത്ത് പാകം ചെയ്ത ചായയും കോര പോലൊരു മീൻ പൊരിച്ചതും മൂന്ന് സ്ലൈസ് ബ്രെഡും. ഇത്രയൊക്കെ ഭക്ഷണം സമൃദ്ധമായി കഴിച്ചെങ്കിലും ആളെണ്ണി രണ്ട് രൂപ വീതമാണ് സെർവ് ചെയ്ത് തമിഴ് സ്ത്രീ ഈടാക്കിയത്. മറീന ബീച്ചിലെ ആൾക്കൂട്ടം അണ്ണാ സമാധിയ്ക്ക് മുമ്പിൽ നിശബ്ദരായി നിന്ന് ശബ്ദ പ്രക്ഷേപണം ശ്രവിക്കുന്നത് കൗതുകമുള്ള കാഴ്ചയായി. പിൽക്കാലത്ത് എം.ജി.ആർ, ജയലളിത സമാധികൾ സന്ദർശിക്കുന്നവർക്കും ഇതേ അനുഭവമുണ്ടായി കാണും. മറീന ബീച്ചിൽ വൈകാതെ കലൈഞ്ജർ കരുണാനിധിയുടെ മൊഴികളും പ്രക്ഷേപണം ചെയ്തു തുടങ്ങുമായിരിക്കും. തിരക്കഥാ കൃത്തും ജനക്കൂട്ടത്തെ ആവേശം കൊള്ളിക്കുന്ന പ്രസംഗകനുമായ കരുണാനിധിയുടേത് കൂടുതൽ ആകർഷകമാവനാണ് സാധ്യത. വടകരയിൽ അന്നൊക്കെ രാത്രി എട്ട് മണി കഴിഞ്ഞാൽ അപൂർവമായി മാത്രമേ സ്വകാര്യ ബസുകൾ റോഡിൽ കാണാറുള്ളു. മദ്രാസിലെ മറീനാ ബീച്ചിൽ നിന്ന് കോയമ്പേട് ഭാഗത്തേക്ക് ഞങ്ങൾ ബസ് കയറിയത് രാത്രി പന്ത്രണ്ടിന്. ഒരു മെട്രോ നഗരത്തിലെ ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് തിരിച്ചറിഞ്ഞു. ചെന്നൈ നഗരത്തിലെ മറീനാ കടൽക്കര ഇന്ത്യയിൽ ഏറ്റവും നീളമേറിയ ബീച്ചാണ്. മലയാളികൾ സൗകര്യത്തിനു ബീച്ച് എന്ന ഇംഗ്ലീഷ് പദമുപയോഗിക്കുമ്പോഴും സ്വന്തം ഭാഷയുടെ മഹിമ തിരിച്ചറിയുന്ന തമിഴർ കടൽക്കര എന്ന പദമാണുപയോഗിക്കുന്നത്.

ഇന്ത്യൻ സർക്കാർ നടത്തുന്ന ചെന്നൈ മെട്രോ റെയിൽവേ സ്റ്റേഷനുകളിലും ജനതയുടെ വികാരം മനസ്സിലാക്കി തമിഴിലുള്ള അനൗൺസ്‌മെന്റുകളിൽ ഇംഗഌഷ് വാക്കുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ മറീനാ കടൽക്കര ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ ബീച്ചാണ്. അമേരിക്കയിലെ മിയാമി ബീച്ചിനാണ് ഒന്നാം സ്ഥാനം. ചെന്നൈ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് മറീനാ ബീച്ച്. പന്ത്രണ്ട് കിലോ മീറ്ററാണ് മറീന കടൽക്കരയുടെ ദൈർഘ്യം. 1956ൽ ഭാഷാ അടിസ്ഥാനത്തിൽ തെക്കേ ഇന്ത്യയിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാൻ സർവ കക്ഷി യോഗം ചേർന്നത് ഇവിടെ. രണ്ട് വർഷം കഴിഞ്ഞ് 1958ൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടതും മറീന ബീച്ചിൽ വെച്ചാണ്. ഇന്ത്യയിലെ ആദ്യ അക്വേറിയം സ്ഥാപിച്ചത് 1909ൽ ഇതേ ബീച്ചിലാണ്. മദ്രാസ് യൂനിവേഴ്‌സിറ്റി, റേഡിയോ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ വീഥിയെ ആദ്യ കാലത്ത് ആദ്യ കാലത്ത് അലങ്കരിച്ചിരുന്നത്. ഹിന്ദി ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമം ചെറുത്തു തോൽപിച്ച സംസ്ഥാനമാണ് തമിഴ്‌നാട്.

