Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാവരും കോഹ്‌ലി അല്ല -ഗവാസ്‌കർ

ന്യൂദൽഹി - പതിനഞ്ച് ദിവസം വിശ്രമമെടുത്തു വന്ന ശേഷം സെഞ്ചുറിയടിക്കാൻ എല്ലാവരും വിരാട് കോഹ്‌ലി അല്ലെന്ന് ഓർക്കണമെന്ന് സുനിൽ ഗവാസ്‌കർ. 
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കു ശേഷമുള്ള ദിനങ്ങൾ ഇന്ത്യൻ ടീം മാനേജ്‌മെന്റ് പരിശീലനത്തിന് ഉപയോഗിക്കാതിരുന്നതിനെ വിമർശിക്കുകയായിരുന്നു മുൻ ക്യാപ്റ്റൻ. 
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരിശീലന മത്സരം കളിക്കാതിരുന്നതിന്റെ അനുഭവത്തിൽ നിന്ന് ഇന്ത്യൻ ടീം പാഠം പഠിച്ചില്ലെന്ന് ഗവാസ്‌കർ കുറ്റപ്പെടുത്തി. സാധാരണ പരിശീലനം ഒരു തരത്തിലും സന്നാഹ മത്സരത്തിന് പകരം വെക്കാനാവില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കു മുമ്പ് എസക്‌സുമായുള്ള സന്നാഹ മത്സരം നാലു ദിനത്തിൽ നിന്ന് മൂന്നു ദിവസമായി വെട്ടിച്ചുരുക്കിയതിനെയും ഗവാസ്‌കർ അപലപിച്ചു. 
കോഹ്‌ലിയെ പോലൊരു കളിക്കാരൻ വിശ്രമമെടുക്കുന്നതിൽ തെറ്റില്ല. മറ്റുള്ളവർക്ക് മത്സര പരിശീലനം വേണമെന്ന് ടീം മാനേജ്‌മെന്റ് മനസ്സിലാക്കിയേ പറ്റൂ. ഇടക്ക് കളിയെ കുറിച്ച് മറക്കണമെന്ന വാദം അംഗീകരിക്കുന്നു. എന്നാൽ അഞ്ച് ദിവസം വിശ്രമം അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും പരമ്പരക്ക് തൊട്ടുമുമ്പ് തീവ്രമായ ഒരുക്കം വേണം. അവസാന ഏകദിനം ജൂലൈ 17 നായിരുന്നു, ആദ്യ ടെസ്റ്റ് ഓഗസ്റ്റ് ഒന്നിനും. ഇടയിലുള്ള 14 ദിവസത്തിൽ ഒരു ത്രിദിനം മാത്രമാണ് ഇന്ത്യ കളിച്ചത്. എന്തിനാണ് ടീം ഇംഗ്ലണ്ടിലേക്ക് പോയത്, ക്രിക്കറ്റ് കളിക്കാനോ മറ്റ് വല്ലതിനുമോ? -ഗവാസ്‌കർ ചോദിച്ചു. 
ഒരു മാസമായി ഇംഗ്ലണ്ടിൽ കളിക്കുകയായിരുന്നുവെന്ന വാദത്തിൽ കഴമ്പില്ല. ഒരു മാസത്തോളം വെള്ളപ്പന്ത് കൊണ്ടുള്ള നിശ്ചിത ഓവർ ക്രിക്കറ്റാണ് കളിച്ചത്. ടെസ്റ്റിൽ ഉപയോഗിക്കുന്ന ചുവന്ന പന്ത് പോലെ വെള്ളപ്പന്ത് സ്വിംഗ് ചെയ്യില്ല. ദക്ഷിണാഫ്രിക്കയിൽ മൂന്നാം ടെസ്റ്റിലാണ് ഇന്ത്യ നന്നായി കളിച്ചത്. ആദ്യ രണ്ടു ടെസ്റ്റിൽ ലഭിച്ച പരിചയം കൊണ്ടായിരുന്നു ഇത്. അതിൽ നിന്ന് ടീം പാഠം പഠിച്ചില്ല -മുൻ നായകൻ ചൂണ്ടിക്കാട്ടി. 
വിദേശത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ അഞ്ച് ബാറ്റ്‌സ്മാന്മാർ ടീമിൽ വേണമെന്ന് ഗവാസ്‌കർ പറഞ്ഞു. 
ആദ്യ നാല് ബാറ്റ്‌സ്മാന്മാരും ഫോമിലാണെങ്കിൽ തുടർന്നുള്ള ടെസ്റ്റുകളിൽ ഒരാളെ ഒഴിവാക്കാം. ടെസ്റ്റിലും ഏകദിനങ്ങളിലും ബാറ്റിംഗ് രീതി വ്യത്യസ്തമാണെന്നും ആ അഡ്ജസ്റ്റ്‌മെന്റ് നടത്താൻ കോഹ്‌ലിക്കു മാത്രമേ കഴിഞ്ഞുള്ളൂ എന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു. 
 

Latest News