അഞ്ച് ബാറ്റര്‍മാര്‍, ഒരു സെഞ്ചുറി, നാല് അര്‍ധ ശതകം

ബംഗളൂരു - നെതര്‍ലാന്റ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ ക്രീസിലിറങ്ങിയ അഞ്ച് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ അഞ്ചും അര്‍ധ ശതകം പിന്നിട്ടു. അതിലൊരാള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. നാലോവര്‍ ശേഷിക്കെ ഇന്ത്യ മൂന്നിന് 340 റണ്‍സെടുത്തു. ശ്രേയസ് അയ്യരാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത് (84 പന്തില്‍ 100 നോട്ടൗട്ട്, 6-2, 4-9). നെതര്‍ലാന്റ്‌സിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ാറ്ററായി ശ്രേയസ്.
ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (54 പന്തില്‍ 61, 6-2, 4-8), ശുഭ്മന്‍ ഗില്‍ (32 പന്തില്‍ 51, 6-4, 4-3) മുന്‍ നായകന്‍ വിരാട് കോലി (56 പന്തില്‍ 51, 6-1, 4-5) എന്നിവര്‍ അര്‍ധ ശതകം തികച്ചയുടനെ പുറത്തായി. കെ.എല്‍ രാഹുലാണ് (50 പന്തില്‍ 69 നോട്ടൗട്ട്) ശ്രേയസിനൊപ്പം ക്രീസില്‍. 
ഒമ്പത് കളികളില്‍ ഏഴിലും അര്‍ധ ശതകം പിന്നിട്ട വിരാട് കോലി ഗ്രൂപ്പ് ഘട്ടത്തിലെ സൂപ്പര്‍ താരമായി. ഓസ്‌ട്രേലിയക്കെതിരെ -85 (116 പന്തില്‍) അഫ്ഗാനിസ്ഥാനെതിരെ 55 നോട്ടൗട്ട് (56), ബംഗ്ലാദേശിനെതിരെ 103 നോട്ടൗട്ട് (97), ന്യൂസിലാന്റിനെതിരെ 95 (104), ശ്രീലങ്കക്കെതിരെ 88 (94), ദക്ഷിണാഫ്രിക്കക്കെതിരെ 101 നോട്ടൗട്ട് (121), നെതര്‍ലാന്റ്‌സിനെതിരെ 51 (56) എന്നിങ്ങനെയാണ് കോലിയുടെ അര്‍ധ ശതകങ്ങള്‍. ആകെ 594 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡികോക്കിനെക്കാള്‍ മൂന്ന് റണ്‍സ് കൂടുതല്‍.
ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സൂചന നല്‍കിയതു പോലെ കോച്ച് രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ഇലവനെ തന്നെയാണ് നെതര്‍ലാന്റ്‌സിനെതിരായ അപ്രസക്ത മത്സരത്തില്‍ ഇറക്കിയത്. 
ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും മത്സരിച്ചടിച്ചതോടെ പത്തോവറില്‍ ഇന്ത്യ വിക്കറ്റ് പോവാതെ 91 റണ്‍സെടുത്തു. 

Latest News