വാംഖഡെയില്‍ ആര് വാഴും? ലോകകപ്പില്‍ ആദ്യ സെമി

ഇന്ത്യ x ന്യൂസിലാന്റ്
മുംബൈ, ഇന്ന് രാവിലെ 11.30

മുംബൈ - ഇന്ത്യയുടെ അജയ്യമായ കുതിപ്പിന് മുന്നില്‍ ന്യൂസിലാന്റിന് പിടിച്ചുനില്‍ക്കാനാവുമോ, സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയുടെ വഴി മുടക്കുന്ന ന്യൂസിലാന്റ് ആ പതിവ് തുടരുമോ? മുംബൈ വാംഖഡെയില്‍ ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും. നീലക്കടലായി മാറുന്ന ഗാലറി ഇന്ത്യക്ക് ആവേശം പകരുമോ അതോ സമ്മര്‍ദ്ദം സൃഷ്ടിക്കുമോ? ഇതുവരെ സമ്മര്‍ദ്ദത്തോട് ടീം പ്രതികരിച്ച രീതി വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് പ്രഖ്യാപിച്ചു. 
ഭ്രാന്തമായ സ്വപ്‌നങ്ങളില്‍ പോലും പ്രതീക്ഷിക്കാത്ത ലോകകപ്പാണ് ഇന്ത്യക്ക് ഇതുവരെ. 2019 ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനോട് തോറ്റ ശേഷം ഇന്ത്യ നടത്തിയ ആസൂത്രണത്തിന്റെ ഫലമാണ് ഈ ലോകകപ്പില്‍ കാണുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത് ന്യൂസിലാന്റായിരുന്നു. 
ആസൂത്രണമാണ് ഇന്ത്യയെ ഇവിടെ വരെയെത്തിച്ചത്. നാലു വര്‍ഷത്തിനിടയില്‍ 66 കളികളിലായി 50 കളിക്കാരെ ഇന്ത്യ പരീക്ഷിച്ചു. ലോകകപ്പിന് ആറു മാസം ശേഷിക്കെ അവരില്‍ നിന്ന് 24 കളിക്കാരെ കണ്ടെത്തി. ജസ്പ്രീത് ബുംറക്കും ശ്രേയസ് അയ്യര്‍ക്കും കെ.എല്‍ രാഹുലിനും കായികക്ഷമത വീണ്ടെടുക്കാന്‍ ആവശ്യത്തിലേറെ സമയം നല്‍കി. സൂര്യകുമാര്‍ യാദവിനെ പരാജയപ്പെട്ടപ്പോഴും ടീമില്‍ നിലനിര്‍ത്തി. ആ പ്രയത്‌നങ്ങള്‍ ഫലപ്രാപ്തിയിലെത്താന്‍ രണ്ട് കളികള്‍ കൂടി. 
ഒരുപാട് ഭാഗ്യം കൊണ്ടാണ് ന്യൂസിലാന്റ് സെമി കളിക്കുന്നത്. രചിന്‍ രവീന്ദ്ര പൊടുന്നനെ സ്‌കോറിംഗ് തുടങ്ങി. ലോകകപ്പിനായി കണ്ടുവെച്ച ഓപണര്‍ വില്‍ യംഗിനെ അതോടെ പുറത്തിരുത്തേണ്ടി വന്നു. വിക്കറ്റ്കീപ്പറായിരുന്ന ഗ്ലെന്‍ ഫിലിപ്‌സിനെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറാക്കി മാറ്റി. കരിയറില്‍ ബൗള്‍ ചെയ്തതിന്റെ ഇരട്ടിയോളം ഈ ലോകകപ്പില്‍ ഗ്ലെന്‍ എറിഞ്ഞു. നിര്‍ഭാഗ്യങ്ങളും അവര്‍ മറികടന്നു. കെയ്ന്‍ വില്യംസനും മാറ്റ് ഹെന്റിക്കും പരിക്കേറ്റു. പാക്കിസ്ഥാനെതിരെ 401 റണ്‍സടിച്ചിട്ടും മഴ കളി തടസ്സപ്പെടുത്തി. 
ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് കളികളും ഇന്ത്യ ജയിച്ചു. അഞ്ച് ജയവുമായാണ് ന്യൂസിലാന്റ് ടിക്കറ്റുറപ്പിച്ചത്. സെമിയില്‍ രണ്ട് ടീമും പൂജ്യത്തില്‍ നിന്നാണ് തുടങ്ങുന്നതെന്ന് കിവീസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ ഓര്‍മിപ്പിക്കുന്നു. അവസരം കാത്തിരിക്കാനും ഒടുവില്‍ വാതില്‍ തുറന്നുകിട്ടുമ്പോള്‍ ഇടിച്ചുകയറാനും മിടുക്കരാണ് ന്യൂസിലാന്റ് ടീം. 2013 ലെ ചാമ്പ്യന്‍സ് ട്രോഫിക്കു ശേഷം നോക്കൗട്ട് മത്സരങ്ങളില്‍ കാലിടറുന്ന പതിവുണ്ട് ഇന്ത്യക്ക്. 
ഇന്നത്തെ സെമിയില്‍ ജസ്പ്രീത് ബുംറക്ക് നിര്‍ണായക പങ്കുണ്ടാവും. ബുംറയില്ലാത്ത ഇന്ത്യ കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ പൊട്ടി. ഈ ലോകകപ്പില്‍ ആദ്യ പത്തോവറിലെ ബുംറയുടെ 80 ശതമാനം പന്തുകളിലും റണ്ണെടുക്കാനായില്ല. മധ്യ ഓവറുകളില്‍ കൂട്ടുകെട്ടുകള്‍ തകര്‍ത്തു. അവസാന ഓവറുകളില്‍ യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളുമായി കളം വാണു. അത്ര ആധികാരികമായി പന്തെറിയാന്‍ ന്യൂസിലാന്റിന്റെ ട്രെന്റ് ബൗള്‍ടിന് സാധിച്ചിട്ടില്ല. പക്ഷെ രണ്ടാമത് ബൗള്‍ ചെയ്യാന്‍ അവസരം കിട്ടുകയാണെങ്കില്‍ ബൗള്‍ട് അപകടകാരിയാവും. 
തുടര്‍ച്ചയായ ആറാമത്തെ മത്സരത്തിലും ഇന്ത്യ ഒരേ ഇലവനെ കളിപ്പിച്ചേക്കും. പരിക്കേറ്റ ലോക്കി ഫെര്‍ഗൂസന്‍ സുഖം പ്രാപിച്ചതിനാല്‍ ന്യൂസിലാന്റ് ടീമിനും മാറ്റത്തിന് സാധ്യതയില്ല.
വാംഖഡെയില്‍ ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ഹരമാണ്. ചെയ്‌സ് ചെയ്യുമ്പോള്‍ ആദ്യ ഇരുപതോവര്‍ കഴിയുമ്പോഴും ബാറ്റിംഗ് എളുപ്പമാവും. എന്നാല്‍ ചെയ്‌സ് ചെയ്യുന്ന ടീമിന് ആദ്യ ഇരുപതോവര്‍ വലിയ പരീക്ഷണമാവും. മഴക്ക് സാധ്യതയില്ല. മഴ പെയ്താലും റിസര്‍വ് ദിനമുണ്ട്. 
ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്തതും (85) മികച്ച എക്കോണമി നിരക്കും (4.5) മികച്ച ശരാശരിയും (19.6) സ്‌ട്രൈക്ക് റെയ്റ്റും (26.2) ഇന്ത്യയുടേതാണ്. എന്നാല്‍ മികച്ച റണ്‍റെയ്റ്റ് (6.5) ന്യൂസിലാന്റിന്റേതാണ്. 

Latest News