ലോകകപ്പ് ഫൈനലില്‍ സെഞ്ചുറി ഏഴാം തവണ

അഹമ്മദാബാദ് - ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ സെഞ്ചുറിയടിക്കുന്ന ഏഴാമത്തെ ബാറ്ററായി. ക്ലൈവ് ലോയ്ഡ് (വെസ്റ്റിന്‍ഡീസ്, 1975 ല്‍ ഇംഗ്ലണ്ടിനെതിരെ 102), വീവ് റിച്ചാഡ്‌സ് (വെസ്റ്റിന്‍ഡീസ്, 1979 ല്‍ ഇംഗ്ലണ്ടിനെതിരെ 138 നോട്ടൗട്ട്), അരവിന്ദ ഡിസില്‍വ (ശ്രീലങ്ക, 1996 ല്‍ ഓസ്‌ട്രേലിയക്കെതിരെ 107 നോട്ടൗട്ട്), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ, 2003 ല്‍ ഇന്ത്യക്കെതിരെ 140 നോട്ടൗട്ട്), ആഡം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ, ശ്രീലങ്കക്കെതിരെ 2007 ല്‍ 149), മഹേല ജയവര്‍ധനെ (ശ്രീലങ്ക, ഇന്ത്യക്കെതിരെ 2011 ല്‍ 103 നോട്ടൗട്ട്) എന്നിവരാണ് നേരത്തെ സെഞ്ചുറിയടിച്ചത്.  രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് ഫൈനലിലെ മികച്ച താരമാവാന്‍ സാധ്യതയേറെയാണ്. ഹെഡ് സെമിഫൈനലിലും മാന്‍ ഓഫ് ദ മാച്ചായിരുന്നു. പരിക്കു കാരണം ഓസീസിന്റെ ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഹെഡ് സെഞ്ചുറിയോടെയാണ് തിരിച്ചെത്തിയത്. 
14 ഓവര്‍ ശേഷിക്കെ ഓസീസിന് ജയിക്കാന്‍ 46 റണ്‍സ് കൂടി മതി. തുടക്കം മുതല്‍ ഓസീസ് ഇന്നിംഗ്‌സിന്റെ നെടുന്തൂണായി നില്‍ക്കുന്ന ട്രാവിഡ് ഹെഡ് സെഞ്ചുറി തികച്ചു (102 പന്തില്‍ 109 നോട്ടൗട്ട്, 6-2, 4-14). മാര്‍നസ് ലാബുഷൈനുമൊത്തുള്ള (87 പന്തില്‍ 42 നോട്ടൗട്ട്, 4-2) അഭേദ്യമായ നാലാം വിക്കറ്റ് കൂട്ടുകെട്ട് 148 റണ്‍സ് പിന്നിട്ടു. ഓസീസിന് ജയിക്കാന്‍ 84 പന്തില്‍ 46 റണ്‍സ് മതി. 36 ഓവറില്‍ സ്‌കോര്‍ മൂന്നിന് 186 ലെത്തി. മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും രണ്ടാം സ്‌പെല്ലിന് വിളിച്ചെങ്കിലും ഓസീസ് ബാറ്റര്‍മാരില്‍ അത് ഒരു സ്വാധീനവുമുണ്ടാക്കിയില്ല. 
