ചെന്നൈ - ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായി മാറിയ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിന് തോറ്റതോടെ പാക്കിസ്ഥാന്റെ ലോകകപ്പ് സ്വപ്‌നം അസ്തമിക്കുന്നു. 20 പന്ത് കളിക്കാതെ ഓളൗട്ടായ പാക്കിസ്ഥാനെ നാടകീയമായ അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് മറികടന്നു. തുടര്‍ച്ചയായ നാലാമത്തെ മത്സരമാണ് പാക്കിസ്ഥാന്‍ തോല്‍ക്കുന്നത്. ദക്ഷിണാഫ്രിക്ക ആറു കളികളില്‍ അഞ്ചാം ജയം നേടി. സ്‌കോര്‍: പാക്കിസ്ഥാന്‍ 48.4 ഓവറില്‍ 270, ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒമ്പതിന് 271.
റണ്‍ചെയ്‌സുകളില്‍ കാലിടറാറുള്ള ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജിന്റെ (21 പന്തില്‍ 7 നോട്ടൗട്ട്) സംയമനമാണ് ലക്ഷ്യം കടത്തിയത്. പൊരുതിനിന്ന അയ്ദന്‍ മാര്‍ക്‌റം (93 പന്തില്‍ 91) പുറത്തായതോടെ പാക്കിസ്ഥാന്‍ ഈറ്റപ്പുലികളെ പോലെ വാലറ്റത്തിനു മേല്‍ ചാടിവീണിരുന്നു.
നേരത്തെ ക്യാപ്റ്റന്‍ ബാബര്‍ അസമും (65 പന്തില്‍ 50) സൗദ് ശഖീലും (52 പന്തില്‍ 52) അര്‍ധ സെഞ്ചുറി നേടിയെങ്കിലും പഴയകാല നിലവാരത്തിലാണ് പാക്കിസ്ഥാന്‍ മുന്നേറിയത്. ഓളൗട്ടാവുകയും ചെയ്തു.
റണ്‍ ചെയ്‌സ് ചെയ്യുമ്പോള്‍ കാലിടറാറുള്ള ദക്ഷിണാഫ്രിക്ക ഇത്തവണയും പരുങ്ങി. ക്യാപ്റ്റന്‍ തെംബ ബവൂമയും (27 പന്തില്‍ 28) ക്വിന്റന്‍ ഡികോക്കും (14 പന്തില്‍ 24) അതിവേഗമാണ് മറുപടി തുടങ്ങിയത്. റാസി വാന്‍ഡര്‍ഡസനും (39 പന്തില്‍ 21) മാര്‍ക്‌റമും കടിഞ്ഞാണേറ്റെടുത്തു. എന്നാല്‍ പതിയെ പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് വന്നു. ഹയ്ന്റിക് ക്ലാസനും (10 പന്തില്‍ 12) ഡേവിഡ് മില്ലറുമൊക്കെ (33 പന്തില്‍ 29) പുറത്തായി.
എങ്കിലും മാര്‍ക്‌റം ക്രീസിലുള്ളേടത്തോളം ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് ചുവട് വെക്കുകയായിരുന്നു. ജയത്തിന് 21 റണ്‍സ് വേണമെന്നിരിക്കെ നാല്‍പത്തൊന്നാം ഓവറില്‍ മാര്‍ക്‌റമിനെ സ്പിന്നര്‍ ഉസാമ മിര്‍ പുറത്താക്കിയതോടെ കളി ആവേശത്തിലായി. അതേ സ്‌കോറില്‍ ജെറാള്‍ഡ് കീറ്റ്‌സിയും (10) പത്ത് റണ്‍സിന് ശേഷം സ്വന്തം ബൗളിംഗില്‍ ഹാരിസ് റഊഫിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ലുന്‍ഗി എന്‍ഗിഡിയും (4) വീണു. ആ ഓവറിലെ അവസാന പന്തില്‍ തബരൈസ് ശംസിയും പുറത്തായി ദക്ഷിണാഫ്രിക്ക ഓളൗട്ടാവേണ്ടതായിരുന്നു. പാക്കിസ്ഥാന്റെ റിവ്യൂയില്‍ ശംസി എല്‍.ബിയായതായി വ്യക്തമായെങ്കിലും തലനാരിഴക്ക് പന്ത് പിച്ച് ചെയ്തത് മുന്നിലായതിനാല്‍ അമ്പയേഴ്‌സ് കോളായി. ഫീല്‍ഡ് അമ്പയര്‍ വിധിച്ചത് നോട്ടൗട്ടായതിനാല്‍ ശംസിയും ദക്ഷിണാഫ്രിക്കയും രക്ഷപ്പെട്ടു.
