ഒരു ഊമക്കത്ത് ബംഗാള്‍ ക്രിക്കറ്റില്‍ കൊടുങ്കാറ്റുയര്‍ത്തുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി.എ.ബി) അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും അസോസിയേഷന്റെ ഓംബുഡ്‌സ്മാനായ ഉഷാനാഥ് ബാനര്‍ജിയും തമ്മിലാണ് ഏറ്റുമുട്ടല്‍.
സി.എ.ബി ഈയിടെ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരായ പലാഷ് നന്ദിയെയും മദന്‍ ഘോഷിനെയും നിയമിച്ചിരുന്നു. തൊട്ടുടനെ ഇരുവര്‍ക്കുമെതിരെ ബാനര്‍ജിക്ക് ഊമക്കത്ത് ലഭിച്ചു. ഇരുവര്‍ക്കും സ്വന്തം അക്കാദമികളുണ്ടെന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്മാരാവുന്നത് താല്‍പര്യ സംഘട്ടനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സൗരവിനോട് ബാനര്‍ജി വിശദീകരണം തേടി.
ഊമക്കത്തുകളുടെ ഉദ്ദേശ്യം തന്നെ അവഹേളനമാണെന്നും സി.എ.ബി അത്തരം ഊമക്കത്തുകളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും സൗരവ് മറുപടി നല്‍കി. എന്നാല്‍ സൗരവിന്റെ വിവരക്കേടാണ് ഇതെന്ന് ബാനര്‍ജി സൂചിപ്പിച്ചു. ഇന്ത്യയില്‍ ഇതുപോലെ നിയമത്തിന് നിരക്കാത്ത നിയമനങ്ങളെക്കുറിച്ച് വിവരം പുറത്തു വിടുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും അതു പരിഗണിച്ച് ജുഡീഷ്യറിയും വിജിലന്‍സും ഊമക്കത്തുകളെ വിവരം ലഭിക്കാനുള്ള ഒരു സ്രോതസ്സായി പരിഗണിക്കുന്നുണ്ടെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി. എന്തായാലും വഴക്ക് ആരംഭിച്ചിട്ടേയുള്ളൂ.