മോണ്ടിവിഡിയൊ - ഖത്തറില്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ലോക ചാമ്പ്യന്മാരായ ശേഷം ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനക്ക് ആദ്യ തോല്‍വി. മോണ്ടിവിഡിയോയില് നടന്ന ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വായ് അവരെ 2-0 ന് തോല്പിച്ചു. കഴിഞ്ഞ കളിയില്‍ ബ്രസീലിനെയും ഉറുഗ്വായ് 2-0 ന് ഞെട്ടിച്ചിരുന്നു.
യോഗ്യതാ റൗണ്ടിലെ ആദ്യ നാലു കളികളും ജയിച്ച അര്‍ജന്റീനക്കെതിരായ വിജയം ഉറുഗ്വായുടെ യുവ ടീമിന് ആവേശം പകരും. അര്‍ജന്റീനയുടെ തോല്‍വി ബ്രസീലിന് മുതലാക്കാനായില്ല. കൊളംബിയയില്‍ അവര്‍ 1-2 ന് തോറ്റു. പിതാവിനെ തീവ്രവാദികള്‍ റാഞ്ചിയതിന്റെ പേരില്‍ ലോകശ്രദ്ധ നേടിയ ലിവര്‍പൂള്‍ താരം ലൂയിസ് ഡിയാസാണ് കൊളംബിയയുടെ രണ്ടു ഗോളുമടിച്ചത്.
അര്‍ജന്റീനയുടെ അവസാന തോല്‍വി ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സൗദി അറേബ്യയോടായിരുന്നു. പിന്നീട് 14 മത്സരങ്ങള്‍ക്കു ശേഷമാണ് അവര്‍ തോല്‍വി രുചിക്കുന്നത്. 41ാം മിനിറ്റില്‍ ഡിഫന്റര്‍ റൊണാള്‍ഡ് അരോഹോയാണ് ഉറുഗ്വായുടെ ആദ്യ ഗോളടിച്ചത്. 87ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡാര്വിന് നൂനസ് രണ്ടാം ഗോളടിച്ചു. മെസ്സിയുള്‍പ്പെടുന്ന അര്‍ജന്റീന ഗോള്‍മടക്കാന്‍ കഠിനാധ്വാനം നടത്തുമ്പോഴായിരുന്നു രണ്ടാം ഗോള്‍. . 55ാം മിനിറ്റില്‍ എയിംഗല്‍ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മെസ്സി എടുത്തത് ക്രോസ്ബാറിനെ വിറപ്പിച്ചിരുന്നു.
തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഉറുഗ്വായ്. അര്‍ജന്റീനക്കാരനായ മാഴ്സെലൊ ബിയല്‍സയാണ് ഉറുഗ്വായ് കോച്ച്. മെസ്സിയും യൂലിയന്‍ അല്‍വരേസും ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്ടിനേസുമുള്പ്പെടെ ലോകകപ്പില്‍ കളിച്ച മിക്കവാറും താരങ്ങള്‍ അര്‍ജന്റീന ടീമിലുണ്ടായിരുന്നു. യുവതാരങ്ങളാണ് ഉറുഗ്വായ്ക്കു വേണ്ടി പൊരുതിയത്. ലൂയിസ് സോറസിനെ ടീമിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും കളത്തിലിറങ്ങിയില്ല.
കൊളംബിയ ഗോള്‍ വഴങ്ങിയ ശേഷം നാല് മിനിറ്റിനിടയിലാണ് ബ്രസീലിന് ഇരട്ടപ്രഹരമേല്പിച്ചത്. ഒക്ടോബറില്‍ കൊളംബിയന്‍ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോവുകയും കഴിഞ്ഞയാഴ്ച മോചിപ്പിക്കുകയും ചെയ്ത ഡിയാസിന്റെ പിതാവ് ലൂയിസ് മാന്വേല്‍ ഡിയാസ് മകന്റെ ഇരട്ട ഗോള്‍ വീക്ഷിക്കാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. നാലാം മിനിറ്റില്‍ തന്നെ ഗബ്രിയേല്‍ മാര്ടിനെല്ലിയിലൂടെ ബ്രസീല്‍ ലീഡ് നേടി. 75, 79 മിനിറ്റുകളിലായിരുന്നു ഡിയാസിന്റെ ഗോളുകള്‍. 27ാം മിനിറ്റില്‍ വിനിസിയൂസ് ജൂനിയര്‍ പരിക്കേറ്റ് പിന്മാറിയത് ബ്രസീലിന് ക്ഷീണമായി. യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ രണ്ടാം തോല്‍വിയാണ് ഇത്.
വെനിസ്വേലയും ഇക്വഡോറും ഗോള്‍രഹിത സമനില പാലിച്ചു. ബൊളീവിയ ആദ്യ വിജയം നേടി, പെറുവിനെ 2-0 ന് തോല്പിച്ചു. പത്തു പേരുമായി രണ്ടാം പകുതി മുഴുവന്‍ കളിച്ച പാരഗ്വായ് എവേ മത്സരത്തില്‍ ചിലിയെ ഗോളടിക്കാതെ പിടിച്ചുകെട്ടി.






