ലോകകപ്പ് ഫൈനല്‍; തന്ത്രങ്ങള്‍ ഇങ്ങനെ

ലോകകപ്പ് ഫൈനല്‍
ഇന്ത്യ x ഓസ്‌ട്രേലിയ
അഹമ്മദാബാദ്, നാളെ 11.30

അഹമ്മദാബാദ് - ആദ്യ പത്തോവര്‍ പവര്‍പ്ലേയില്‍ ഏറ്റവും വേഗം സ്‌കോര്‍ ചെയ്യുകയും ഏറ്റവും പിശുക്കി പന്തെറിയുകയും ചെയ്യുന്ന രണ്ട് ടീമുകളാണ് ലോകകപ്പ് ഫൈനലില്‍ നാളെ ഏറ്റുമുട്ടുന്നത്. പവര്‍പ്ലേയില്‍ ഇന്ത്യയുടെ റണ്‍റെയ്റ്റ് 6.87, ഓസ്‌ട്രേലിയയുടേത് 6.55. ഇന്ത്യ റണ്‍ വഴങ്ങുന്നത് 4.34 നിരക്കില്‍, ഓസ്‌ട്രേലിയ 4.75. ഫൈനലിന്റെയും ഗതി നിര്‍ണയിക്കുക പവര്‍പ്ലേയിലെ ബൗളിംഗും ബാറ്റിംഗുമാണ്. രണ്ടിലും ഇന്ത്യയാണ് മുന്നില്‍. ജസ്പ്രീത് ബുംറ പവര്‍പ്ലേയില്‍ റണ്‍ വഴങ്ങുന്നത് ഓവറില്‍ 3.13 റണ്‍സ് മാത്രമാണ്. 
അഹമ്മദാബാദിലെ പിച്ചില്‍ സ്വിംഗും സീമും കുറവായിരിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ തന്ത്രം മാറ്റാന്‍ സാധ്യതയുണ്ട്. ബുംറക്കൊപ്പം മുഹമ്മദ് ഷമി ബൗളിംഗ് ഓപണ്‍ ചെയ്‌തേക്കും. കാരണം ഓസീസിന്റെ ഓപണര്‍മാര്‍ ഇടങ്കൈയന്മാരാണ്. ഈ ലോകകപ്പില്‍ ഇടങ്കൈയന്മാര്‍ക്കെതിരെ 52 ബോള്‍ എറിഞ്ഞ ഷമി 32 റണ്‍സ് മാത്രം വഴങ്ങി എട്ട് വിക്കറ്റെടുത്തിട്ടുണ്ട്. ഓഫ്സ്റ്റമ്പിന് പുറത്ത് ട്രാവിസ് ഹെഡിന്റെ ദൗര്‍ബല്യം മുതലാക്കാന്‍ ഷമിക്ക് സാധിക്കും. എറൗണ്ട് ദ വിക്കറ്റായി ഡേവിഡ് വാണറെ വെളളം കുടിപ്പിക്കാനാവും. ഏകദിനങ്ങളില്‍ ബുംറയുടെ 117 പന്തില്‍ വാണര്‍ 130 റണ്‍സെടുത്തിട്ടുണ്ട്. ഒരിക്കലും പുറത്തായിട്ടില്ല. 
പന്ത് ചലിക്കാത്ത പിച്ചില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് തല്ല് കിട്ടാന്‍ സാധ്യതയുണ്ടെന്നതാണ് ഓസീസിന്റെ തലവേദന. അതിനാല്‍ പാറ്റ് കമിന്‍സ് നേരത്തെ ബൗളിംഗിന് വന്നേക്കും. ജോഷ് ഹെയ്‌സല്‍വുഡായിരിക്കും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുക. ആ വെല്ലുവിളിയെ പ്രത്യാക്രമണത്തിലൂടെ നേരിടാന്‍ രോഹിത് ശര്‍മ ശ്രമിക്കും. ചെന്നൈയിലെ ഗ്രൂപ്പ് മത്സരത്തില്‍ രണ്ട് റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യയുടെ മൂന്നു വിക്കറ്റ് സ്വന്തമാക്കാന്‍ ഓസീസിന് സാധിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ലീഗ് മത്സരത്തില്‍ ആര്‍. അശ്വിന്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. പിന്നീട് റിസര്‍വ് ബെഞ്ചിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അശ്വിന്‍ സജീവമായി പരിശീലനം നടത്തുന്നുണ്ട്. മുഹമ്മദ് സിറാജിനു പകരം അശ്വിന്‍ കളിക്കുമോ? വെറും രണ്ട് പെയ്‌സര്‍മാരുമായി ഇറങ്ങുന്നത് വലിയ സാഹസമായിരിക്കും. 
അതേപോലെ ധര്‍മസങ്കടം ഓസീസിനുമുണ്ട്. ഇടങ്കൈയന്‍ സ്പിന്നിനെതിരെ വെള്ളം കുടിക്കുന്ന മാര്‍നസ് ലാബുഷൈനെ മാറ്റി മാര്‍്ക്കസ് സ്റ്റോയ്‌നിസിനെ കളിപ്പിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാവും. പ്രശ്‌നം ഓസീസ് മുന്‍നിരയില്‍ ഇടങ്കൈയന്മാരും അറ്റാക്കിംഗ് ബാറ്റര്‍മാരും ധാരാളമുണ്ട്. നങ്കൂരമിടാന്‍ വലങ്കൈയനായ ലാബുഷൈന്‍ വേണം. 
ഓസ്‌ട്രേലിയയുടെ മൂന്നാം നമ്പര്‍ മുതല്‍ ഏഴാം നമ്പര്‍ വരെ ബാറ്റര്‍മാര്‍ വലങ്കൈയന്മാരാണ്. വലങ്കൈയന്മാര്‍ക്കെതിരെ രവീന്ദ്ര ജദേജക്ക് മികച്ച റെക്കോര്‍ഡാണ്. ലീഗ് മത്സരത്തില്‍ സ്റ്റീവ് സ്മിത്തിനെയും ലാബുഷൈനെയും ജദേജ പുറത്താക്കിയിട്ടുണ്ട്. ഏതെങ്കിലും ഇടങ്കൈയന്‍ ബാറ്റര്‍ പവര്‍പ്ലേ അതിജീവിച്ചാല്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കാത്തുവെക്കും. ഓസീസിന്റെ പ്രധാന സ്പിന്നര്‍ ആഡം സാംപയെ മെരുക്കാന്‍ ഇന്ത്യന്‍ മധ്യനിരക്ക് സാധിക്കാറുണ്ട്. 
കഴിഞ്ഞ മൂന്ന് ലോകകപ്പ് ഫൈനലും നാല് ട്വന്റി20 ലോകകപ്പ് ഫൈനലും ജയിച്ചത് ചെയ്‌സിംഗ് ടീമാണ്. ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ നാലു കളികളില്‍ മൂന്നിലും ജയിച്ചത് ചെയ്‌സിംഗ് ടീമാണ്. ഇവിടെ നടന്ന രണ്ട് ഐ.പി.എല്‍ ഫൈനലിലും അതാണ് കഥ. അതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഫഌ്‌ലൈറ്റില്‍ ബാറ്റിംഗ് കൂടുതല്‍ അനായാസമാവും. ഓസ്‌ട്രേലിയ ആഗ്രഹിക്കുക ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയും ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കുകയും ചെയ്യാനാണ്. അല്ലെങ്കില്‍ ഇന്ത്യ പതിനൊന്നാമത്തെ കളിയും അനായാസമായി ജയിച്ചേക്കും. 
 

Latest News