ലോകകപ്പ് ഫൈനല്‍
ഇന്ത്യ x ഓസ്ട്രേലിയ
അഹമ്മദാബാദ്, നാളെ 11.30
അഹമ്മദാബാദ് - 130 കോടി ജനങ്ങള്‍, 1.30 ലക്ഷം കാണികള്‍, വിജയത്തിന്റെ ഓളങ്ങളിലാണ് നീലക്കടല്‍. ഈ ലോകകപ്പില്‍ ഇന്ത്യ മേധാവിത്തം പുലര്‍ത്തിയതു പോലെ സര്‍വം ചവിട്ടിമെതിച്ച് മുന്നേറാന്‍ അപൂര്‍വം ടീമുകള്‍ക്കേ സാധിച്ചിട്ടുള്ളൂ. ഇന്ത്യയുടെ ശരാശരി വിജയ മാര്‍ജിന്‍ 175 റണ്‍സാണ്, ചെയ്സ് ചെയ്യുമ്പോള്‍ ശരാശരി 11 ഓവര്‍ ശേഷിക്കെയാണ് വിജയങ്ങള്‍. രണ്ടു തവണ എതിരാളികളെ ഇന്ത്യന്‍ ബൗളര്‍മാര്‍ 80ല്‍ താഴെ റണ്‍സിന് എറിഞ്ഞിട്ടു. അഞ്ചു തവണ ബാറ്റിംഗ് തെരഞ്ഞെടുത്തതില്‍ നാലു തവണയും 325 നു മേല്‍ സ്കോര്‍ ചെയ്തു. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാലു പേരും സെഞ്ചുറി നേടി, ശുഭ്മന്‍ ഗില്ലിന് സെമിയില്‍ സെഞ്ചുറി നഷ്ടപ്പെട്ടത് പേശിവേദന കാരണം പിന്മാറിയതിനാലാണ്. ഇന്ത്യന്‍ ബൗളിംഗും ഫീല്‍ഡിംഗും മറ്റൊരു തലത്തിലാണ്. വിജയത്തിന് താരാട്ട് പാടുകയാണ് നീലക്കടല്‍ പോലെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഗാലറി. 2007 ല്‍ ഓസ്ട്രേലിയക്കു മാത്രമേ ഇത്ര ആധികാരികമായി മുന്നേറാന്‍ സാധിച്ചിട്ടുള്ളൂ. ഈ ലോകകപ്പ് രോഹിത് ശര്‍മ ഉയര്‍ത്തിയിട്ടില്ലെങ്കില്‍ അതാണ് വാര്‍ത്ത.
ആദ്യ രണ്ട് കളികളില്‍ കാലിടറിയ ശേഷം എട്ട് ജയവുമായാണ് ഓസീസ് ഫൈനലിലെത്തിയത്. പക്ഷെ രണ്ടു കളികളില്‍ അവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ 292 റണ്‍സ് ലക്ഷ്യം പിന്തുടരവെ ഏഴിന് 91 ലേക്ക് തകര്‍ന്നിരുന്നു. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ബൗളര്‍മാര്‍ വേണ്ടിവന്നു അവരെ ലക്ഷ്യം കടത്താന്‍.
ഇന്ത്യക്ക് നിരവധി വിജയശില്പിമാരുണ്ട് ഇന്ത്യക്ക്. ഓസീസിന് ആ ധാരാളിത്തമില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് സെമിഫൈനലിലാണ് ഫോമിലെത്തിയത്. സ്റ്റീവ് സ്മിത്ത് പരുങ്ങുകയാണ്. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പക്ഷെ ഒരു ലക്ഷം പേരുടെ ഗാലറിയൊന്നും ഓസീസിനെ തളര്‍ത്താന്‍ പോവുന്നില്ല. ഇന്ത്യന്‍ വിക്കറ്റ് വീഴുമ്പോഴും ഓസീസ് ബൗണ്ടറി നേടുമ്പോഴും ഗാലറി ശാന്തമാവുന്നത് ആസ്വദിക്കുമെന്നാണ് പാറ്റ് കമിന്‍സ് പറയുന്നത്. 2015 ലെ ഫൈനല്‍ ജയിച്ച അഞ്ചു പേര് ഓസീസ് പ്ലേയിംഗ് ഇലവനിലുണ്ടാവും. 2021 ലെ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായവരും അവരുടെ നിരയിലുണ്ട്.
ഇന്ത്യ അനായാസമാണ് ഇതുവരെ ജയിച്ചത്. അതിനൊരു മറുവശമുണ്ട്. കളി ഇഞ്ചോടിഞ്ചാവുമ്പോള് അത്തരം മുഹൂര്‍ത്തങ്ങള്‍ പരിചയിച്ച മുന്‍തൂക്കം ഓസീസിനാണ്. പക്ഷെ അത്ര ഇഞ്ചോടിഞ്ചാവാന് ഇന്ത്യ അനുവദിക്കുമോയെന്നതാണ് ചോദ്യം.
അഞ്ചാമത്തെ കളിയിലാണ് മുഹമ്മദ് ഷമി ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കു കാരണം വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍. ഫൈനലില്‍ ഇന്ത്യന്‍ ടീം ലിസ്റ്റില്‍ ആദ്യ പേര് ഷമിയുടേതായിരിക്കും. മൂന്നു തവണ ഷമി അഞ്ച് വിക്കറ്റെടുത്തു, ഒരു തവണ നാലു വിക്കറ്റും. സെമിയില്‍ നേടിയത് ഏഴു വിക്കറ്റാണ്. ആകെ ആറു കളികളില്‍ 23 വിക്കറ്റ്. ഏത് പിച്ചിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നേടാനാവും.
രണ്ട് പെയ്സ്ബൗളിംഗ് ക്യാപ്റ്റന്മാരേ ലോകകപ്പ് നേടിയിട്ടുള്ളൂ -കപില്‍ദേവും ഇംറാന്‍ ഖാനും. അവര്‍ക്കൊപ്പം പേരെഴുതിച്ചേര്‍ക്കാന്‍ പാറ്റ് കമിന്‍സിന് കിട്ടുന്ന അവസരമാണ് ഇത്. രണ്ടു പേരെയും പോലെ ബാറ്റിംഗിലും കമിന്‍സ് നിര്‍ണായക സംഭാവന നല്കി. പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനെതിരെയും സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും.