പിച്ച് സ്ലോ ആവുകയും ബാറ്റിംഗ് എളുപ്പമാവുകയും ചെയ്തതോടെ സിംഗിളും ഡബ്‌ളും ഇടക്ക് വല്ലപ്പോഴും ബൗണ്ടറിയുമായി ഓസീസ് മുന്നേറുകയാണ്. ഇരുപതോവറില്‍ മൂന്നു വിക്കറ്റിന് ഓസീസ് 100 റണ്‍സ് പിന്നിട്ടിരുന്നു. തുടക്കത്തില്‍ ആക്രിച്ചു കളിച്ചെങ്കിലും ഓസീസിന് എട്ടോവറില്‍ 47 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 
ജസ്പ്രീത് ബുംറയുടെ ബൗളിംഗില്‍ എല്‍.ബി വിധിച്ചപ്പോള്‍ അപ്പീല്‍ ചെയ്യാതിരുന്നത് സ്റ്റീവ് സ്മിത്തിനും  (4) ഓസീസിനും കനത്ത നഷ്ടമായി. ബുംറയുടെ പന്ത് ഓഫ്സ്റ്റമ്പിന് പുറത്തായിരുന്നു. ഓപണര്‍ ഡേവിഡ് വാണറെയും മിച്ചല്‍ മാര്‍ഷിനെയും അവര്‍ക്ക് നഷ്ടപ്പെട്ടു. രണ്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത വാണറെ മുഹമ്മദ് ഷമി തന്റെ നിയമവിധേയമായ ആദ്യ പന്തിലാണ് പുറത്താക്കിയത്. പകരം വന്ന മിച്ചല്‍ മാര്‍ഷ് ആഞ്ഞടിച്ചെങ്കിലും (15 പന്തില്‍ 15) ജസ്പ്രീത് ബുംറയുടെ സൂപ്പര്‍ ബൗളിംഗില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചു.
വ്യക്തമായ പദ്ധതികളുമായി ഇറങ്ങുകയും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ചെയ്ത ഓസ്‌ട്രേലിയ ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരുന്നു. വിരാട് കോലിയും (54) കെ.എല്‍ രാഹുലും (107 പന്തില്‍ 66) അര്‍ധ ശതകം തികക്കുകയും തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47) ആഞ്ഞടിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യ അവസാന പന്തില്‍ 240 ന് ഓളൗട്ടായി. ഏഴ് വിക്കറ്റ് പങ്കുവെച്ച പെയ്‌സ്ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും (10-0-55-3) ജോഷ് ഹെയ്‌സല്‍വുഡും (9.5-0-59-2) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സുമാണ് (10-34-2) ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ആദ്യ പത്തോവറിനു ശേഷം ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായിരുന്നു. 
മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുംറയും (1) പുറത്തായതോടെ എല്ലാ പ്രതീക്ഷയും സൂര്യകുമാര്‍ യാദവിലായിരുന്നു. എന്നാല്‍ സൂര്യക്ക് (28 പന്തില്‍ 18) അടിക്കാനുള്ള ഒരു വകയും ഓസീസ് ബൗളര്‍മാരില്‍ നിന്ന് ലഭിച്ചില്ല.  ബാറ്ററായി ടീമിലുള്ള സൂര്യക്ക് മുമ്പ് ബാറ്റിംഗിനിറങ്ങിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജക്ക് ഒമ്പത് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
പത്തോവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു ഇന്ത്യക്ക്. മുന്നൂറിനടുത്തെങ്കിലും സ്‌കോര്‍ ലക്ഷ്യമിട്ടാണ് ഇ്ന്ത്യ തുടങ്ങിയത്. രോഹിത് ശര്‍മ തുടക്കം മുതല്‍ സാഹസം കാട്ടി. വിരാട് കോലി പോലും ഇന്നിംഗ്‌സിന്റെ തുടക്കമായിട്ടും തുടരെ മൂന്ന് ബൗണ്ടറി നേടി. രാത്രി മഞ്ഞുവീഴ്ചയുണ്ടായാല്‍ ബാറ്റിംഗ് കൂടുതല്‍ എളുപ്പമാവും. അതിനാല്‍ 20 റണ്‍സെങ്കിലും ഇന്ത്യ കൂടുതല്‍ നേടേണ്ടതുണ്ട്. 
ഫൈനലില്‍ ഇന്ത്യ പതിനാറോവറില്‍ മൂന്നു വിക്കറ്റിന് 100 റണ്‍സെടുത്തു. പത്തോവറില്‍ 82 റണ്‍സ് പിന്നിട്ടുവെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമായി. സ്പിന്നിനെ വിളിച്ചാണ് രോഹിത് ശര്‍മയുടെ (31 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമായി 47) ആക്രമണം ഓസീസ് മുനയൊടിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെലിനെ തുടര്‍ച്ചയായി സിക്‌സറിനും ബൗണ്ടറിക്കും പായിച്ച രോഹിതിനെ അടുത്ത പന്തില്‍ സ്പിന്നര്‍ പുറത്താക്കി. 