അണ്ണാ എന്ന ചുരുക്കപ്പേരിൽ തമിഴുനാട്ടുകാരുടെ സ്മരണകളിൽ നിറയുന്ന എഴുത്തുകാരനും സാമൂഹിക പരിഷ്‌കർത്താവും രാഷ്ട്രീയ നേതാവുമൊക്കെയായിരുന്ന സി.എൻ. അണ്ണാദുരെയാണ് തീക്കളിയായി മാറിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭം നയിച്ചിരുന്നത്. ആര്യ മേധാവിത്വത്തിനെതിരെ ദ്രാവിഡർ നേടിയ വിജയമാണ് ദ്രാവിഡ രാഷ്ട്രീയ കക്ഷികളുടെ പ്രസക്തി. 1965 ജനുവരിയിൽ നൂറുകണക്കിനു നിരായുധരായ വിദ്യാർഥികളാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. കാഞ്ചീപുരത്ത് ജനിച്ച അണ്ണാദുരെ 1967 ൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി, രണ്ടു വർഷത്തിനു ശേഷം 1967 ഫെബ്രുവരി മൂന്നിന് അർബുദം ബാധിച്ച് മരിക്കുകയും ചെയ്തു.
ഇ.വി.ആറിനൊപ്പം 1949 ൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയ വീരനായകനാണ് അണ്ണാദുരെ. തമിഴ് മക്കളുടെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്ന ധീരരായ പോരാളികളാണ് അണ്ണാദുരെയും എം.ജി.ആറും. അണ്ണാദുരെയും എം.ജി.ആറും ജയലളിതയും ഏറ്റവുമൊടുവിൽ കരുണാനിധിയും അന്ത്യ വിശ്രമം കൊള്ളുന്നത് മറീനയിലാണ്. അണ്ണാ സമാധിയിൽ വിനോദ സഞ്ചാര കൗതുകവുമായി പുറത്തുനിന്നുള്ളവരെത്തുമ്പോൾ, തമിഴ് ജനതയുടെ മനസ്സിൽ അവരുടെ മോചകരുടെ സാന്നിധ്യമാണ് അനുഭവപ്പെടുന്നത്. അണ്ണാദുരെയുടെ ശവക്കല്ലറയിൽ തലയമർത്തി കാതോർത്തു നിൽക്കുന്നവരെ ഇവിടെ കാണാം. സർക്കാർ ഇവിടെ അണയാത്ത ദീപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടേപിൽനിന്നുള്ള പ്രഭാഷണം ശ്രവിക്കാനായാൽ സന്ദർശകർക്ക് പൂർണ സംതൃപ്തിയായി. വെള്ളിത്തിരയിലെ വീരനായകനായ എം.ജി.ആർ അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെ അടിസ്ഥാന വർഗത്തിന്റെ ക്ഷേമത്തിനായി ഭരണം കൈയാളിയ നാളുകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. കലാപ്രവർത്തനത്തിലൂടെ കോടികളുടെ ആസ്തിയുണ്ടാക്കി പൊതു പ്രവർത്തന രംഗത്തിറങ്ങിയ ആളാണ് മലയാളിയായ എം.ജി.ആർ. പെരിയാറിൽനിന്നു പ്രചോദനമുൾക്കൊണ്ട അണ്ണാദുരെയാണെങ്കിൽ രാജാജിയുടേയും കേരളത്തിലെ ഇ.എം.എസിന്റേയും പി.പി. ഉമ്മർ കോയയുടേയുമൊക്കെ ഗണത്തിൽ പെട്ട രാഷ്ട്രീയ പ്രവർത്തകനാണെന്ന് ഏവർക്കുമറിയാം. അണ്ണാദുരെ മരിച്ച ദിവസം മലയാള പത്രങ്ങളിലെ രണ്ടാമത്തെ പ്രധാന വാർത്ത പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ തീവണ്ടികളുടെ മേൽത്തട്ടിൽ കയറിയിരുന്ന് സഞ്ചരിച്ച് അപകടത്തിൽ പെട്ട് മൃതിയടഞ്ഞവരെക്കുറിച്ചായിരുന്നു. ഉലകം ചുറ്റും വാലിഭനായെത്തിയ എം.ജി.ആർ ഇന്നും തമിഴ് മനസ്സുകളിൽ വീരപുരുഷനായി വിരാജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറേക്കാലം ചൂഷണം ചെയ്തത് ഈ വികാരത്തെയാണ്. 1987 ഡിസംബർ 24 നാണ് എ.ഐ.എ.ഡി.എം.കെ സ്ഥാപകനായ എം.ജി.ആർ അന്ത്യയാത്രയായത്. 1977 ൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമ്പോൾ ഇന്ത്യയിലെ ആദ്യ സിനിമാ നടൻ മുഖ്യമന്ത്രിയായിരുന്നു.

ഒരു വ്യാഴവട്ടം മുമ്പുണ്ടായ സുനാമി ഏഷ്യൻ രാജ്യങ്ങളിലാകെ നാശം വിതച്ചു. ചെന്നൈ നഗരത്തിലെ റോഡുകൾക്കും കാര്യമായ നാശമുണ്ടാക്കി. സുനാമി ഫണ്ട് കൂടി ഉപയോഗപ്പെടുത്തി മറീന കടൽക്കര മോഡി കൂട്ടാൻ തയാറായ അയലത്തെ ഭരണ കൂടത്തിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. പിന്നീട് പലപ്പോഴും ജയലളിത, കരുണാനിധി കാലഘട്ടങ്ങളിൽ ചെന്നൈ നഗരത്തിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതു താൽപര്യത്തിന് യോജിച്ച ഇരു നേതാക്കളുടേയും ഭരണത്തിൽ തമിഴ് ജനതയുടെ ജീവിതത്തിൽ കാര്യമായ മാറ്റം സംഭവിച്ചു. തമിഴ് സത്വത്തെ ദേശീയ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തിയ നായകനാണ് കഴിഞ്ഞ ദിവസം വിട വാങ്ങിയ കലഞ്ജർ കരുണാനിധി. അദ്ദേഹത്തിന്റെ സംസ്‌കാരത്തിന് ചെന്നൈ മറീനാ ബീച്ച് അനുവദിച്ച് തരില്ലെന്ന നിലപാടായിരുന്നു എടപ്പാടി പളനി സ്വാമിയെന്ന മുഖ്യമന്ത്രിയുടേത്. മദ്രാസ് ഹൈക്കോടതിയുടെ വിവേക പൂർവമായ ഇടപെടലാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാക്കാൻ സഹായകമായത്. പുരട്ചി തലൈവിയുടെ കാൽക്കൽ വീണ് വിധേയത്വം പ്രഖ്യാപിച്ചവർ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുന്നതെങ്ങിനെ?






