റൊണാള്‍ഡോയെക്കാള്‍ മുന്നിലാണോ -ചോദ്യത്തിന് മെസ്സിയുടെ മറുപടി 

പാരിസ്- ക്രിസ്റ്റിയാനോ റൊണാള്‍ഡോയും താനുമായുള്ളത് ഇതിഹാസ പോരാട്ടമാണെന്നും അങ്ങേയറ്റം ആരോഗ്യകരവുമാണെന്ന് ലയണല്‍ മെസി. പാരീസില്‍ ബാലന്‍ഡോര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ആദ്യമായി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് റൊണാള്‍ഡോയുമായുള്ള മല്‍സരത്തെ കുറിച്ച് മെസി മനസ് തുറന്നത്. ബാലന്‍ഡോര്‍ നേട്ടത്തില്‍ ക്രിസ്റ്റിയാനോയെക്കാള്‍ ഏറെ മുന്നിലാണല്ലോ താങ്കള്‍ എന്ന ചോദ്യത്തിനായിരുന്നു മെസിയുടെ മറുപടി.
റൊണാള്‍ഡോയുമായുള്ളത് ഒരു ഇതിഹാസ പോരാട്ടമായിരുന്നെന്ന് മെസി പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും നല്ല മത്സരബുദ്ധിയുള്ളവരാണ്. എല്ലാവരേയും എല്ലാറ്റിനെയും ജയിക്കാന്‍ റൊണാള്‍ഡോ എപ്പോഴും ആഗ്രഹിച്ചു. ഞങ്ങള്‍ രണ്ടു പേരും ആ മല്‍സരം ആസ്വദിച്ചിട്ടുണ്ട്. പരസ്പര മത്സരത്തിലൂടെ രണ്ടുപേര്‍ക്കും ഒരുപാട് ഗുണങ്ങളുണ്ടായി. ഞങ്ങള്‍ക്ക് മാത്രമല്ല, പൊതുവെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കും ഇത് വളരെ സുന്ദരമായൊരു കാലഘട്ടമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു-മെസി പറഞ്ഞു. 
മുകളില്‍ എത്താന്‍ എളുപ്പമാണ്, പക്ഷേ അവിടെ നിലനില്‍ക്കുക പ്രയാസമാണ്. കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഞങ്ങള്‍ മുകളില്‍ തുടരുന്നു. ഇനി എത്രകാലം തുടരാനാകുമെന്ന് ഉറപ്പില്ല, കാരണം അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്-മെസി പറഞ്ഞു.
എട്ടാം തവണയും ബാലന്‍ഡോര്‍ കിട്ടുമോ എന്ന് ചിന്തിച്ചിട്ടില്ലെന്നും അത്തരം ചിന്തകളൊക്കെ നേരത്തെ ഉപേക്ഷിച്ചതാണെന്നും മെസി പറഞ്ഞു. ബാലന്‍ഡോര്‍ കിട്ടുക എന്നത് എന്റെ ലക്ഷ്യമായിരുന്നില്ല. കരിയറില്‍ ഇനി നേടാന്‍ ബാക്കിയൊന്നും ഇല്ലാത്ത കാലഘട്ടത്തില്‍ ബാലന്‍ഡോര്‍ എന്റെ ലക്ഷ്യമോ സ്വപ്നമോ ആയിരുന്നില്ല. ഒരുപക്ഷെ ഇതെന്റെ അവസാന ബാലന്‍ഡോര്‍ ആയിരിക്കും. കരിയറില്‍ പരമാവധി ആസ്വദിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.അത് എനിക്ക് ഏറെ സന്തോഷം തരുന്നുമുണ്ട്-മെസി പറഞ്ഞു.
ബാലന്‍ഡോര്‍ അവാര്‍ഡ് മെസിക്ക് എട്ടു തവണയും റൊണാള്‍ഡോക്ക് അഞ്ചു തവണയുമാണ് ലഭിച്ചിട്ടുള്ളത്.

Latest News