അഹമ്മദാബാദ് - ലോകകപ്പ് സെമിഫൈനല്‍ സ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ നഷടപ്പെട്ടതിന്റെ നിരാശയില്‍ അഫ്ഗാനിസ്ഥാന്‍ ടീം അവസാന മത്സരം പൂര്‍ത്തിയാക്കി. കഴിഞ്ഞ കളിയില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയത്തിന് അവസാന ചുവട് മാത്രമേ വെക്കാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സിലൂടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവിശ്വസനീയമായി വിജയം തട്ടിയെടുത്തു. മാക്‌സ്‌വെല്‍ ഒന്നിലേറെ തവണ അനുവദിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചില്ല. അതോടെ അവരുടെ സെമിഫൈനല്‍ പ്രതീക്ഷയും പൊലിഞ്ഞു. ശ്രീലങ്കയെ ന്യൂസിലാന്റ് വന്‍ വ്യത്യാസത്തില്‍ തോല്‍പിച്ചതോടെ ഏതാണ്ട് പൂര്‍ണമായി വഴിയടഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ അഭിമാനപ്പോരാട്ടം മാത്രമാണ് അവശേഷിച്ചത്. സെമിയിലെത്തണമെങ്കില്‍ ദക്ഷിണാഫ്രിക്കയെ അസാധ്യമായ 438 റണ്‍സിന് തോല്‍പിക്കണമായിരുന്നു.
എങ്കിലും അവരുടെ ഏറ്റവും മികച്ച ലോകകപ്പാണ് ഇത്. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ ഒരു ടീമിനെ മാത്രമേ തോല്‍പിച്ചിട്ടുള്ളൂ, 2015 ലും 2019 ലും സ്‌കോട്‌ലന്റിനെ. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും നെതര്‍ലാന്റ്‌സിനെയും തോല്‍പിച്ചു. ഓസ്‌ട്രേലിയക്കെതിരെ വിജയത്തിനടുത്തെത്തി. ഈ ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ അഞ്ച് ബാറ്റര്‍മാരും 250 റണ്‍സിലേറെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബൗളിംഗില്‍ റാഷിദ് ഖാനും മുജീബുറഹ്മാനും മങ്ങിയപ്പോള്‍ മറ്റുള്ളവര്‍ ചുമതലയേറ്റെടുത്തു.






