കൊല്‍ക്കത്ത - ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്താനുള്ള ദക്ഷിണാഫ്രിക്കയുടെ അഞ്ചാമത്തെ ശ്രമമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ തരിപ്പണമായത്. അഞ്ച് നോക്കൗട്ട് മത്സരങ്ങളില്‍ മൂന്നാം തവണ അവര്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ മുട്ടുകുത്തി. 1999 ലെ നാടകീയമായ സെമി ഫൈനല്‍ ടൈ ആയിരുന്നുവെങ്കിലും മുന്‍ ഫലത്തെ ആശ്രയിച്ച് ഓസ്‌ട്രേലിയ ഫൈനലിലെത്തി.
2007 ലെ കരീബിയന്‍ ലോകകപ്പ് സെമി ഫൈനലിലും ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോഴാണ് ദക്ഷിണാഫ്രിക്കക്കു പിഴച്ചത്. അന്ന് 27 റണ്‍സെടുക്കുമ്പോഴേക്കാണ് നാലു വിക്കറ്റ് നഷ്ടപ്പെട്ടതെങ്കില്‍ ഇത്തവണ 24 റണ്‍സിന് നാല് വിക്കറ്റ് നിലംപതിച്ചു. എന്നാല്‍ 2007 ല്‍ 43.5 ഓവറില്‍ 149 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. പെയ്‌സ്ബൗളര്‍മാരായ ഗ്ലെന്‍ മക്ഗ്രായും ഷോണ്‍ ടയ്റ്റും ഏഴു വിക്കറ്റ് പങ്കുവെച്ചു. 111 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചു.






