കോഴിക്കോട്/ശ്രീനഗര്‍ - ഐ-ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന ദിവസം ഹോം ടീമുകള്‍ക്ക് സമ്മിശ്രവികാരം. ശ്രീനഗറില്‍ റിയല്‍ കശ്മീര്‍ 2-0 ന് രാജസ്ഥാന് യുനൈറ്റഡിനെ തോല്പിച്ചപ്പോള് കോഴിക്കോട്ടെ കോട്ടയില്‍ ഗോകുലം കേരള എഫ്.സിയെ ഇഞ്ചുറി ടൈം ഗോളില്‍ 2-2 ന് കന്നിക്കാരായ ഇന്റര്‍ കാശി തളച്ചു.
കോഴിക്കോട്ട് ഗോകുലം രണ്ടു തവണ ലീഡ് കളഞ്ഢഞുകുളിച്ചു. എട്ടാം മിനിറ്റില്‍ തന്നെ അലക്സ് സാഞ്ചസ് ഗോകുലത്തെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ ഇരുപത്തൊമ്പതാം മിനിറ്റില്‍ എഡ്മണ്ട് ലാല്റിന്ഡികയിലൂടെ ഇന്റര്‍ കാശി തിരിച്ചടിച്ചു. അമ്പത്തിനാലാംമിനിറ്റില് പി.എന്‍ നൗഫലാണ് ഗാലറിയുടെ ആവേശം വീണ്ടെടുത്ത് ഗോകുലത്തെ വീണ്ടും മുന്നിലെത്തിച്ചത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ മുഹമ്മദ് ആസിഫ് ഖാനിലൂടെ ഇന്റര്‍ കാശി വിലപ്പെട്ട ഒരു പോയന്റ് പിടിച്ചെടുത്തു.
ശ്രീനഗറില്‍ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 49ാം മിനിറ്റില്‍ വെയ്ന്‍ വാസാണ് ആതിഥേയര്‍ക്ക് ലീഡ് നല്‍കിയത്. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ശഹര് ശഹീന്‍ രണ്ടാം ഗോളടിച്ച് വിജയമുറപ്പു വരുത്തുന്നതു വരെ അവര്‍ ആശങ്കയുടെ മുനമ്പിലായിരുന്നു.






