ലീഗ് കപ്പും അടിയറ വെച്ചു, യുനൈറ്റഡ് വന്‍ പ്രതിസന്ധിയില്‍

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തായതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വന്‍ പ്രതിസന്ധിയിലേക്ക്. നിലവിലെ ചാമ്പ്യന്മാരായ യുനൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളിന് ന്യൂകാസിലിനോട് തോറ്റാണ് പ്രി ക്വാര്‍ട്ടറില്‍ പുറത്തായത്. ഈ സീസണില്‍ ടീമിന്റെ എട്ടാമത്തെ തോല്‍വിയാണ് ഇത്. നിരാശാജനകമായ മറ്റൊരു സീസണാണ് അവരെ കാത്തിരിക്കുന്നത്. 
യുനൈറ്റഡിനെ പോലൊരു ക്ലബ്ബിന് ഇംഗ്ലിഷ് ലീഗ് കപ്പ് വലിയ പെരുമ നടിക്കാനുള്ള ട്രോഫിയല്ലെങ്കിലും എറിക് ടെന്‍ ഹാഗ് കോച്ചായി വന്ന ശേഷം കഴിഞ്ഞ ഫെബ്രുവരിയിലെ കിരീട വിജയം വലിയ ആത്മവിശ്വാസം പകര്‍ന്നിരുന്നു. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ ന്യൂകാസിലിനെയാണ് യുനൈറ്റഡ് തോല്‍പിച്ചത്. ആറു വര്‍ഷത്തിനു ശേഷമായിരുന്നു യുനൈറ്റഡ് ഒരു കിരീടം നേടിയത്. അതുപോലും വിദൂരമായ ഓര്‍മയായി മാറുകയാണ്. മത്സരത്തിലുടനീളം ന്യൂകാസില്‍ ആരാധകര്‍ ടെന്‍ ഹാഗിനെ പരിഹസിച്ചു. നാളെ തൊപ്പി തെറിക്കുമെന്ന് അവര്‍ ആര്‍ത്തുവിളിച്ചു. 
ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടും അവര്‍ 0-3 ന് തോറ്റിരുന്നു. അതേ സ്‌കോറാണ് ലീഗ് കപ്പിലും ആവര്‍ത്തിച്ചത്. പകരക്കാരന്‍ മിഗ്വേല്‍ ആല്‍മിറോണും ലൂയിസ് ഹാളും ഗോളടിച്ചതോടെ ആദ്യ പകുതിയില്‍ തന്നെ ന്യൂകാസില്‍ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. 72 കോടി ഡോളര്‍ പ്രതിഫലം പറ്റുന്ന കളിക്കാരാണ് യുനൈറ്റഡിനു വേണ്ടി ബൂട്ട് കെട്ടിയത്. 
പ്രീമിയര്‍ ലീഗ് 10 റൗണ്ട് പിന്നിട്ടപ്പോള്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്. ടോട്ടനത്തെക്കാള്‍ 11 പോയന്റ് പിന്നില്‍.
 

Latest News