കൊല്‍ക്കത്ത - ഐ.എസ്.എല്ലില്‍ കൊല്‍ക്കത്തയിലെ മത്സരത്തില്‍ ഈസ്റ്റ്ബംഗാളിനെ 2-1 ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചു. മുപ്പത്തിരണ്ടാം മിനിറ്റില്‍ ദായ്‌സുകെ സകായിയും 88ാം മിനിറ്റില്‍ ദിയാമാന്‍ഡിയാകോസുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടിച്ചത്. ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടിയിലൂടെ ക്ലെയ്റ്റന്‍ സില്‍വ ഒരു ഗോള്‍ മടക്കി. ആറു കളിയില്‍ നാലാം ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് ഗോള്‍ ത്രില്ലറില്‍ ജാംഷഡ്പൂരിനെ 3-2 ന് തോല്‍പിച്ച മോഹന്‍ബഗാനാണ് രണ്ടാം സ്ഥാനത്ത്.
തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൈയിലായിരുന്നു കളി. ഈസ്റ്റ്ബംഗാള്‍ ആക്രമണം മുനയൊടിഞ്ഞതു പോലെ തോന്നി. അവസാന വേളയില്‍ മലയാളി താരം വി.പി സുഹൈറിനെ കളത്തിലിറക്കിയിട്ടും ഈസ്റ്റ്ബംഗാളിന് മേധാവിത്തം നേടാനായില്ല. ദിയാമന്‍ഡാകോസും അഡ്രിയന്‍ ലൂണയും ചേര്‍ന്നുള്ള മനോഹര നീക്കത്തിനൊടുവിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ലൂണ പ്രതിരോധം പിളര്‍ന്നു നല്‍കിയ പാസ് ഓടിപ്പിടിച്ച് സകായി വലയിലേക്ക് ഷോട്ട് വളച്ചുവിട്ടു. പ്രതിരോധനിരയുടെ ആശയക്കുഴപ്പം രണ്ടാം ഗോളില്‍ കലാശിച്ചു.
ബഗാനെതിരെ ജാംഷഡ്പൂരിന്റെ മലയാളി ഗോളി ടി.പി രഹനേഷ് 67ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. ആറാം മിനിറ്റില്‍ തന്നെ മുഹമ്മദ് സനാനിലൂടെ ലീഡ് നേടിയ ശേഷമാണ് ജാംഷഡ്പൂര്‍ തോറ്റത്. അര്‍മാന്‍ഡൊ സാദിഖുവും (29ാം മിനിറ്റ്) ലിസ്റ്റണ്‍ കൊളാസോയും (48) കിയാന്‍ നസീരിയും (80) ബഗാന്റെ ലീഡ് 3-1 ആക്കി. പെനാല്‍ട്ടിയില്‍ നിന്ന സ്റ്റീവ് ആംബ്രിയാണ് (86) ജാംഷഡ്പൂരിന്റെ രണ്ടാം ഗോളടിച്ചത്.
മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദും ബംഗളൂരു എഫ്.സിയും രണ്ടു ഗോള്‍ പങ്കിട്ടു. മുഹമ്മദ് യാസിര്‍ ഹൈദരാബാദിനെ മുന്നിലെത്തിച്ചപ്പോള്‍ റയാന്‍ വില്യംസിലൂടെ ബംഗളൂരു തിരിച്ചടിച്ചു.






