കൊല്‍ക്കത്ത - കഴിഞ്ഞ മൂന്ന് ലോകകപ്പിലും ആതിഥേയ ടീമുകള്‍ ചാമ്പ്യന്മാരായ റെക്കോര്‍ഡ് ഇത്തവണ ഇന്ത്യ നിലനിര്‍ത്തുമോ? 2011 ല്‍ സ്വന്തം നാട്ടിലാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്ത്യന്‍ ടീം ലോകകപ്പുയര്‍ത്തിയത്. 2015 ല്‍ ഓസ്ട്രേലിയയും 2019 ല്‍ ഇംഗ്ലണ്ടും ചാമ്പ്യന്മാരായി. 2011 ന് മുമ്പ് ഒരു ആതിഥേയ ടീമേ ലോകകപ്പ് നേടിയിട്ടുള്ളൂ. 1996 ല്‍ ശ്രീലങ്ക. അത്തവണ ഇന്ത്യക്കും പാക്കിസ്ഥാനുമൊപ്പമാണ് ശ്രീലങ്ക ലോകകപ്പ് സംഘടിപ്പിച്ചത്. എന്നാല്‍ സുരക്ഷാഭീതി കാരണം രണ്ടു മത്സരങ്ങളേ അവിടെ നടന്നിട്ടുള്ളൂ.
2015 നു ശേഷം ഏകദിന ക്രിക്കറ്റിനെ അടിമുടി മാറ്റിയ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷം ടെസ്റ്റ് ടീമിലേക്കായി അവരുടെ ശ്രദ്ധ. അത് ഈ ലോകകപ്പില്‍ പ്രതിഫലിച്ചു. വലിയ ഉടച്ചുവാര്‍ക്കലിനാണ് ഇംഗ്ലണ്ട് ടീം വിധേയമാവുക. ചാമ്പ്യന്മാരെന്ന നിലയില്‍ കളിക്കുന്ന ഒരു ടീം ഇത്ര മോശം പ്രകടനം കാഴ്ചവെക്കുന്നത് ആദ്യമായാണ.
ഇതിന് മുമ്പ് ലോകകപ്പില്‍ ഒരു ടീമിനെ മാത്രമേ അഫ്ഗാനിസ്ഥാന് തോല്പിച്ചിട്ടുള്ളൂ -സ്കോട്ലന്റിനെ. ഇത്തവണ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോല്പിക്കുകയും ഓസ്ട്രേലിയയെ വിറപ്പിക്കുകയും ചെയ്തു. നെതര്‍ലാന്റ്സിനെയും കീഴടക്കി.
ഇത് വിരാട് കോലിയുടെ ലോകകപ്പാണ്. രണ്ട് അജയ്യ സെഞ്ചുറികളും അഞ്ച് അര്‍ധ ശതകങ്ങളുമായി റണ്‍ ചാര്‍ട്ടില്‍ ഒന്നാമതാണ് കോലി. ന്യൂസിലാന്റിനെതിരെ സിക്സറോടെ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയായിരുന്നു. 2014 ന് ശേഷം ആദ്യമായി വിക്കറ്റും നേടി കോലി. സചിന് ടെണ്ടുല്‍ക്കറുടെ റണ്‍സ് റെക്കോര്‍ഡും സെഞ്ചുറി റെക്കോര്‍ഡും കോലിയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടുകയാണ്.
ഈ ലോകകപ്പിന്റെ കണ്ടെത്തലെന്ന് രചിന് രവീന്ദ്രയെ വിശേഷിപ്പിക്കാം. രചിന് കരിയറിലെ മൂന്ന് സെഞ്ചുറികളും ഈ ലോകകപ്പിലാണ് സ്കോര്‍ ചെയ്തത്. അഫ്ഗാനിസ്ഥാനെതിരെ ഗ്ലെന്‍ മാക്സ്വെലിന്റെ പ്രകടനം എക്കാലത്തെയും മികച്ച വണ്‍ഡേ ഇന്നിംഗ്സായി പലരും കരുതുന്നു. ബൗളിംഗില്‍ മുഹമ്മദ് ഷമിയും ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയുമാണ് താരങ്ങള്‍.






