ലണ്ടന്‍ - യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് മുന്നേറിയ ടീമുകളുടെ ചിത്രം വ്യക്തമായി. അര്‍മീനിയയുടെ അതിശക്തമായ ചെറുത്തുനില്പ് അതിജീവിച്ച് 1-0 വിജയം നേടിയ ക്രൊയേഷ്യ അവസാന ബെര്‍ത്ത് സ്വന്തമാക്കി. ഗ്രൂപ്പ് ഡി-യില്‍ നിന്ന് തുര്‍ക്കി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. അതിനാല്‍ ക്രൊയേഷ്യക്ക് പ്ലേഓഫ് ഒഴിവാക്കാന്‍ അവസാന കളിയില്‍ ജയം തന്നെ വേണമായിരുന്നു. 43ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ആന്‍ഡെ ബുദിമിറിന്റെ ഹെഡരാണ് വിജയം നിര്‍ണയിച്ചത്. ക്രൊയേഷ്യ ഗോളിലേക്ക് 23 ഷോട്ടുകള്‍ തൊടുത്തുവിട്ടിരുന്നു.
ക്രൊയേഷ്യ സമനില വഴങ്ങിയിരുന്നുവെങ്കില്‍ തുര്‍ക്കിയെ തോല്പിച്ച് വെയ്ല്‍സിന് മുന്നേറാമായിരുന്നു. എന്നാല്‍ ആ കളി 1-1 സമനിലയായി.
യോഗ്യതാ റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച പോര്‍ചുഗലിനും ഇംഗ്ലണ്ടിനുമൊപ്പമെത്താനുള്ള അവസരം ഫ്രാന്‍സിന് നഷ്ടമായി. ഗ്രീസുമായി അവസാന മത്സരത്തില്‍ അവര്‍ 2-2 സമനില പാലിച്ചു.
ക്രൊയേഷ്യക്കും തുര്‍ക്കിക്കും പുറമെ അല്‍ബേനിയ, ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, ഇംഗ്ലണ്ട, ഫ്രാന്‍സ്, ഹംഗറി, ഇറ്റലി, നെതര്‍ലാന്റ്സ്, പോര്‍ചുഗല്‍, റുമാനിയ, സ്കോട്ലന്റ്, സെര്‍ബിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്, സ്വിറ്റ്സര്‍ലന്റ് ടീമുകളും യോഗ്യത നേടി. ജര്‍മനിയാണ് ആതിഥേയര്‍. പ്ലേഓഫ് വഴി മൂന്നു ടീമുകള്‍ കൂടി ഫൈനല്‍ റൗണ്ടിലെത്തും.






