ഇവിടെ നിര്‍ത്തില്ല, കൂടുതല്‍ പ്രമുഖര്‍ വരും -സൗദി ലീഗ്

ജിദ്ദ - വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ ജാലകങ്ങളില്‍ പ്രമുഖരായ കൂടുതല്‍ കളിക്കാരെ ലക്ഷ്യമിടുമെന്ന് സൗദി പ്രൊ ലീഗിന്റെ ഫുട്‌ബോള്‍ ഡയരക്ടര്‍ മിഷേല്‍ എമനാലൊ. കഴിഞ്ഞ സീസണില്‍ വിദേശ കളിക്കാരെ കൊണ്ടുവരാനായി സൗദി ക്ലബ്ബുകള്‍ ചെലവിട്ടത് 70.1 കോടി പൗണ്ടാണ്. പി.എസ്.ജിയില്‍ നിന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെയെയും ലിവര്‍പൂളില്‍ നിന്ന് ഈജിപ്ഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലാഹിനെയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നുവെങ്കില്‍ ഈ തുക ഏറെ വര്‍ധിക്കുമായിരുന്നു. 
ഇനി മുന്‍നിര കളിക്കാരെയായിരിക്കും ലക്ഷ്യം വെക്കുകയെന്ന് സൗദി ലീഗിന്റെ പ്ലയര്‍ അക്വിസിഷന്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് (പെയ്‌സ്) മേധാവി കൂടിയായ എമനാലൊ വെളിപ്പെടുത്തി. ഇപ്പോള്‍ മിക്ക ക്ലബ്ബുകള്‍ക്കും ആവശ്യമുള്ള കളിക്കാരുണ്ട്. അവര്‍ക്ക് പുതിയ സാഹചര്യവുമായി ഇണങ്ങാനും മികവ് കാണിക്കാനുമായി ട്രയ്‌നിംഗ് സൗകര്യങ്ങള്‍ അനുവദിക്കുകയെന്നതാണ് അടുത്ത ദൗത്യം. ഏതെങ്കിലും ക്ലബ്ബിന് മികച്ച കളിക്കാരെ വേണ്ടതുണ്ടെങ്കില്‍ അതിനുള്ള സമയമുണ്ട്, എല്ലാ ഒരുക്കങ്ങളും നടത്തും. സൗദി അറേബ്യയിലേക്ക് വരാന്‍ തയാറാവുന്ന ഏത് മുന്‍നിര കളിക്കാരനും പിന്തുണയും സൗകര്യവുമൊരുക്കും -ചെല്‍സിയുടെ മുന്‍ ടെക്‌നിക്കല്‍ ഡയരക്ടര്‍ കൂടിയായ എമനാലൊ വിശദീകരിച്ചു. 
നേരത്തെ തന്നെ ഏഷ്യയില്‍ ഏറ്റവും മികച്ച കളിക്കാരെ കൊണ്ടുവരുന്നത് സൗദി ക്ലബ്ബുകളായിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അന്നസ്‌റിലേക്ക് വന്നതോടെ ചിത്രം പൂര്‍ണമായി മാറി. നെയ്മാര്‍, കരീം ബെന്‍സീമ, റിയാദ് മഹ്‌റേസ്, റൂബന്‍ നെവെസ്, സാദിയൊ മാനെ തുടങ്ങി ലോകോത്തര താരങ്ങള്‍ സൗദിയിലെത്തി. ഫുട്‌ബോളില്‍ ദീര്‍ഘകാലമായി മുന്‍നിരയിലുള്ള ഈ കളിക്കാരെ സൗദി ലീഗിന് ലഭിച്ചത് ഭാഗ്യമാണെന്ന് എമനാലൊ പറഞ്ഞു. അസാധാരണ കഴിവുള്ളവരാണ് അവര്‍. അത് പകര്‍ത്താന്‍ സൗദിയിലെ ഓരോ കുട്ടിയും ശ്രമിക്കും -അദ്ദേഹം പറഞ്ഞു. 

Latest News