ഹെവിവെയ്റ്റ് ബോക്‌സിംഗ് കാണാന്‍  റൊണാള്‍ഡൊ മുതല്‍ മക്ഗ്രിഗര്‍ വരെ

റിയാദ് - ടൈസന്‍ ഫുറിയും മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്റ്റാര്‍ ഫ്രാന്‍സിസ് എന്‍ഗാനുവും തമ്മില്‍ ശനിയാഴ്ച റിയാദില്‍ നടക്കുന്ന ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടത്തിന് ഹെവിവെയ്റ്റ് സെലിബ്രിറ്റികളുടെ സാന്നിധ്യം. ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ മുതല്‍ മുന്‍ യു.എഫ്.സി ചാമ്പ്യന്‍ കോണര്‍ മക്ഗ്രിഗര്‍ വരെ താര നിര ഗാലറിയിലുണ്ടാവും. ബാറ്റില്‍ ഓഫ് ദ ബാഡസ്റ്റ് (വൃത്തികെട്ടവരുടെ പോരാട്ടം) എന്നു പേരിട്ട മത്സരം റിയാദ് സീസണിന്റെ തുടക്കമായാണ് സംഘടിപ്പിക്കുന്നത്. 
സമീപകാലത്ത് നടക്കുന്ന ക്രോസ്ഓവര്‍ മത്സരങ്ങളിലൊന്നാണ് ഇത്. രണ്ട് ബോക്‌സര്‍മാര്‍ തമ്മിലല്ല ഈ മല്ലയുദ്ധം. എന്‍ഗാനു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍നിന്ന് ബോക്‌സിംഗിലേക്ക് വരികയാണ്. വാക്‌പോരാട്ടം നടത്താറുള്ള മത്സരാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി ഇരുവരും പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. പത്രസമ്മേളനത്തില്‍ എന്‍ഗാനുവിന് റൊണാള്‍ഡൊ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ച് സമ്മാനിച്ചു. കുടുംബസമേതം അന്നസ്‌റിന്റെ മത്സരം കാണാന്‍ ക്ഷണിക്കുകയും ചെയ്തു. 
അഞ്ച് കോടി ഡോളര്‍ പ്രൈസ് മണിക്കായാണ് മത്സരം. റിയാദ് സീസണിന്റെ തുടക്കമായാണ് മത്സരം. 10 റൗണ്ടുള്ള പോരാട്ടം ഡബ്ല്യു.ബി.സിയുടെ ഔദ്യോഗിക പോരാട്ടമായി തന്നെയാണ് നടത്തുന്നത്. ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ലോക ചാമ്പ്യനാണ് ഫുറി. എങ്കിലും ഫുറി തോറ്റാലും ഡബ്ല്യു.ബി.സി കിരീടം നഷ്ടപ്പെടില്ല. ഏകീകൃത ലോക ചാമ്പ്യനെ നിശ്ചയിക്കാന്‍ ഫുറിയും ഉക്രൈന്‍കാരന്‍ അലക്‌സാണ്ടര്‍ ഉസിക്കും റിയാദില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. 
യു.എഫ്.സിയിലെ വേറിട്ട പോരാളിയാണെങ്കിലും എന്‍ഗാനുവിന് അധികമാരും സാധ്യത കല്‍പിക്കുന്നില്ല. അവസാന യു.എഫ്.സി മത്സരം രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇതുവരെ ബോക്‌സിംഗ് പോരാട്ടത്തിന് ഇറങ്ങാതെയാണ് എന്‍ഗാനു ലോക ഹെവിവെയ്റ്റ് ചാമ്പ്യനെ നേരിടുന്നത്.

Latest News