കാറ്റൊഴിഞ്ഞ് പാക്കിസ്ഥാന്‍, ആശ്വാസ ജയവുമായി ചാമ്പ്യന്മാര്‍

കൊല്‍ക്കത്ത - ലോകകപ്പ് ക്രിക്കറ്റില്‍ സെമിഫൈനലിലെത്താമെന്ന പാക്കിസ്ഥാന്റെ നേരിയ പ്രതീക്ഷ ടോസില്‍ തന്നെ തകര്‍ന്നു. സെമിയിലെത്താന്‍ പാക്കിസ്ഥാന് അല്‍പമെങ്കിലും സാധ്യതയുണ്ടായിരുന്നത് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാലാണ്. എന്നാല്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒമ്പതിന് 337 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 40 പന്തില്‍ ഈ ലക്ഷ്യം പിന്നിട്ടാലേ റണ്‍റെയ്റ്റില്‍ ന്യൂസിലാന്റിനെ മറികടന്ന് പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. 40 പന്തും സിക്‌സറടിച്ചാല്‍ പോലും 240 റണ്‍സേ ലഭിക്കൂ എന്നിരിക്കെ പാക് മോഹങ്ങള്‍ ചിന്നിച്ചിതറി. ആശ്വാസ ജയവുമായി ഇന്ത്യ വിടുകയെന്ന മോഹവും സഫലമായില്ല. തുടരെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ മുപ്പതോവറില്‍ ആറിന് 145 ലേക്ക് അവര്‍ തകര്‍ന്നു. എല്ലാം നഷ്ടപ്പെട്ട ശേഷം പതിനൊന്നാമന്‍ ഹാരിസ് റഊഫും (23 പന്തില്‍ 25) പത്താമന്‍ മുഹമ്മദ് വസീമും (14 പന്തില്‍ 16 നോട്ടൗട്ട്) നാല് സിക്‌സറുമായി ആഞ്ഞടിച്ചതിനാല്‍ തോല്‍വി ഭാരം കുറഞ്ഞെന്നു മാത്രം. അവസാന വിക്കറ്റില്‍ 53 റണ്‍സ് പിറന്നതോടെ പാക്കിസ്ഥാന്‍ 43.3 ഓവറില്‍ 244 ന് ഓളൗട്ടായി. 93 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചു. ക്യാപ്റ്റന്‍ ബാബര്‍ അസമും (45 പന്തില്‍ 38) മുഹമ്മദ് രിസ്‌വാനും (51 പന്തില്‍ 36) സൗദ് ശഖീലും (37 പന്തില്‍ 29) വലിയ സ്‌കോര്‍ മറികടക്കാനുള്ള ബാറ്റിംഗല്ല കാഴ്ചവെച്ചത്.  
ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ഇംഗ്ലണ്ടിനെ 287 റണ്‍സിന് തോല്‍പിക്കുകയുമായിരുന്നു പാക്കിസ്ഥാന് മുന്നില്‍ അവശേഷിച്ച ഏറ്റവും സാധ്യമായ വഴി. എന്നാല്‍ ടോസില്‍ തന്നെ ആ വഴിയടഞ്ഞു. പിന്നെ അവശേഷിച്ചത് കണക്കിലെ കളികള്‍ മാത്രം. എത്ര ചെറിയ സ്‌കോറിന് ഇംഗ്ലണ്ടിനെ പുറത്താക്കുന്നുവോ അത്രയും അസാധ്യമായി അവരുടെ ലക്ഷ്യം. 150 റണ്‍സിന് ഇംഗ്ലണ്ട് ഓളൗട്ടായിരുന്നുവെങ്കില്‍ 22 പന്തില്‍ പാക്കിസ്ഥാന്‍ ജയിക്കണമായിരുന്നു. 

സ്‌റ്റോക്‌സിനെ കൈവിട്ടു
പ്രതീക്ഷ നശിച്ചതോടെ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും പാക്കിസ്ഥാന്‍ നിരാശപ്പെടുത്തി. പത്തിലുള്ളപ്പോള്‍ ശാഹീന്‍ അഫ്‌രീദി സ്വന്തം ബൗളിംഗില്‍ കൈവിട്ട ബെന്‍ സ്റ്റോക്‌സാണ് (76 പന്തില്‍ 84) ഇംഗ്ലണ്ടിനെ 300 കടത്തിയത്. സ്റ്റോക്‌സിനെ പോലെ തങ്ങളുടെ അവസാനത്തേതെന്നു കരുതുന്ന ഏകദിന മത്സരത്തില്‍ ജോ റൂട്ടും (72 പന്തില്‍ 60) പെയ്‌സ്ബൗളര്‍ ഡേവിഡ് വിലിയും മികച്ച പ്രകടനം കാഴ്ചവെച്ചു. വിലി അഞ്ച് പന്തില്‍ 15 റണ്‍സടിക്കുകയും ആദ്യ രണ്ടോവറില്‍ രണ്ട് വിക്കറ്റെടുത്ത് പാക്കിസ്ഥാന്റെ മറുപടി അലങ്കോലമാക്കുകയും ചെയ്തു. ഓപണര്‍മാരായ അബ്ദുല്ല ശഫീഖിനെയും (0) ഫഖര്‍ സമാനെയും (1) ഡേവിഡ് വിലി പുറത്താക്കി. വിലിക്ക് മൂന്നും മുഈന്‍അലി, ആദില്‍ റഷീദ്, ഗസ് ആറ്റ്കിന്‍സന്‍ എന്നിവര്‍ക്ക് രണ്ടു വീതവും വിക്കറ്റ് ലഭിച്ചു. 
ഓപണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും (61 പന്തില്‍ 59) ഡേവിഡ് മലാനും (39 പന്തില്‍ 31) ആഞ്ഞടിച്ചതോടെ പതിനേഴോവറില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 100 റണ്‍സ് പിന്നിട്ടു. നിറംകെട്ട ലോകകപ്പില്‍ ബെയര്‍‌സ്റ്റോയുടെ രണ്ടാമത്തെ മാത്രം അര്‍ധ ശതകമാണ് ഇത്. ആദ്യ പന്ത് വൈഡ് ബൗണ്ടറിയാക്കിയ ഹാരിസ് റഊഫാണ് പാക്കിസ്ഥാന്റെ മികച്ച ബൗളര്‍ (3-64). 
41ാം ഓവറില്‍ ശാഹീന്‍ തന്നെയാണ് സ്‌റ്റോക്‌സിനെ ബൗള്‍ഡാക്കിയത്. റൂട്ടിനെയും ശാഹീന്‍ മടക്കി. ഹാരി ബ്രൂക്കും (30) ജോസ് ബട്‌ലറും (27) അവസാന പത്തോവറില്‍ 97 റണ്‍സ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. 

Latest News