1983 ലെ ലോകകപ്പ് ഫൈനലില്‍ വെസ്റ്റിന്‍ഡീസിന്റെ കുതിപ്പ് നിലച്ചത് അവരുടെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ വീവ് റിച്ചാഡ്‌സിനെ അതിഗംഭീര ക്യാച്ചില്‍ കപില്‍ദേവ് പുറത്താക്കിയതാണ്. അതോടെ വിന്‍ഡീസിനെ ചെറിയ സ്‌കോറിലൊതുക്കി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ഓസ്‌ട്രേലിയ ഇത്തവണ കിരീടം നേടുകയാണെങ്കില്‍ ട്രാവിസ് ഹെഡിന്റെ ക്യാച്ച് അതുപോലെ ചര്‍ച്ച ചെയ്യപ്പെടും. കനത്ത പ്രത്യാക്രമണവുമായി മുന്നേറുകയായിരുന്ന രോഹിത് ശര്‍മയുടെ ലക്ഷ്യം തെറ്റിയ അടി പോയന്റില്‍ നിന്ന് 20 വാരയോളം ഓടി, തന്റെ ചുമലിന് മുകളിലൂടെ പന്തിന്റെ ഗതി ഉടനീളം നിരീക്ഷിച്ച് ഡൈവ് ചെയ്ത് ഹെഡ് പിടിക്കുകയായിരന്നു. അതുവരെ ഇന്ത്യ നേടിയ റണ്‍സിന്റെ 62 ശതമാനവും രോഹിതിന്റെ ബാറ്റില്‍ നിന്നായിരുന്നു. 
നേരിട്ട രണ്ടാമത്തെ പന്ത് ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യര്‍ തുടങ്ങിയത്. എന്നാല്‍ പാറ്റ് കമിന്‍സിനെ വിക്കറ്റ് കീപ്പര്‍ക്ക് എഡ്ജ് ചെയ്തു. 
ഇന്ത്യ 6.3 ഓവറില്‍ അമ്പത് പിന്നിട്ടത് ലോകകപ്പ് ഫൈനലുകളിലെ റെക്കോര്‍ഡാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തുടര്‍ച്ചയായ മൂന്നു പന്തുകള്‍ വിരാട് കോലി അതിര്‍ത്തി കടത്തി. റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ എട്ടാം ഓവറില്‍ സ്പിന്നര്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ ഓസ്‌ട്രേലിയ വിളിച്ചു. 
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ കുലുങ്ങിയില്ല. ട്രാവിസ് ഹെഡും പാറ്റ് കമിന്‍സും ആഡം സാംപയും ആദ്യ ഓവറില്‍ തന്നെ ബൗണ്ടറികള്‍ രക്ഷിച്ചു. 
എട്ടാമത്തെ പന്തില്‍ ക്രീസ് വിട്ടിറങ്ങി രോഹിത് ശര്‍മ ആദ്യ ബൗണ്ടറി പായിച്ചു. അടുത്ത പന്തില്‍ കവര്‍ഡ്രൈവും ബൗണ്ടറി കടന്നു. 
എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ തുടക്കം കേമമായില്ല. സ്റ്റാര്‍ക്കിനെ എഡ്ജ് ചെയ്തത് ഒന്നാം സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന് പിടിക്കാനായില്ല. നാലാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ രോഹിത് സിക്‌സറിനുയര്‍ത്തിയത് കഷ്ടിച്ചാണ് ഡീപില്‍ ട്രാവിസ് ഹെഡില്‍ നിന്നകന്നത്. അതു വകവെക്കാതെ അതേ ഓവറില്‍ സിക്‌സറും പിന്നാലെ ബൗണ്ടറിയും പായിച്ചു. 
സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഗില്‍ മിഡോണില്‍ സാംപക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. പക്ഷെ രോഹിതിനെ തടുക്കാനായില്ല. ഓവറിലെ അവസാന പന്ത് രോഹിത് ലോംഗോഫിലൂടെ ഗാലറിയിലെത്തിച്ചു. 


 

Latest News