വുള്‍വര്‍ഹാംപ്റ്റന്‍ - അജയ്യരായി മുന്നേറിയ ടോട്ടനം തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലീഡ് ഭദ്രം. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച വുള്‍വര്‍ഹാംപ്റ്റനാണ് 2-1 ന് ടോട്ടനത്തെ നാടകീയമായി കീഴടക്കിയത്. മൂന്നാം മിനിറ്റില്‍ തന്നെ ബ്രെന്നന്‍ ജോണ്‍സണ്‍ നേടിയ ഗോളില്‍ അവസാനം വരെ ലീഡ് ചെയ്യുകയായിരുന്നു ടോട്ടനം. 91ാം മിനിറ്റില്‍ പാബ്‌ലൊ സരാബിയ സ്‌കോര്‍ തുല്യമാക്കി. 97ാം മിനിറ്റില്‍ മാരിയൊ ലെമീന വിജയ ഗോളടിച്ചു. ജയിച്ചിരുന്നുവെങ്കില്‍ ടോട്ടനത്തിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമായിരുന്നു. ആദ്യ പത്തു കളികളിലും ടോട്ടനം അജയ്യരായി മുന്നേറുകയായിരുന്നു. സിറ്റി അവരുടെ മത്സരം കളിക്കാനിരിക്കെ ഒരു പോയന്റ് പിന്നിലാണ് ടോട്ടനം. കഴിഞ്ഞ കളിയില്‍ രണ്ട് പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ചെല്‍സിയോട് അവര്‍ 1-4 ന് തോറ്റിരുന്നു.
സിറ്റിക്ക് ഈ റൗണ്ടില്‍ ചെല്‍സിയുമായാണ് മത്സരം. ലണ്ടനില്‍.






