സെഞ്ചുറി കൈവിട്ട് ഉമര്‍സായ്, പ്രതീക്ഷ തകര്‍ന്ന് അഫ്ഗാന്‍

അഹമ്മദാബാദ് - ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ അവര്‍ അവസാന പന്തില്‍ 244 ന് ഓളൗട്ടായി. അഫ്ഗാന്‍ ഇന്നിംഗ്‌സിന് നെടുന്തൂണായി നിന്ന അസ്മതുല്ല ഉമര്‍സായിക്ക് (97 നോട്ടൗട്ട്) അവസാന മൂന്ന് പന്ത് നേരിടാന്‍ അവസരം കിട്ടിയിട്ടും സെഞ്ചുറി തികക്കാനായില്ല. അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ 96 റണ്‍സിലെത്തിയിരുന്നു ഉമര്‍സായ്. പതിനൊന്നാമന്‍ നവീനുല്‍ ഹഖ് അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിളെടുത്ത് ഉമര്‍സായിക്ക് സെഞ്ചുറി തികക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ ഒരു റണ്ണെടുക്കാനേ ഉമര്‍സായിക്ക് സാധിച്ചുള്ളൂ. മറ്റൊരു സിംഗിളിലൂടെ നവീനുല്‍ ഹഖ് വീണ്ടും സ്‌ട്രൈക്ക് കൈമാറിയെങ്കിലും കഗീസൊ റബാദയുടെ അവസാന മൂന്നു പന്തുകളിലും റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ ഇല്ലാത്ത സിംഗിളിനോട് നവീനുല്‍ ഹഖ് പുറത്തായി. കന്നി സെഞ്ചുറിയാണ് ഇരുപത്തിരണ്ടുകാരന് നഷ്ടപ്പെട്ടത്. 
ലുന്‍ഗി എന്‍ഗിഡിയുടെ അവസാന രണ്ടോവറിലാണ് ഉമര്‍സായ് വേഗം കൂട്ടിയത്. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി 35 റണ്‍സാണ് എടുത്തത്. എന്നാല്‍ അവസാന ഓവറില്‍ നാല് റണ്‍സെടുക്കാനായില്ല. 
അഫ്ഗാനിസ്ഥാന് 16 പന്തില്‍ നാല് റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ റഹമത് ഷാ (49), റാഷിദ് ഖാന്‍ (44), നൂര്‍ അഹമ്മദ് (44) എന്നിവര്‍ക്കൊപ്ം ഉമര്‍സായ് കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുത്തു. ജെറാള്‍ഡ് കീറ്റ്‌സി നാലു വിക്കറ്റെടുത്തു. മൊത്തം ലോകകപ്പില്‍ കീറ്റ്‌സിക്ക് 18 വിക്കറ്റായി.
 

Latest News