മുംബൈ - എത്ര പെട്ടെന്നാണ് വിരാട് കോലി തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതെന്നും അന്നത്തെ കുട്ടി എത്ര പെട്ടെന്നാണ് വിരാടപുരുഷനായി മാറിയതെന്നും സചിന് ടെണ്ടുല്‍ക്കര്‍. ആദ്യമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ കണ്ടുമുട്ടിയപ്പോള്‍ മറ്റു കളിക്കാര്‍ തമാശയാക്കി എന്റെ കാലില്‍ തൊടുവിച്ചു, അന്നെനിക്ക് ചിരിയടക്കാനായില്ല. പക്ഷെ ആവേശവും പ്രതിഭയും കൊണ്ട് താങ്കള്‍ എന്റെ ഹൃദയം കീഴടക്കി. ഒരു ഇന്ത്യന്‍ കളിക്കാരന് തന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ അതീവ സന്തോഷമുണ്ടെന്നും ലോകകപ്പ് സെമി ഫൈനലില്‍ തന്റെ ഹോം ഗ്രൗണ്ടില്‍ അത് സാധിച്ചത് തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണെന്നും സചിന് പറഞ്ഞു.
ലോകകപ്പ് സെമിഫൈനലിന്റെ ഉന്നതമായ വേദിയില്‍ അമ്പതാം ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കാനായത് പിക്ചര്‍ പെര്‍ഫെക്ട് (അന്യൂനമായ ചിത്രം) ആയി തോന്നുന്നുവെന്ന് വിരാട് കോലി. ഏറ്റവും സ്നേഹിക്കുന്ന ജീവിതപങ്കാളി അനുഷ്ക ശര്‍മയെയും തന്റെ ഹീറോ സചിന് ടെണ്ടുല്‍ക്കറെയും സാക്ഷിയാക്കി വാംഖഡെയിലെ ചരിത്രവേദിയില്‍ സചിന്റെ ഇരട്ട റെക്കോര്‍ഡ് സ്വന്തമാക്കാനായത് സ്വപ്നം പോലെ തോന്നുന്നുവെന്ന് കോലി പറഞ്ഞു.
42ാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ സ്ക്വയര്‍ലെഗിലേക്ക് ഫഌക്ക് ചെയ്ത് ഡബ്ള്‍ നേടിയാണ് 106 പന്തില്‍ ഒരു സിക്സറും എട്ട് ബൗണ്ടറിയുമായി കോലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ചാടിയുയര്‍ന്ന് ആഹ്ലാദം പ്രകടിപ്പിച്ച ശേഷം കോലി ഹെല്‍മറ്റഴിച്ച് സചിനും അനുഷ്കയും ഇരുന്ന ഗാലറിയുടെ ഭാഗത്തേക്ക് നോക്കി തൊഴുതു. അനുഷ്കയും സചിന് പാജിയും നോക്കിനില്‍ക്കെ റെക്കോര്‍ഡ് സ്വന്തമാക്കാനയത് സ്വപ്നം പോലെ തോന്നുന്നുവെന്ന് കോലി പറഞ്ഞു. ഈ സന്തോഷം വാക്കുകള്‍ക്കതീതമാണ്. പൂര്‍ണതയുള്ള ചിത്രം വരക്കാനാവശ്യപ്പെടുകയാണെങ്കില് അത് ഇതുപോലെയുണ്ടാവും.






