ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടി സെയ്‌വ്, യുനൈറ്റഡിന് ജയം

പാരിസ് - ഇഞ്ചുറി ടൈമില്‍ ആന്ദ്രെ ഒനാന പെനാല്‍ട്ടി രക്ഷപ്പെടുത്തിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ കോപന്‍ഹാഗനിലെ മത്സരത്തില്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മടങ്ങി. ഹോയ്‌ലന്റ് സഹോദരന്മാര്‍ ഇരുവശത്തുമായി അണിനിരന്ന മത്സരത്തില്‍  1-0 നാണ് എഫ്.സി കോപന്‍ഹാഗനെ അവര്‍ തോല്‍പിച്ചത്. ഗ്രൂപ്പ് എ-യില്‍ യുനൈറ്റഡിന്റെ ആദ്യ പോയന്റാണ് ഇത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ഹാരി മഗ്വയറാണ് ഹെഡറിലൂടെ സ്‌കോര്‍ ചെയ്തത്. 97ാം മിനിറ്റില്‍ കോപന്‍ഹാഗന് പെനാല്‍ട്ടി ലഭിച്ചെങ്കിലും ജോര്‍ദാന്‍ ലാര്‍സന്റെ ഷോട്ട് ഒനാന രക്ഷിച്ചു. ലാര്‍സന്റെ പിതാവ് ഹെന്റിക് കുറച്ചുകാലം യുനൈറ്റഡിന്റെ കളിക്കാരനായിരുന്നു. സ്‌കോട് മക്ടോമിനായിയുടെ ഷോട്ട് ബോക്‌സില്‍ മുഹമ്മദ് അല്‍യൂനുസിയുടെ കൈയില്‍ തട്ടിയതിനായിരുന്നു പെനാല്‍ട്ടി. 
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കയ്‌നിന്റെ ഗോളില്‍ ബയേണ്‍ മ്യൂണിക് ഗലതസറായിയെ കീഴടക്കി. ബയേണിന്റെ മൂന്നാം വിജയമാണ് ഇത. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബയേണ്‍ തുടര്‍ച്ചയായ പതിനാറാം മത്സരമാണ് ജയിക്കുന്നത്. ആറു വര്‍ഷമായി ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റിട്ടില്ല. 

Latest News