അതോടെ പെയ്‌സ്ബൗളര്‍മാരുടെയെല്ലാം ക്വാട്ട കഴിഞ്ഞു. സ്പിന്നര്‍മാരെ പന്തേല്‍പിക്കേണ്ടി വന്നു. മുഹമ്മദ് നവാസിന്റെ മൂന്നാമത്തെ പന്ത് ബൗണ്ടറി കടത്തി കേശവ് മഹാരാജ് വിജയം പിടിച്ചെടുത്തു.
നേരത്തെ ശാദബ് ഖാന് ഫീല്‍ഡിംഗിനിടെ തലയിടിച്ചതിനാല്‍ കണ്‍കഷന്‍ സബ്ബായി വന്ന ഉസാമ മീറാണ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയത്. റാസി വാന്‍ഡര്‍ഡസനെയും മാര്‍ക്‌റമിനെയും മീര്‍ പുറത്താക്കി.
ബാറ്റിംഗില്‍ പാളി
അമ്പതോവര്‍ പൂര്‍ണമായി ബാറ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതാണ് പാക്കിസ്ഥാന് വിനയായത്. 20 പന്ത് ശേഷിക്കെ അവര്‍ 270 ന് ഓളൗട്ടായി. ടൂര്‍ണമെന്റില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ തബരൈസ് ശംസിയാണ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തത് പാക്കിസ്ഥാനെ ചെറിയ സ്‌കോറിലൊതുക്കിയത്. പെയ്‌സ്ബൗളര്‍ മാര്‍ക്കൊ യാന്‍സന്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ലോകകപ്പ് സ്വപ്‌നം വീണ്ടെടുക്കാന്‍ ഈ മത്സരം പാക്കിസ്ഥാന്‍ ജയിക്കേണ്ടിയിരുന്നു. അതിനാല്‍ ടോസ് നേടിയ ശേഷം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താമെന്ന പ്രതീക്ഷയില്‍ ബാറ്റിംഗാണ് തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ ബാബര്‍ അസമും (65 പന്തില്‍ 50) മധ്യനിര ബാറ്റര്‍ സൗദ് ശഖീലും (52 പന്തില്‍ 52) ശാദബ് ഖാനും (36 പന്തില്‍ 43) പൊരുതിയെങ്കിലും മുന്നൂറ് കടക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. ഇത്രയും സ്‌കോര്‍ ചെയതതു തന്നെ ശഖീലും ശാദബും ആഞ്ഞടിച്ചതിനാലാണ്. സ്‌കോര്‍ 141 ലുള്ളപ്പോള്‍ അസം പുറത്തായ ശേഷം ശഖീലും ശാദബും 71 പന്തില്‍ 84 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ശാദബ് രണ്ട് തവണ സിക്‌സര്‍ പായിച്ചു.
യാന്‍സനാണ് പാക്കിസ്ഥാന്റെ മുന്‍നിര തകര്‍ത്തത്. ഓപണര്‍മാരായ അബ്ദുല്ല ശഫീഖിനെയും (9) ഇമാമുല്‍ ഹഖിനെയും (12) ഏഴോവര്‍ പിന്നിടും മുമ്പെ യാന്‍സന്‍ പറഞ്ഞുവിട്ടു. ബാബര്‍ അസമും ഫോമിലുള്ള മുഹമ്മദ് രിസവാനുമാണ് (27 പന്തില്‍ 31) രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇഫ്തിഖാര്‍ അഹമ്മദുമൊത്ത് മറ്റൊരു 43 റണ്‍സ് കൂടി ബാബര്‍ അസം നേടി. ഇരുവരെയും ശംസി പുറത്താക്കി. ഇഫ്തിഖാര്‍ ലോംഗോണില്‍ പിടികൊടുത്തു. സ്വീപ് ചെയ്യാനുള്ള ശ്രമത്തിലാണ് ബാബര്‍ വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ച് സമ്മാനിച്ചത്.
അതോടെ ശഖീലും ശാദബും കടിഞ്ഞാണേറ്റെടുത്തു. നാല്‍പതാം ഓവറില്‍ ശാദബിനെ പുറത്താക്കി പെയ്‌സ്ബൗളര്‍ ജെറാള്‍ഡ് കീറ്റ്‌സിയാണ് അപകടകരമായ കൂട്ടുകെട്ട് അവസാനിപ്പിച്ചത്. ശഖീലിനെ ശംസി മടക്കി.






