ടിരാന- അല്‍ബേനിയന്‍ ലീഗ് മത്സരത്തിനിടെ ഘാന ദേശീയ ഫുട്ബോള്‍ താരം റാഫേല്‍ ദ്വാമേന (28) മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എഗ്നേഷ്യയും പാര്‍ടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന മെഡിക്കല്‍ സംഘം പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017ല്‍ ദ്വാമേനക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നും മൈതാനങ്ങളില്‍ സജീവമായിരുന്നു. 2021 ല്‍ ഓസ്ട്രിയന്‍ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേന്ക്ക് ഇംപ്ലാന്റബിള്‍ കാര്ഡിയോവേര്ട്ടര്ഡിഫിബ്രിലേറ്റര് എന്ന ഉപകരണം ഘടിപ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ് ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനയ്ക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. അതിന് ശേഷം ദ്വാമേന അല്‍ബേനിയന്‍ ലീഗില്‍ സജീവമാകുകയായിരുന്നു.






