അലക്‌സ് ഹാട്രിക്, ഐ-ലീഗിലും കേരളാ ടീം ഒന്നാമത്

കോഴിക്കോട് - ഐ.എസ്.എല്ലിന് പിന്നാലെ ഐ-ലീഗ് ഫുട്‌ബോളിലും കേരളാ ക്ലബ്ബ് ഒന്നാം സ്ഥാനത്ത്. അലക്‌സ് സാഞ്ചസിന്റെ ഹാട്രിക്കില്‍ രാജസ്ഥാന്‍ എഫ്.സിയെ 5-0 ന് തകര്‍ത്ത് ഗോകുലം കേരള ഒന്നാം സ്ഥാനം പിടിച്ചു. ഗോകുലത്തിനും മുഹമ്മദന്‍ സ്‌പോര്‍ടിംഗിനും മൂന്നു കളിയില്‍ ഏഴ് പോയന്റ് വീതമുണ്ട്. ഗോള്‍വ്യത്യാസത്തില്‍ ഗോകുലമാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ മൂന്നു കളിയും തോറ്റ് അവസാന സ്ഥാനത്താണ്. ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. 
ആദ്യ പകുതിയുടെ 33 ാം മിനിറ്റില്‍ കംറോന്‍ തുര്‍സനോവിലൂടെ മുന്നിലെത്തിയ ഗോകുലം ഇടവേളക്കു ശേഷമാണ് എതിരാളികളെ തരിപ്പണമാക്കിയത്. 61, 74, 88 മിനിറ്റുകളിലായി അലക്‌സ് സാഞ്ചസ് ഹാട്രിക് തികച്ചു. വി.എസ്. ശ്രീക്കുട്ടന്‍ 69ാം മിനിറ്റില്‍ ഗോള്‍ നേടി. 
മറ്റൊരു കളിയില്‍ ഷില്ലോംഗ് ലജോംഗും നെരോക്ക എഫ്.സിയും രണ്ടു ഗോള്‍ പങ്കിട്ടു. 

Latest News