ദുബായ് - ക്രിക്കറ്റ് ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐ.സി.സി സസ്പെന്റ് ചെയ്തു. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിനു പിന്നാലെ ക്രിക്കറ്റ് ബോര്‍ഡിനെ ശ്രീലങ്കന്‍ സ്പോര്‍ട്സ് മന്ത്രാലയം പിരിച്ചുവിട്ടിരുന്നു. 1996 ല്‍ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത നായകന് അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണ സമിതിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഈ നീക്കം കോടതി തടഞ്ഞിരുന്നു. പക്ഷെ ക്രിക്കറ്റ് ബോര്‍ഡ് രാജി വെക്കണമെന്ന ആവശ്യം തുടര്‍ച്ചയായി മന്ത്രിമാര്‍ ഉന്നയിച്ചു വരികയാണ്.
ലോകകപ്പില്‍ ശ്രീലങ്ക ഒ മ്പത് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ സ്ഥാനം അനിശ്ചിതത്വത്തിലാണ്.
ഇന്ത്യക്കെതിരെ 55 ന് ഓളൗട്ടായ ശ്രീലങ്ക 302 റണ്‍സിനാണ് തോറ്റത്. ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 14 ല്‍ പതറുകയായിരുന്നു അവര്‍. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ഐ.സി.സി അംഗീകരിക്കാറില്ല. കഴിഞ്ഞ മാസം മന്ത്രി അന്വേഷണക്കമ്മീഷനെ നിയമിച്ചപ്പോള്‍ ഐ.സി.സി ഇടപെടുകയും പിന്‍വലിക്കേണ്ടി വരികയും ചെയ്തിരുന്നു.






