ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം, ഗില്‍ പുറത്ത്

അഹമ്മദാബാദ് - ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആക്രമണത്തോടെ തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍.ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ കുലുങ്ങിയില്ല. ട്രാവിസ് ഹെഡും പാറ്റ് കമിന്‍സും ആഡം സാംപയും ആദ്യ ഓവറില്‍ തന്നെ ബൗണ്ടറികള്‍ രക്ഷിച്ചു. 
എട്ടാമത്തെ പന്തില്‍ ക്രീസ് വിട്ടിറങ്ങി രോഹിത് ശര്‍മ ആദ്യ ബൗണ്ടറി പായിച്ചു. അടുത്ത പന്തില്‍ കവര്‍ഡ്രൈവും ബൗണ്ടറി കടന്നു. 
എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ തുടക്കം കേമമായില്ല. സ്റ്റാര്‍ക്കിനെ എഡ്ജ് ചെയ്തത് ഒന്നാം സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന് പിടിക്കാനായില്ല. നാലാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിനെ രോഹിത് സിക്‌സറിനുയര്‍ത്തിയത് കഷ്ടിച്ചാണ് ഡീപില്‍ ട്രാവിസ് ഹെഡില്‍ നിന്നകന്നത്. അതു വകവെക്കാതെ അതേ ഓവറില്‍ സിക്‌സറും പിന്നാലെ ബൗണ്ടറിയും പായിച്ചു. 
സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഗില്‍ മിഡോണില്‍ സാംപക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. പക്ഷെ രോഹിതിനെ തടുക്കാനായില്ല. ഓവറിലെ അവസാന പന്ത് രോഹിത് ലോംഗോഫിലൂടെ ഗാലറിയിലെത്തിച്ചു. 21 പന്തില്‍ രോഹിത് രണ്ട് സിക്‌സറും മൂന്നു ബൗണ്ടറിയുമായി 32 റണ്‍സെടുത്തു. വിരാട് കോലിയാണ് കൂട്ട്. ഇന്ത്യ ആറോവറില്‍ ഒന്നിന് 40 റണ്‍സെടുത്തു. 
 

Latest News